Technology

‘ഐഫോൺ 12’ എത്തി; ആപ്പിളിന് ഇനി 5ജി യുഗം

ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ആപ്പിൾ പുതിയ ഐഫോൺ മോഡൽ പുറത്തിറക്കി. അഞ്ചാംതലമുറ ഫീച്ചറാണ് ഐഫോൺ 12 ന്‍റെ പ്രത്യേകത. ആപ്പിളിന്റെ ആദ്യ 5G മൊബൈൽ ഫോൺ ആണിത്.

ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നാല് വകഭേദങ്ങൾ ഈ മോഡലിനുണ്ട്. ഐഫോൺ 12 നൊപ്പം ഐഫോൺ 12 മിനി എന്ന പേരിൽ ചെറിയ മൊബൈൽ ഫോണും ഇതിൽ ഉൾപ്പെടും. ഏറ്റവും ചെറിയ ഫൈവ് ജി ഫോണാണ് മിനി എന്ന് ആപ്പിൽ അവകാശപ്പെടുന്നു.

മൂന്ന് ക്യാമറകളുള്ള ഐഫോൺ 12 പ്രോ, വലിപ്പം കൂടിയ മാക്സ് എന്നീ മോഡലും വേറെ. നൈറ്റ് ടൈംലാപ്സ് ഷൂട്ടിങ്, ലോലൈറ്റ് ഫോട്ടോഗ്രഫി എന്നിവയാണ് ക്യാമറകളുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. ലോലൈറ്റ് ഷൂട്ടിങിൽ 87 ശതമാനം പുരോഗതി ആപ്പിൾ അവകാശപ്പെടുന്നു. വയർലൈസ് ചാർജർ പോലുള്ള അനുബന്ധ വസ്തുക്കളെ കാന്തശക്തിയിൽ ചേർത്തുനിർത്തുന്ന മാഗ്സേഫ് എന്ന ഫീച്ചർ, സൂപ്പർ റെറ്റന XDR ഡിസ്പ്ലേ, വീഴ്ചകളുടെ ആഘാതം കുറക്കുന്ന സെറാമിക് ഷീൽഡ് എന്നിവ ഈ മോഡലിലുണ്ടാകും.

പ്രഫഷണൽ വീഡിയോ, ഫോട്ടോഗ്രാഫി എന്നിവ സാധ്യമാക്കുന്ന ആപ്പിൾ പ്രോ റോ, 10 ബിറ്റ് എച്ച് ഡി ആർ വീഡിയോ എന്നിവയാണ് പ്രോ വേർഷനുകളുടെ പ്രത്യേകത. കൂടുതൽ ഓഗ്മെന്‍റഡ് റിയാലിറ്റി, ലൈഡാർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഫീച്ചറുകളും ഇവ അവകാശപ്പെടുന്നു. ഐഫോൺ 12, മിനി വേർഷനുകൾ ഈമാസം വിപണിയിലെത്തും. പ്രോ, മാക്സ് വേർഷനുകൾ നവംബറിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

699 ഡോളർ മുതൽ 1099 ഡോളർ വരെയാണ് വിവിധ വേരിയന്‍റുകളുടെ വില. യു എ ഇയിൽ 2,999 ദിർഹം മുതൽ 4,699 ദിർഹം വരെയാണ് പ്രീ ഓർഡർ വില. ചാർജിങ് അഡാപ്ടറും ഹെഡ്ഫോണും ഒഴിവാക്കിയാണ് പുതിയ മോഡൽ എത്തുന്നത്. പരമാവധി പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പുതിയ നടപടി.