Europe Pravasi Switzerland

“ഈ ബോംബ് പൊട്ടിയാൽ നമ്മൾക്ക് എന്തെങ്കിലും സംഭവിക്കുമോ?”- ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ് പതിമൂന്നാം ഭാഗം

ബാംഗ്ലൂർ ഡേയ്‌സ്-13

അവാർഡ് ദാനം 

പരുന്തുംകൂട് ശശി ശാന്തസ്വഭാവമുള്ള, ആരോടും വഴക്കുകൂടാത്ത ഒരു വ്യക്തിയായിട്ടാണ് അറിയപ്പെട്ടിരുന്നത്.ഇപ്പോൾ ഇങ്ങനെ ഒരു പെരുമാറ്റം എന്തുകൊണ്ടാണ് എന്ന് ആർക്കും മനസിലായില്ല.ശശിയുടെ പ്രകടനം കണ്ട് എല്ലാവരും ഭയത്തിൻറെ മുൾമുനയിലായി ,ശശിയെ അനുനയിപ്പിക്കാൻ പലരും പലതും പറയുന്നുണ്ട്.  ഇനി എന്താണ് സംഭവിക്കുക എന്ന് നോക്കിയിരിക്കുകയാണ് എല്ലാവരും.

“പാവം പ്രസിഡണ്ട്,ഇനി പുള്ളിക്കാരനെ നമ്മൾക്ക് കാണാൻ കഴിയുമോ?”

“ഈ ബോംബ് പൊട്ടിയാൽ നമ്മൾക്ക് എന്തെങ്കിലും സംഭവിക്കുമോ?”

“ഞാൻ അങ്കമാലിക്കാരനാണ് ഞങ്ങളുടെ നാട്ടിൽ ബോംബ് ഇല്ല അതുകൊണ്ട് ബോംബ് പൊട്ടുന്നത് ഞാൻ കണ്ടിട്ടില്ല,”എന്നൊക്കെ ചിലർ തട്ടിവിടുന്നുണ്ട്.

പരുന്തുംകൂട് ശശിയുടെ പ്രകടനംകണ്ട് ആർക്കും ഒന്നും മനസ്സിലായില്ല.

“തുറക്ക്”.

ഞാൻ ഒരു കടലാസ്സ് പൊതി തുറന്നു.നല്ല ഒന്നാന്തരം പഴുത്ത സേലം മാങ്ങ പായ്ക്ക് ചെയ്തുവച്ചിരിക്കുന്നു .ശശി നാട്ടിൽപോയപ്പോൾ വാങ്ങിക്കൊണ്ടുവന്നതാണ്.ഒരൊറ്റ നിമിഷം,എല്ലാവരുംകൂടി പരുന്തുംകൂട് ശശിയുടെ മുകളിലേക്ക് ചാടിവീണു.

ജോർജ്‌കുട്ടി വിളിച്ചുപറഞ്ഞു,”ദുഷ്ടന്മാരെ,സെക്രട്ടറിയെ മറക്കാൻപാടില്ല.അദ്ദേഹത്തിനെ ബഹുമാനിക്കണം.”

“ഇനി എൻ്റെ പുതിയ കവിത, മാമ്പഴം കണ്ട കാക്ക, ചൊല്ലിക്കേൾപ്പിക്കാം”മഹാകവി പരുന്തുംകൂട് ശശി തൻ്റെ പുതിയ കവിത പ്രസിദ്ധീകരിക്കുന്നതിന് ഒരു ഇൻട്രോ ആയി പ്ലാൻ ചെയ്തതായിരുന്നു ഈ ബഹളം എല്ലാം.

ശശി കവിതയുടെ കാര്യം പറഞ്ഞതും അവിടെ ആകെ നിശബ്ദത പരന്നു.

ശശി തലഉയർത്തിനോക്കുമ്പോൾ പ്രസിഡണ്ടും സെക്രട്ടറിയും മാത്രമുണ്ട്.സെക്രട്ടറി പറഞ്ഞു,”ഇത് നല്ല ആശയം ആണ്,ബഹളമുണ്ടായാൽ നമ്മുക്ക് ശശിയെക്കൊണ്ട് കവിതചൊല്ലിച്ചാൽ ബഹളമുണ്ടാക്കുന്നവർ സ്ഥലം വിട്ടോളും.”

” ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷന് ഒരു ലെറ്റർ പാഡും രസീത് ബുക്കും സംഘടിപ്പിക്കണം.”ജോർജ് കുട്ടി പറഞ്ഞു.ഞാൻ കേട്ടതായി ഭാവിച്ചതേയില്ല.

“ഞാൻ പറഞ്ഞത് താൻ കേട്ടില്ലേ?”ജോർജ് കുട്ടി വീണ്ടും എന്നോട് ചോദിച്ചു.

“കേട്ടു,പക്ഷെ,അത് സെക്രട്ടറിയും ട്രഷററും കൂടി ചെയ്യേണ്ട ജോലിയാണ്.ഞാൻ പ്രസിഡണ്ട്, അതായത് താൻ പറഞ്ഞിരുന്നതു പോലെ എവിടെ ഒപ്പിടണം എന്ന് പറഞ്ഞാൽ ഒപ്പ് ഇടും.”

അടവ് ഫലിക്കുന്നില്ല എന്ന് ജോർജ് കുട്ടിക്ക് മനസ്സിലായി.വൈകുന്നേരം ജോർജ് കുട്ടി കോൺട്രാക്ടർ രാജനെ കണ്ടപ്പോൾ പറഞ്ഞു,”എനിക്ക് ട്രഷറർ ജോലിയും സെക്രട്ടറി ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. ഞാൻ വളരെ തിരക്കിലാണ്. അതു കൊണ്ട് താൻ  ട്രഷറർ ആയിക്കോ.”

രാജൻ കേട്ടപാടെ സമ്മതിച്ചു.

“അപ്പോൾ ഞാൻ പുതിയ സൂട്ട് വാങ്ങിക്കണം  അല്ലെ?”

“അതെന്തിനാ?”

“പത്രത്തിൽഫോട്ടോ വരുമ്പോളൊരു ചെത്ത് വേഷം ആയിക്കോട്ടെ.”

“അതിന് ചരമം കോളത്തിൽ അത്ര പത്രാസ്സുവേണോ?”

“ജോർജ്‌കുട്ടി,ആളെ വെറുതെ കോഴിയാക്കരുത്.അല്പം ബഹുമാനം ട്രഷറർക്കും കൊടുക്കാം.അതല്ല സംഘടന പിളർത്തിയേ അടങ്ങൂ  എന്നാണെങ്കിൽ നമ്മുക്ക് കാണാം.”രാജൻ ചൂടായി.

“ശരി,എന്നാൽ നമ്മൾക്ക് ലെറ്റർ ഹെഡ് അടിപ്പിക്കണം,രസീത് ബുക്ക് വേണം അതെല്ലാം തയ്യാറാക്കാൻ ഞാൻ ട്രഷററെ  ഏൽപ്പിക്കുന്നു.”

രാജൻ പറഞ്ഞു ,”ശരി,ഒരു ഇരുനൂറ്റമ്പത് രൂപ വേണം,ഇപ്പോൾ എൻ്റെ കയ്യിൽ കാശില്ല.ഞാൻ ഒരു കോൺട്രാക്ട് കൊടുത്തിട്ടുണ്ട്.കിട്ടിയാൽ പിന്നെ പ്രശനമില്ല.”

ജോർജ് കുട്ടി എന്നെ നോക്കി.ഞാൻ  സൂര്യൻ അസ്തമിക്കുന്നതും നോക്കി നിൽക്കുകയാണ്.അതുകൊണ്ട് അവർ പറയുന്നത് ഒന്നും കേൾക്കുന്നില്ല.

ജോർജ് കുട്ടി പറഞ്ഞു.”എന്നാൽ കോൺട്രാക്ട് കിട്ടിയിട്ട് പ്രിൻറ് ചെയ്യിച്ചാൽ  മതി.എവിടെയാണ് കോൺട്രാക്ട് എടുത്തിരിക്കുന്നത്?എത്ര ലക്ഷം വരും?”

“ഇവിടെ ഒരു ഗൗഡയുടെയാണ് വർക്ക്.അവരുടെ പട്ടിക്കൂടിന് ഒരു വാതിൽ ഫിറ്റു ചെയ്യണം. ഇരുനൂറ്റമ്പത്‌  രൂപ ചോദിച്ചിട്ടുണ്ട്.നൂറ്റമ്പത് ആയാളും പറയുന്നു. നടന്നാൽ ഭാഗ്യം.”രാജൻ പറഞ്ഞു.

” ആരു നടക്കുന്ന കാര്യമാ പറയുന്നത്? കൂട്ടിൽ കിടക്കുന്ന പട്ടി എങ്ങോട്ട് നടക്കും.?”ജോർജ്‌കുട്ടി.

“പട്ടിയും ഗൗഡയും നടക്കുന്ന കാര്യമല്ല, കോൺട്രാക്റ്റ് നടക്കുമോ എന്നാണ് പറഞ്ഞത്. “രാജൻ വിശദീകരിച്ചു.

പ്രകൃതി സൗന്ദര്യം ആസ്വദിച്ചു  നിൽക്കുകയാണെങ്കിലും എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല..രാജൻ കോൺട്രാക്ടറെക്കൊണ്ട് കാര്യം നടക്കില്ല എന്നുറപ്പായി.രസീത് ബുക്കില്ലാതെ എങ്ങനെ പിരിവിന് ഇറങ്ങും?പിരിച്ചില്ലങ്കിൽ എങ്ങനെ ഓണം നടത്തും?

ഓണം ഇല്ലെങ്കിൽ എങ്ങനെ കലാപരിപാടികൾ നടത്തും?

ആരെയെങ്കിലും വീഴ്ത്തണം.”ശരി,നമുക്ക് ആലോചിക്കാം”, എന്ന് പറഞ്ഞു ജോർജ് കുട്ടി നടന്നു.ഞങ്ങൾ ബ്രദേഴ്‌സ് ബേക്കറിയുടെ മുൻപിൽകൂടി സി .എസ്സ്.ഐ.ചർച്ചിൻ്റെ  അടുത്തേക്ക് പോകുമ്പോൾ ബിഷപ്പ് ദിനകരൻ ഒരു കീറിയ ജീൻസും ഒരു ടീ ഷർട്ടും ധരിച്ചു് അവിടെ നിന്നു പ്രസംഗിക്കുന്നു.

“ഈശ്വരനെ തേടി ഞാൻ നടന്നു,അവിടെയുമില്ല  ഈശ്വരൻ,എവിടെയുമില്ല ഈശ്വരൻ,അവസാനം ഞാൻ എന്നിലേക്ക്‌ തിരിഞ്ഞു.”ദിനകരൻ കത്തി കയറുകയാണ്.ഒരു അൻപതുപേരോളം കേൾവിക്കാരായുണ്ട് .

“ഇത് കലാഭവനിലെ  ആബേലച്ചൻ എഴുതിയ പാട്ടല്ലേ?ഇതെങ്ങനെ തമിഴൻ ദിനകരൻ പ്രസംഗത്തിന്  ഉപയോഗിക്കുന്നു?”

,”ഇന്നലെ ദിനകരൻ പള്ളിയിൽ പ്രസംഗത്തിന് ഒരു പ്രസംഗം എഴുതി തരണമെന്ന് പറഞ്ഞു,ഞാൻ എഴുതിക്കൊടുത്തതാ.”

“കൊള്ളാം,നല്ല ബിഷപ്പ് തന്നെ.ഭാഗ്യമില്ലാത്ത ബിഷപ്പ്.”ഞാൻ പറഞ്ഞു.

“തലവര ,എങ്ങനെ ജീവിക്കേണ്ടതാണ്.ഒരു തൊപ്പിയൊക്കെ വച്ച് നല്ല പള പള  മിന്നുന്ന കുപ്പായം ഒക്കെ ഇട്ട് ചെത്തി നടക്കാൻ ഭാഗ്യം ഇല്ലാതെ പോയി.”

ഞാൻ പറഞ്ഞു, “എപ്പോഴാ ഭാഗ്യം വരിക എന്ന് ആര് അറിഞ്ഞു ?”

“ശരിയാ .നാട്ടിൽ പോയി താറാവ് വളർത്തിയാലോ എന്ന് പുള്ളിക്കാരന് ഒരഭിപ്രായം ഉണ്ട്. കാശുള്ള ബിഷപ്പ് ആകാൻ അരോ ഉപദേശിച്ചു കൊടുത്ത വഴിയാണ്.”

കുറച്ചു നേരം ഞങ്ങൾ അവിടെ നിന്നു പ്രസംഗം കേട്ടു .ജോർജ്കുട്ടി പറഞ്ഞു “ഇങ്ങനെ നിന്നാൽ പറ്റില്ല. ഓണം നടത്തേണ്ടതാണ്. എങ്ങിനെയെങ്കിലും ഫണ്ട് പിരിവ് തുടങ്ങണം. നമുക്ക് തൽക്കാലം കാഥികൻ രാധാകൃഷ്ണനെ വീഴിത്തി നോക്കാം.”

“നമുക്ക്? ഞാനില്ല.”

“തന്നെ കാണുമ്പോഴേ അറിയാം, ഒരു അരസികൻ ആണെന്ന്. ഓണം ആഘോഷിക്കേണ്ട, എന്നു പറയുന്ന ആദ്യത്തെ മറുനാടൻ മലയാളിയാണ് താൻ.”

“ഹേയ്, ഓണം വേണം. അതിന് എവിടെ ഒപ്പ് ഇടണം എന്നു പറഞ്ഞാൽ മതി.”

“കോമഡി കള .ഒരു പുതിയ പാർട്ടി വന്നിട്ടുണ്ട്.നമ്മക്ക് ഒന്നു ചാക്കിട്ടു നോക്കാം.. ഒരു ജോർജ് വർഗ്ഗീസ്. “

ഈ വിവരങ്ങൾ എല്ലാം എങ്ങനെ ജോർജ്‌കുട്ടിക്ക് കിട്ടുന്നു  എന്നായി എൻ്റെ സംശയം.

“ഇനി ജോർജ് വർഗീസിനെ കണ്ടുപിടിക്കണം”

“.അയാൾ എവിടെ കാണും?”

“മിക്കവാറും കോശിയുടെ ശ്രീവിനായക ബാറിൽ കാണും.”

തേടിച്ചെന്നു.ആവശ്യക്കാരന് ഔചിത്യമില്ല.ഞങ്ങളുടെ പ്ലാനും പദ്ധതികളും എല്ലാം യാതൊരു ചോദ്യവുമില്ലാതെ കേട്ട് നിശബ്ദനായി ഇരുന്നു ജോർജ് വർഗീസ്.അവസാനം ഒരു ചോദ്യം.”തൻ്റെ പേര് എന്താ?”

“ജോർജ് കുട്ടി.”

“ദൃശ്യത്തിലെ  ജോർജ് കുട്ടിയെ താൻ  തോൽപ്പിക്കും .അടവുകളുടെ കാര്യത്തിൽ.താൻ  ഒരു രണ്ട് ജോർജ്‌കുട്ടിയാണ്.കൂടെയുള്ള ശിഷ്യനും കൊള്ളാം.മക്കള് വേറെ ആളെ നോക്ക്,ഒന്ന് പോ മോനെ ദിനേശാ”.

ഒന്നും മിണ്ടാതെ അല്പസമയം നിന്നിട്ട് ജോർജ് കുട്ടി പറഞ്ഞു,”നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട.പക്ഷെ ഓണത്തിന് വരണം.പ്രോഗ്രാം  മോഡറേറ്റ്  ചെയ്യുന്നതിന് നിങ്ങളുടെ ശബ്ദം നല്ലതായിരുന്നു. പക്ഷെ താൽപര്യമില്ലെങ്കിൽ എന്ത് ചെയ്യാനാണ്?ഓണത്തിന് ഏതായാലും വരണം.”

ജോർജ് കുട്ടി നടന്നു.പിറകെ ഞാനും

.പുറകിൽ നിന്നും വിളിക്കുന്നു ,ജോർജ് വർഗീസ്.

“ജോർജ് കുട്ടി നിൽക്കൂ,കാശ് ഞാൻ തരാം.അപ്പോൾ അനൗൺസ്‌മെൻറ്  മോഡറേഷൻ എല്ലാം ഞാൻ, ഓക്കേ?”

ഇരുന്നൂറ് രൂപ ജോർജ് വർഗ്ഗീസ് പോക്കറ്റിൽ നിന്നും എടുത്ത് ജോർജ് കുട്ടിക്ക് കൊടുത്തു.

വാങ്ങി താങ്ക്സ്  പറഞ്ഞു നടക്കുമ്പോൾ അയാൾ വീണ്ടും വിളിച്ചു,ഞങ്ങൾ തിരിഞ്ഞു നിന്നു .”ഒരു കാര്യം ഉറപ്പായി,ദൃശ്യം ഒരു അഞ്ചെണ്ണം എങ്കിലും ഇറക്കാനുള്ള അടവുകൾ നിങ്ങളുടെ കയ്യിലുണ്ട്.,ഉറപ്പാ.ഒന്ന് പരിശ്രമിച്ചു നോക്ക്,തനിക്കുപറ്റിയ റോൾ കാണും.”

അയാൾ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു:

“കെണിഞ്ഞു,അയാളുടെ പാറപ്പുറത്തു് ചിരട്ട ഉരക്കുമ്പോളത്തെ ശബ്ദംകൊണ്ട് അനൗൺസ് ചെയ്താൽ ആളുകൾ പേടിച്ചോടും.അതുകൊണ്ട് അയാളെ ഒതുക്കാൻ എന്തെങ്കിലും അഭ്യാസം കണ്ടുപിടിക്കണം.”ജോർജ്‌കുട്ടി പറഞ്ഞു.എനിക്കും അതുതന്നെയായിരുന്നു അഭിപ്രായം.

ഭാഗ്യം പലപ്പോഴും ഞങ്ങളെ അന്വേഷിച്ചുവരും എന്നതാണ് ഞങ്ങളുടെ അനുഭവം.

ഞങ്ങളുടെ വീടിനടുത്തു ഒരു മലയാളി കോൾഡ് സ്റ്റോറെജ് തുടങ്ങുന്നു എന്ന അറിവ് ഞങ്ങളെ  പുളകം കൊള്ളിച്ചു.കോൾഡ് സ്റ്റോറേജ് തുടങ്ങുന്ന കോട്ടയംകാരൻ അവറാച്ചനെ ഞങ്ങൾ  തേടി കണ്ടുപിടിച്ചു എല്ലാം കേട്ടതിനുശേഷം  നൂറുരൂപയും രണ്ട് ഡസൻ   മുട്ടയും ഞങ്ങളെ ഏൽപ്പിച്ചു.കോഴിമുട്ട എന്തിനാണ് ഞങ്ങൾക്ക് സമ്മാനമായി തന്നത് എന്നുചോദിച്ചപ്പോൾ ,പരിപാടികഴിഞ്ഞു ജനറൽബോഡി നടക്കുമ്പോൾ ഓടാനുള്ള എനർജി വേണ്ടേ?എന്ന് മറുപടിയും വന്നു..

.അച്ചായനും സെൽവരാജനും പിരിവ് എപ്പോൾ തുടങ്ങാം എന്ന് ഇടയ്ക്കിടക്ക് അന്വേഷിച്ചുകൊണ്ടിരുന്നു.സെൽവരാജനോട് ജോർജുകുട്ടി പറഞ്ഞു,”അസോസിയേഷൻ ഭാരവാഹിത്വം  കിട്ടിക്കഴിഞ്ഞപ്പോൾ നീർക്കോലികളും പത്തിവിടർത്താൻ  തുടങ്ങി.”

“അതിന് നീർക്കോലിക്ക് പത്തിയുണ്ടോ ?”

“ഞാൻ ഒരു പഴഞ്ചൊല്ല്  പറഞ്ഞതാ.”

“ഇനി മേലാൽ പാമ്പിനെക്കുറിച്ചു പഴഞ്ചൊല്ല് പറയരുത്.ഒരു പാമ്പിനെ ഞാൻ വേലിയിൽനിന്ന്  എടുത്തിട്ട് കഷ്ടപെട്ടുപോയി.”

“സെക്രട്ടറിയുടെ പുളിച്ച പഴഞ്ചൊല്ല് കുറച്ചൊന്നും അല്ല അസോസിയേഷൻ മെമ്പർമാരെ  വിഷമിപ്പിക്കുന്നത്.അതുകൊണ്ട് പഴഞ്ചൊല്ലും ബൈബിൾ വായനയും നിർത്തണം.അല്ലെങ്കിൽ ഞാനും തുടങ്ങും ഈ അഭ്യാസം.സെൽവരാജന് ഒപ്പം അച്ചായനും കൂടി.

“താനെന്തിനാ ചൂടാകുന്നത്?പറ്റുമെങ്കിൽ താനും പറയൂ രണ്ടു പഴഞ്ചൊല്ല് “.

“ശരി,ഞാൻ ഒരു ചോദ്യം ചോദിക്കും ഉത്തരം പറഞ്ഞില്ലെങ്കിൽ ഒരു ഹാഫ് ബോട്ടിൽ മാക്ഡോവെൽസ്.അതിന് ധൈര്യമുണ്ടോ”

“ശരി”.

“ആകാശത്തു പറന്നു നടക്കും, ഭൂമിയിൽ പ്രസവിക്കും.ആ ജീവിയുടെ പേര് പറയൂ”

“നമ്മളുടെ ഗംഗാധരൻറെ ഭാര്യ.”

“പോടോ മണ്ടത്തരം പറയാതെ.?”

” എന്താ കുഴപ്പം?അവർ എയർ ഹോസ്റ്റസ് ആണ്,രണ്ട് കുട്ടികളും ഉണ്ട് “

“വെറുതെ വിഡ്ഢിത്തം പറഞ്ഞുകൊണ്ടിരിക്കാതെ ,ടൌൺ ഹാളിൽ ഒരു മലയാളം നാടകം ഇന്ന് അരങ്ങേറുന്നു. ഒരു പുതിയ അസോസിയേഷൻ നടത്തുന്ന നാടകം ആണ്.നമ്മൾക്ക് ഒന്നുപോയ് നോക്കാം”.അച്ചായൻ  പറഞ്ഞു.എല്ലാവർക്കും സമ്മതം.

ഞങ്ങൾ ടൗൺഹാളിൽ ചെല്ലുമ്പോൾ  മുൻനിരയിൽ ജോർജ് വർഗീസ്സ് ഇരിക്കുന്നു.

“നിങ്ങൾ ഇവിടെയും എത്തിയോ?”

ജോർജ് വർഗീസ്സിന് ഒരു ടയർ റീ ത്രെഡിങ് കമ്പനി ഉണ്ട്.നല്ല രീതിയിൽ അത് നടക്കുന്നുമുണ്ട്.പക്ഷെ വൈകുന്നേരം ആയാൽ പിന്നെ അയാൾ ഏതെങ്കിലും ബാറിൽ കയറും.പിന്നെ ബാർ അടക്കുന്നതുവരെ അവിടെയാണ് ജീവിതം.

നാടകം തുടങ്ങി.ക്ളൈമാക്സ് സീനിൽ പ്രധാന നടി കാമുകൻ്റെ  വേർപാടിൽ പൊട്ടിക്കരയുകയാണ്. ജോർജ് വർഗീസ് സ്റ്റേജിലേക്ക് ചാടി കയറി.”ഈ നാടകത്തിൽ ഏറ്റവും നന്നായി അഭിനയിച്ച നായികക്ക്   ഞാൻ ഒരു ക്യാഷ് അവാർഡ് കൊടുക്കുന്നു.”പോക്കറ്റിൽ കയ്യിട്ട്  ഒരു കെട്ട് കറൻസി കയ്യിലെടുത്തു.ഒരു ദിവസത്തെ റീ ത്രഡിങ് കമ്പനിയിലെ കളക്‌ഷൻ ആണ് .ആളുകൾ കൂകി ബഹളം ഉണ്ടാക്കി.

സംവിധായകൻ ഇടപെട്ട് രംഗം ശാന്തമാക്കി.നടി  ക്യാഷ് പ്രൈസ്  ഏറ്റുവാങ്ങി .

നാടകം  അവസാനിച്ചു.നാടക ട്രൂപ് സ്ഥലം വിട്ടു.സ്‌റ്റേജിൻ്റെ  പിൻഭാഗത്തുനിന്നും ഒരു ബഹളം കേട്ട് ഞങ്ങൾ ചെന്ന് നോക്കി.

“എനിക്ക് എൻ്റെ പൈസ തിരിച്ചുകിട്ടണം .നിങ്ങൾക്കുവേണ്ടിയാണ് ഞാൻ ക്യാഷ് അവാർഡ് കൊടുത്തത്.നാളെ ജോലിക്കാർക്ക് കൂലി കൊടുക്കാനുള്ളതാണ്:”മദ്യത്തിൻ്റെ  കെട്ട് ഇറങ്ങി സുബോധം തിരിച്ചുകിട്ടിയ ജോർജ് വർഗീസ്സ് പുലമ്പിക്കൊണ്ടിരുന്നു.

ഞങ്ങൾ പതുക്കെ പിൻവലിഞ്ഞു.

“ഇനി അയാൾ തന്ന ഇരുനൂറ് രൂപ തിരിച്ചു ചോദിച്ചെങ്കിലോ?”

ഞങ്ങൾ മുങ്ങി .

PREVIOUS PART OF BAGLORE DAYS-