SCIENCE

ശനി ഗ്രഹത്തിന്റെ അത്യപൂര്‍വമായ ചിത്രം; ഗംഭീര സര്‍പ്രൈസുമായി നാസ

ശൂന്യാകാശത്തെ അത്ഭുതക്കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഗംഭീര സര്‍പ്രൈസ് ഒരുക്കി നാസയുടെ ജെയിംസ് വെബ് ടെലിസ്‌കോപ്പ്. ശനി ഗ്രഹത്തിന്റെ വലിയ പ്രത്യേകതയായ വലയങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ കാണിച്ചുതരുന്ന ഒരു അപൂര്‍വചിത്രമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശനിഗ്രഹത്തിന്റെ ഈ ഇന്‍ഫ്രാറെഡ് ചിത്രം ഗ്രഹത്തിന് ചുറ്റുമുള്ള ചില പാറ്റേണുകളും പകര്‍ത്തിയിട്ടുണ്ട്. വളയങ്ങള്‍ വളരെയധികം പ്രകാശിക്കുന്നതായി ജെയിംസ് വെബ് ടെലിസ്‌കോപ്പ് ചിത്രം തെളിയിക്കുന്നു.

ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ ശനി ഗ്രഹം വളരെ ഇരുണ്ടതായാണ് കാണപ്പെടുന്നത്. മീഥെയ്ന്‍ വാതകം പ്രകാശത്തെ ആഗിരണം ചെയ്യുന്നതാണ് അതിന് കാരണം. എങ്കിലും ഗ്രഹത്തിന് ചുറ്റുമുള്ള വളയങ്ങള്‍ നന്നായി പ്രകാശിച്ച് നില്‍ക്കുന്നതായും ചിത്രത്തില്‍ കാണാം. ഇത് ശനി ഗ്രഹത്തിന്റെ ചിത്രത്തിന് വശ്യമായ ഭംഗി നല്‍കുന്നുണ്ടെന്നും നാസ പറഞ്ഞു.

20 മണിക്കൂര്‍ നീണ്ട നിരീക്ഷണ ഓപ്പറേഷനിലാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ് ഈ ചിത്രമെടുത്തത്. ശനിയുടെ അറിയപ്പെടുന്ന 145 ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണമായ എന്‍സെലാഡസ്, ഡയോണ്‍, ടെത്തിസ് എന്നിവയും ചിത്രത്തില്‍ ദൃശ്യമാകുന്നുണ്ട്.