Gulf

സൌദിയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുഴുവൻ സേവനങ്ങളും പുതിയ ടെർമിനലിലേക്ക് മാറ്റി

സൌദിയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനതാവളത്തിലെ മുഴുവൻ സേവനങ്ങളും പുതിയ ടെർമിനലിലേക്ക് മാറ്റി. ഇനി മുതൽ എല്ലാ വിമാനങ്ങളും പുതിയ ടെർമിനലിൽ നിന്നായിരിക്കും സർവ്വീസ് നടത്തുക. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ സൌദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ തന്നെ വിവിധ ഘട്ടങ്ങളിലായി ആഭ്യന്തര സര്‍വ്വീസുകളും, ചില അന്തർദേശീയ സർവ്വീസുകളും പുതിയ ടെർമിനലിൽ നിന്ന് ആരംഭിച്ചിരുന്നു.

ഇനി മുതൽ എല്ലാ വിമാനങ്ങളും പുതിയ, ഒന്നാം നമ്പർ ടെർമിനലിൽ നിന്നായിരിക്കും സർവ്വീസ് നടത്തുക. ലോകോത്തര നിലവാരത്തിലാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം. മേഖലയിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. 8,10,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വിമാനതാവളത്തിന് പ്രതിവര്‍ഷം 30 മില്ല്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ആഗോള തലത്തിൽ തന്നെ വളരെ അപൂർവ്വം വിമാനത്താവളങ്ങളിൽ മാത്രം കണ്ട് വരുന്ന ഓട്ടോമാറ്റഡ് ട്രൈൻ സർവ്വീസും പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഇത് വഴി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ യാത്രക്കാരെ അന്തർദേശീയ സർവ്വീസുകൾക്കുള്ള ലോഞ്ചിലേക്കും തിരിച്ചും എളുപ്പത്തിൽ കൊണ്ടുപോകാൻ സാധിക്കും. യാത്രാ നടപടികൾ പൂർത്തീകരിക്കുന്നതിന് വിമാന കമ്പനികൾക്കായി 220 കൌണ്ടറുകളും, 80 സെൽഫ് സർവ്വീസ് ഉപകരണങ്ങളുമാണ് പുതിയ ടെർമിനലിൽ സജ്ജീകരിച്ചത്.