Kerala

ലൈഫ് വിവാദത്തിന് പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക

നിയമ വിരുദ്ധമായ നിയമനങ്ങളും സ്ഥിരപ്പെടുത്തലും അനുവദിക്കാൻ പാടില്ലെന്ന് കാട്ടി ഐഎഎസ് കാരുടെ ഗ്രൂപ്പില്‍ വന്ന സന്ദേശം ഇതിന് തെളിവാണ്.

ലൈഫ് വിവാദം സിബിഐ, വിജിലന്‍സ് അന്വേഷണത്തിലേക്ക് അടക്കം നീങ്ങിയതോടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക. നിയമ വിരുദ്ധമായ നിയമനങ്ങളും സ്ഥിരപ്പെടുത്തലും അനുവദിക്കാൻ പാടില്ലെന്ന് കാട്ടി ഐഎഎസ് കാരുടെ ഗ്രൂപ്പില്‍ വന്ന സന്ദേശം ഇതിന് തെളിവാണ്. നിയമനങ്ങളും സ്ഥിരപ്പെടുത്തലും ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കുന്ന കോടതി വിധികള്‍ അടക്കമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഗ്രൂപ്പില്‍ സന്ദേശമിട്ടത്.

സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളും നിയമനങ്ങളും വിവാദത്തിലേക്കും പിന്നീട് കേസുകളിലേക്ക് എത്തുമ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നത് ഉദ്യോഗസ്ഥരാണ്. ലൈഫില്‍ ഉന്നത ഉദ്യോഗസ്ഥരെ സിബിഐ അടക്കമുള്ള അന്വേഷണ സംഘങ്ങള്‍ ചോദ്യം ചെയ്യുകയും ചില നിയമനങ്ങള്‍ വിവാദമാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചത്. ഇതിന്‍റെ തെളിവാണ് കഴിഞ്ഞ ദിവസം ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഇട്ട സന്ദേശം. “ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും നിയമനവുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ ഞാൻ കാണുന്നു. ഇതിനൊപ്പം അയച്ചിരിക്കുന്ന പട്ടിക എല്ലാവരും നോക്കണമെന്ന് അപേക്ഷിക്കുന്നു, നിയമവിരുദ്ധമായ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുകയോ അനുവദിക്കുകയോ ചെയ്യരുത്” എന്നതായിരുന്നു സന്ദേശം.

സര്‍ക്കാരിന്‍രെ അവസാന കാലമായതോടെ മിക്ക വകുപ്പുകളിലും തിരക്കിട്ട നിയമനങ്ങളും സ്ഥിരപ്പെടുത്തലും നടക്കുന്നത് കൂടി പരിഗണിച്ചാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മുന്നറിയിപ്പ്. നിയമനങ്ങളും സ്ഥിരപ്പെടുത്തലും ചട്ടവിരുദ്ധമെന്ന് വ്യക്തമാക്കുന്ന ഉമാദേവി കേസിലെ വിധി അടക്കം പരാമർശിക്കുന്ന വിവിധ ഉത്തരവുകൾ ഉൾക്കൊളളുന്ന 8 പേജുളള പിഡിഎഫ് ഫയലും ഗ്രൂപ്പിലിട്ടിരുന്നു. ഇതേതുടര്‍ന്ന് മറ്റ് ഉദ്യോഗസ്ഥരും ഇക്കാര്യത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.