India Kerala

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതില്‍ സാവകാശം തേടി കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍

എംപാനൽ ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സാവകാശ ഹരജി നൽകി. ഉത്തരവ് നടപ്പാക്കാനുള്ള കാലപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൂന്നാഴ്ചത്തെ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1565 എംപാനല്‍ ഡ്രൈവര്‍മാരെ ഏപ്രില്‍ 30നകം പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചത്. ഡ്രൈവർമാരെ കൂട്ടത്തോടെ പരിച്ചുവിട്ടാല്‍ അത് സർവ്വീസിനെയും കെ.എസ്.ആർ.ടിസിയുടെ നിലനിൽപ്പിനെയും ബാധിക്കുമെന്ന് കെ.എസ്.ആർ.ടി.സി നല്‍കിയ സാവകാശ ഹരജിയില്‍ പറയുന്നു.

സ്ഥിരം ജീവനക്കാരെ നിയമിക്കുന്നത് കോര്‍പറേഷന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാലാണ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി താല്‍കാലിക ജീവനക്കാരെ നിയമിച്ചത്. ഇതിന് കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ട്. വിധി നടപ്പാക്കാന്‍ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും സമയം ദീര്‍ഘിപ്പിച്ച് നല്‍കണം. സുപ്രിംകോടതിയില്‍ പ്രത്യോക ഹരജി നല്‍കിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയില്‍ എത്തിയിട്ടില്ലെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു.

കെ.എസ്.ആർ.ടി.സിയുടെ ആവശ്യം ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇതിനിടെ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി അടിയിന്തിരമായി പിരഗണിക്കമെന്ന കോര്‍പറേഷന്‍റെ ആവശ്യം കോടതി നിരാകരിച്ചു. കെ.എസ്.ആർ.ടി.സി ഹൈക്കോടതിയില്‍ സാവകാശ ഹരജി നല്‍കിയ പശ്ചാത്തലത്തില്‍ എംപാനല്‍ ഡ്രൈവര്‍മാരെ ഉടന്‍ പിരിച്ചുവിടില്ലെന്നാണ് സൂചന.