Kerala

തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; ലംഘിച്ചാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കും

വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയം അനുവദിച്ചു. നിര്‍ദേശത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നതിനാല്‍ ചാല, പാളയം മാര്‍ക്കറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി തുറക്കേണ്ട കടകള്‍ നിശ്ചയിച്ചു

കോവിഡ് സമൂഹ വ്യാപനം തടയാന്‍ തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കും. നിയമങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ഇന്നലെ നാല് പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

സമൂഹ വ്യാപന സാധ്യത തടയുന്നതിനുള്ള കര്‍ശന നടപടികളാണ് തലസ്ഥാനത്ത് ജില്ലാഭരണകൂടവും നഗരസഭയും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയം അനുവദിച്ചത്. നിര്‍ദേശത്തില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നതിനാല്‍ ഇന്നലെ ചാല, പാളയം മാര്‍ക്കറ്റുകളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി തുറക്കേണ്ട കടകള്‍ നിശ്ചയിച്ച് നല്‍കിയിരുന്നു.

ഇന്ന് പച്ചക്കറി കടകള്‍ ഉണ്ടാകില്ല. കോഴിക്കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാനാണ് അനുമതി. മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലേ തുറക്കാവൂ. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നഗരസഭ കടക്കും.

ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച നാല് പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇതില്‍ ഒരാള്‍ തമിഴ്നാട് സ്വദേശിയാണ്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 75 ആയി. ജില്ലയിലാകെ 22,680 പേര്‍ നിരീക്ഷണത്തിലുണ്ട്. കരിക്കകത്തെ 91ആം നമ്പര്‍ വാര്‍ഡും കടകംപള്ളിയിലെ വാര്‍ഡ് നമ്പര്‍ 92ഉം കണ്ടെയ്ന്‍മന്‍റ് സോണുകളാണ്.

ഇന്നലെ 152 പേര്‍ക്ക് കോവിഡ്

തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് രോഗികളുടെ എണ്ണം 100 കടന്നു. ഇതോടെ രോഗികളുടെ എണ്ണം 1691 ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും രോഗബാധ കണ്ടെത്തി. ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 15 പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 35 പേരുടേത് ഉള്‍പ്പെടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 81 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 1888 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

1,54,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി 14 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 111 ഹോട്ട്സ്പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.