World

പുടിനുമായി സംസാരിക്കാൻ തയാർ, യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രം; സെലന്‍സ്‌കി

യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. പുടിനുമായി സംസാരിക്കാന്‍ താന്‍ തയാറാണെന്നും സെലന്‍സ്‌കി പറഞ്ഞു.

‘ യുദ്ധം നിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഒരു ശതമാനം അവസരമുണ്ടെങ്കില്‍, ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ചര്‍ച്ചയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി. പുടിനുമായി സംസാരിക്കാന്‍ തയാറാണ്’- സെലന്‍സ്‌കി പറഞ്ഞു.

എന്നാൽ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തെ അര്‍ത്ഥമാക്കുമെന്ന് സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ അധിനിവേശം നാലാമത്തെ ആഴ്ചയിലാണ്. നിരവധിപ്പേര്‍ ഇതിനോടകം കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാന ചര്‍ച്ചകളില്ലാതെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് താൻ കരുതുന്നു. മരിയുപോളിലെ അഭയാര്‍ത്ഥി കേന്ദ്രമായ സ്‌കൂളില്‍ ഇന്ന് റഷ്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. 400 ഓളം പേര്‍ക്ക് അഭയം നല്‍കിയിരുന്ന സ്‌കൂള്‍ മുഴുവനായും ആക്രമണത്തില്‍ തകര്‍ന്നു. സമാധാന ചര്‍ച്ച നടന്നില്ലെങ്കില്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ആഗോള യുദ്ധത്തിലേക്ക് വളരുമെന്നും സെലന്‍സ്‌കി ആവര്‍ത്തിച്ചു.

ചർച്ചകൾ തുടരുമ്പോഴും യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുകയാണ്.റഷ്യൻ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതൽ ഇതുവരെ യുക്രൈനിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർഥികൾ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകൾ എത്തിയത് പോളണ്ടിലേക്കാണ്.