Association Pravasi Switzerland

ജൂബിലിവർഷത്തിൽ രണ്ട് വൻപദ്ധതികളുമായി ലൈറ്റ് ഇൻ ലൈഫ് – ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ഒക്‌ടോബർ 21 ന് സംഗീതസന്ധ്യ അരങ്ങേറുന്നു

അശരണർക്കും ആലംബഹീനർക്കും കരുത്തും കരുതലുമായി, ജീവിതവീഥിയിൽ പ്രകാശമായി, പത്താം വർഷം ആഘോഷിക്കുകയാണ് സ്വിറ്റ്സർലന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്.


2013 ൽ എളിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച സംഘടന, പത്താംജൂബിലി ആഘോഷിക്കുമ്പോൾ തികച്ചും അഭിമാനകരമായ ചില നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുന്നു.


സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ പ്രാദേശിക പരിധികളോ ജാതി മത വേർതിരിവുകളോ ഇല്ലാതെ ഏറ്റെടുക്കുകയും, സമയ ബന്ധിതമായി പ്രാവർത്തികമാക്കുകയും ചെയ്താണ് ലൈറ്റ് ഇൻ ലൈഫ് മുന്നേറുന്നത്. അടിസ്ഥാന – ഉപരി വിദ്യാഭ്യാസ മേഖലകളിൽ കേരളത്തിലും, ഇന്ത്യയിലെ ഏഴ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നൂറുകണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകവഴി അവരുടെ ജീവിതത്തിന് ഒരു അടിത്തറ കെട്ടിപ്പടുക്കുവാൻ സംഘടന പ്രത്യേക ശ്രദ്ധചെലുത്തുന്നു. കൂടാതെ ആസാം, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ നിർമ്മിച്ച് നൽകുകവഴി, വർഷംതോറും രണ്ടായിരത്തിൽപരം കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള വഴി തുറന്നുകൊടുത്തു.

വർഷംതോറും ഇരുന്നൂറിൽപരം കുട്ടികൾക്കുള്ള പഠനം, താമസസൗകര്യം, ഭക്ഷണം ഉൾപ്പെടെയുള്ള പ്രത്യേക സ്‌പോൺസർഷിപ് പദ്ധതിയും, നാല്പതിൽപരം വിദ്യാർത്ഥികൾക്കുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസപദ്ധതിയും ലൈറ്റ് ഇൻ ലൈഫ് പ്രാവർത്തികമാക്കുന്നുണ്ട്. അനാഥർക്കും ആലംബഹീനർക്കും അടച്ചുറപ്പുള്ള ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതിനോടകം 116 നിർദ്ധന കുടുംബങ്ങൾക് വീടുകൾ നിർമ്മിച്ചുകൊടുക്കുവാൻ സാധിച്ചു. ദ്വീപ് രാജ്യമായ മഡഗാസ്‌ക്കറിൽ, പുതിയ മൂന്ന്‌ ക്ലാസ്സ്മുറികൾ നിർമ്മിച്ച് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കം കുറിച്ചതും സംഘടനയുടെ പ്രവർത്തനങ്ങളിൽ എടുത്തുപറയേണ്ടതാണ്.

ജൂബിലിആഘോഷങ്ങളുടെ ഭാഗമായി മഡഗാസ്കറിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി സ്കൂൾ കെട്ടിടവും അതുപോലെ ഒന്നാംഘട്ടത്തിൽ മുപ്പത് കുടുംബങ്ങൾക്കായി കേരളത്തിൽ ഭവനസമുച്ചയവും നിർമ്മിക്കാനുള്ള രണ്ട് വൻപദ്ധതികളാണ് ലൈറ്റ് ഇൻ ലൈഫ് വിഭാവനം ചെയ്യുന്നത്.

പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം, ഇന്ത്യയിൽനിന്നെത്തുന്ന പ്രശസ്തരും പ്രഗൽഭരുമായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീതസന്ധ്യ 2023 ഒക്‌ടോബർ 21ന് 8542 Wiesendangen/ ZH ൽ അരങ്ങേറുന്നു. മലയാള സിനിമാസംഗീതരംഗത്ത് 30 വർഷം ആഘോഷിക്കുന്ന അനുഗൃഹീത ഗായകൻ ബിജു നാരായണൻ, സ്റ്റാർ സിംഗർ ഫെയിം ഡോ. വാണി ജയറാം, തെലുങ്ക്, മലയാളം സിനിമാസംഗീതവേദിയിൽ പ്രതിഭ തെളിയിച്ച ഗായിക സുലേഖ കപാടൻ (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), നാദവിസ്മയം തീർത്ത പുല്ലാങ്കുഴൽ വിദ്വാൻ രാജേഷ് ചേർത്തല , മലയാളത്തിലെ റിയാലിറ്റിഷോകളിലും, സ്റ്റേജ്‌ഷോകളിലും സജീവസാന്നിധ്യമായ ജനപ്രിയ വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യർ എന്നിവരും, കഴിവും പ്രതിഭയും തെളിയിച്ച മറ്റു നാല് സംഗീതജ്ഞരും „മ്യുസിക് ഓഫ് ലൈഫ്“ എന്ന സംഗീതസന്ധ്യയുടെ വേദിയിൽ എത്തുന്നു.


ഈ സംഗീതസന്ധ്യയിലേക്ക്, സഹൃദയരായ എല്ലാവരുടെയും സഹകരണവും സാന്നിദ്ധ്യവും സാദരം ക്ഷണിക്കുന്നതിനോടൊപ്പം പദ്ധതികളുടെ നടത്തിപ്പിനുവേണ്ട ചെറുതും വലുതുമായ സാമ്പത്തികസഹായം നൽകി നിങ്ങളും ഈ ജീവകാരുണ്യപ്രവർത്തനത്തിന്റെ പങ്കാളികളാകുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
ലൈറ്റ് ഇൻ ലൈഫിന്റെ പദ്ധതിയിലേക്ക് നൽകുന്ന സംഭാവനകൾ, മുൻവർഷങ്ങളിലെപ്പോലെതന്നെ, പൂർണമായും പദ്ധതിനടത്തിപ്പിലേക്ക് വിനിയോഗിക്കപ്പെടും എന്ന് ഞങ്ങൾ ഉറപ്പുതരുന്നു. അതുപോലെ നിങ്ങളുടെ സംഭാവനകൾ സ്വിറ്റസർലൻഡിലെ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി, നികുതി ഇളവിന് അർഹമാണ്.