Kerala

എൽഡിഎഫിനെ പിന്തുണച്ച് യാക്കോബായ; സമ​ദൂര നിലപാടുമായി ഓർത്തഡോക്സ്; നിലപാട് വ്യക്തമാക്കി ക്രൈസ്തവ സഭകൾ

തെരഞ്ഞെടുപ്പിന് മൂന്ന് നാൾ ബാക്കിനിൽക്കെ നിലപാട് വ്യക്തമാക്കി ക്രൈസ്തവ സഭകൾ. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരോക്ഷമായി പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ പ്രഖ്യാപിച്ചപ്പോൾ വിലപേശലിന് ഇല്ലെന്നും സമദുര നിലപാടാണെന്ന് ഓർത്തഡോക്സ് സഭയും വ്യക്തമാക്കി. വിഴിഞ്ഞം സമരത്തിന് ശേഷം അകൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ ലത്തീൻ സഭയും രംഗത്ത് വന്നു

ക്രൈസ്തവ സഭകളുടെ വോട്ടുകൾ പെട്ടിയിലാക്കാൻ മുന്നണികൾ പ്രയത്നിക്കുന്നതിനിടെയാണ് സഭകൾ നിലപാടുകൾ തുറന്ന് പറഞ്ഞ് തുടങ്ങിയത്. ആദ്യം രംഗത്ത് വന്നത് യാക്കോബായ സഭ. പ്രതിസന്ധികളിൽ ഒപ്പം നിന്നവരെ തിരിച്ചും സഹായിക്കണമെന്ന് മെത്രോപൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് ട്വന്റിഫോറിനോട് പറഞ്ഞു.

എന്നാൽ തെരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് സഭയ്ക്ക് സമദൂര നിലപാടാണ്. ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണെന്നും. മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ സഭാ വിശ്വാസികളുടെ മനസിൽ ഉണ്ടെന്നും സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

അതേസമയം വിഴിഞ്ഞം സമരത്തിന് ശേഷം അക്കൗണ്ടുകൾ മരിവിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിലപാടിനെതിരെ ലത്തീൻ സഭ അതിരൂപത ബിഷപ് തോമസ് ജെ നെറ്റോ രംഗത്ത് വന്നു. പള്ളികളിൽ ഇന്നലെ അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ച് സർക്കുലറും വായിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സഭകൾ അവരുടെ നിലപാടുകൾ വ്യക്തമാക്കും.