Association Pravasi Switzerland

പുതുവർഷ സമ്മാനമായി മഡഗാസ്‌ക്കറിലെ മംഗരിവോത്ര എന്ന ഗ്രാമത്തിലെ സ്‌കൂളിന് സഹായഹസ്‌തവുമായി ലൈറ്റ് ഇൻ ലൈഫ്.

മഡഗാസ്‌ക്കറിലെ മംഗരിവോത്ര എന്ന ഗ്രാമത്തിലെ കുട്ടികൾക്ക് സന്തോഷിക്കാൻ കാരണമുണ്ട്. ഈ വർഷം അവർക്ക് മൂന്നു ക്ലാസ് മുറികൾ ആണ്, പുതുവർഷ സമ്മാനമായി ലഭിക്കുന്നത്. തികച്ചും പരിതാപകരമായ അവസ്ഥയിൽ, സ്ഥിരമായ മേൽക്കൂരയില്ലാത്ത ഷെഡ്ഡുകളിലാണ് ഇപ്പോൾ ഇവരുടെ ക്ളാസുകൾ നടക്കുന്നത്. നിലവിലുള്ള മംഗരിവോത്രയിലെ വിൻസെന്റ് ഡി പോൾ സ്‌കൂളിൽ ഇപ്പോൾ 72 കുട്ടികളും പഠിപ്പിക്കാൻ നാല് അധ്യാപകരുമാണുള്ളത്. കിന്റർഗാർട്ടൻ മുതൽ നാല് വരെയുള്ള ക്ളാസുകൾ കഴിഞ്ഞിരിക്കുകയാണ് . സ്‌കൂളിൽ അടുത്ത അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസ് തുടങ്ങുവാൻ ആഗ്രഹിക്കുന്നു. നിലവിലെ അവസ്ഥയിൽ പുതിയ ക്ലാസ് മുറികൾ അടിയന്തരമായി ആവശ്യമാണ്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ്, സ്വിറ്റ്സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ് എന്ന ജീവകാരുണ്യ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കിയ , മലയാളികൂടിയായ മഡഗാസ്‌ക്കറിലെ പോർട്ട് ബെർഗ് രൂപതയുടെ ബിഷപ്പ് മാർ ജോർജ് പുതിയകുളങ്ങര, സംഘടനയുമായി ബന്ധപ്പെടുന്നത്. സാഹചര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ സംഘടനാ പ്രവർത്തകർ,അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം മൂന്നു ക്ലാസ് മുറികൾ പുതുവർഷ സമ്മാനമായി നിർമ്മിച്ച് നൽകുവാൻ തീരുമാനിക്കുകയും അതിലേക്കു ആവശ്യമായ തുക (CHF 16,000) ഉടനടി അനുവദിക്കുകയും ആയിരുന്നു.

മഡഗാസ്‌ക്കർ എന്ന പ്രസിദ്ധമായ അനിമേഷൻ സിനിമ 2005 മുതൽ ആസ്വദിച്ചവർ കുറച്ചൊന്നുമല്ല. ആ സിനിമ കണ്ടിട്ടുള്ളവരൊന്നും ആ ഭൂപ്രദേശത്തിന്റെ മനോഹരമായ കാഴ്ചകൾ മറക്കില്ല. വർഷങ്ങൾ 15 പിന്നിടുമ്പോൾ മഡഗാസ്‌ക്കറിന്റെ ചിത്രം ആകെ മാറി മറിയുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ വന്ന മാറ്റമാണ് ഈ നാടിനെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചതിന്റെ പ്രധാന കാരണം എന്ന് വിലയിരുത്തപ്പെടുന്നു. പ്രകൃതി രമണീയമായ കാഴ്ചകളൊന്നും ഇപ്പോൾ കാണാനില്ല, എന്തിനധികം, കുടിവെള്ളം പോലും ലഭ്യമല്ലാത്ത നാട്ടിൽ ഒട്ടുമിക്ക പ്രദേശങ്ങളിലും നല്ല സ്‌കൂളുകളോ, കെട്ടിടങ്ങളോ വിദ്യാഭ്യാസം പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെ ഇപ്പോൾ ഇല്ല എന്നതാണ് വാസ്തവം.

അതേസമയം, സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ പണി കഴിപ്പിക്കുന്ന നാലാമത്തെ സ്‌കൂളിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിലെ പിന്നോക്ക പ്രദേശമായ ലെങ്പുയി പ്രവിശ്യയിൽ നിർമ്മിക്കുന്ന സ്‌കൂളിന്, നിയന്ത്രണ ചുമതലയുള്ള MSFS ഗുവാഹത്തി പ്രവിശ്യയിലെ പ്രൊവിൻഷ്യൽ റവ. ഡോ. സാബു ഫ്രാൻസിസ് നവംബർ 12 നു തറക്കല്ലിട്ടു. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുനടത്തിയ ചടങ്ങുകളിൽ വിവിധ തുറയിലുള്ള പ്രാദേശിക പ്രതിനിധികളും പങ്കെടുത്തിരുന്നു.നിരാലംബരായ ഇരുന്നൂറിൽപരം കുട്ടികൾക്ക് ആദ്യവർഷം തന്നെ പ്രയോജനപ്പെടുന്ന സ്‌കൂളിന്റെ നിർമ്മാണം പതിനെട്ടു മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലൈറ്റ് ഇൻ ലൈഫ്, ഇതിലേക്കുള്ള ആദ്യ ഗഡുവായ നാല്പതു ലക്ഷം രൂപ (CHF 50,000) കൈമാറി.

ന്യൂസ്, ലൈറ്റ് ഇൻ ലൈഫ്.