Kerala

പരാജയപ്പെട്ടെങ്കിലും അഭിമാനിക്കാം, ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും കേരളത്തിൻ്റെ അഭിമാനമായി മാറാൻ ടീമിന് സാധിച്ചു. മികവ് നിലനിർത്താനും അടുത്ത തവണ കിരീടം കരസ്ഥമാക്കാനും കഴിയട്ടെയെന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ ജേതാക്കളായി ഹൈദരാബാദ് എഫ്.സി മാറി. മൂന്നാം ഫൈനലിൽ ഭാഗ്യം തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് വീഴ്ത്തിയാണ് ഹൈദരാബാദ് ആദ്യ കിരീട നേട്ടം. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശിൽപി.

ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കാണാനായത്. നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 1-1 ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. എ.ടി.കെ മോഹ്വൻ ബഗാൻ, ചെന്നൈയിൻ എഫ്.സി, ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നീ ടീമുകൾക്ക് ശേഷം ഐ.എസ്.എൽ ജേതാക്കളാകുന്ന അഞ്ചാമത്തെ ടീമാണ് ഹൈദരാബാദ്.