Gulf

സൗദി അറേബ്യ ഹജ്ജിനുള്ള മുന്‍ഗണനാക്രമം പ്രഖ്യാപിച്ചു; ആരോഗ്യ-സുരക്ഷാ ജീവനക്കാര്‍ക്ക് മുന്‍ഗണന

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും രോഗം ബാധിച്ച് ഭേദമായവര്‍ക്കുമായിരിക്കും സ്വദേശികളില്‍ നിന്ന് മുന്‍ഗണന ലഭിക്കുക

സൗദി അറേബ്യ ഇത്തവണത്തെ ഹജ്ജ് കര്‍മ്മത്തിന് പരിഗണിക്കുന്നവര്‍ക്കുള്ള മുന്‍ഗണനാ ക്രമം പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും രോഗം ബാധിച്ച് ഭേദമായവര്‍ക്കുമായിരിക്കും സ്വദേശികളില്‍ നിന്ന് മുന്‍ഗണന ലഭിക്കുക. വിദേശികളെ അതാത് രാജ്യത്തിന്റെ എംബസികള്‍ വഴി തെരഞ്ഞെടുക്കും.

സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്തന്‍ ആണ് ഹജ്ജിനുള്ള മുന്‍ഗണനാക്രമം പ്രഖ്യാപിച്ചത്. സ്വദേശികളില്‍ നിന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നതിനിടെ രോഗം ബാധിച്ച് ഭേദമായ ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ പരിഗണന ലഭിക്കുക. കോവിഡ് ബാധിച്ച് ഭേദമായ സ്വദേശികളായ സാധാരണക്കാര്‍ക്കും മുന്‍ഗണനയനുസരിച്ച് ഹജ്ജിന് അവസരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിനകത്തുള്ള വിദേശികള്‍ക്കും ഇതേ പരിഗണനകള്‍ നല്‍കിയായിരിക്കും മുന്‍ഗണന നിശ്ചയിക്കുക. എന്നാല്‍ വിദേശികളെ തെരഞ്ഞെടുക്കുന്നതിനുള്ള അനുവാദം അതത് രാജ്യങ്ങളുടെ എംബസികള്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനം പതിനായിരം പേരില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കും ഇത്തവണ അനുവാദം നല്‍കില്ലെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. തീര്‍ത്ഥാടകരുടെ സേവനത്തിനായി പുണ്യ കേന്ദ്രങ്ങളില്‍ പ്രത്യേക ആശുപത്രികളും സജ്ജീകരിക്കും.