Gulf

സൗദിയിൽ നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് ഇന്ത്യക്കാർ കസ്റ്റഡിയിൽ

സൗദിയിൽ നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് ഇന്ത്യക്കാർ കസ്റ്റഡിയിൽ. സൗദിയിലെ അബഹയിൽ ജോലി ചെയ്യുന്ന സുഹൃത്തിനായി നാട്ടിൽ നിന്നും കൊണ്ട് വന്ന മരുന്നാണ് നിരോധിത മരുന്നുകളുടെ പേരിൽ പിടിക്കപ്പെട്ടത്.

തമിഴ്‌നാട്ടുകാരനായ മുരുകൻ ഗണപതി തേവരും സുഹൃത്തുമാണ് അശ്രദ്ധമൂലം പിടിയിലായിരിക്കുന്നത്. അബഹയിൽ ജോലി ചെയ്യുന്ന മുരുകൻ അസുഖം കാരണം നാട്ടിൽ പോകുകയും പരിശോധനയിൽ തലയിലെ ഞരമ്പിന് തകരാറ് സംഭവിച്ചതായും കണ്ടെത്തിയിരുന്നു. അവധി കഴിഞ്ഞ അദ്ദേഹം തിരിച്ചു വരുമ്പോൾ ആവശ്യത്തിനുള്ള ഗുളികകളും കൊണ്ടു വന്നിരുന്നു. പിന്നീട് ആറ് മാസത്തിനകം അസുഖം വീണ്ടും വരികയും നാട്ടിൽ നിന്ന് കുടുംബം ഒരു സുഹൃത്ത് വശം ഗുളിക കൊടുത്തയകയും ചെയ്തു. ഇതാണ് എയർപോർട്ടിൽ പിടിക്കപ്പെട്ടത്.

പിന്നീട് ആവശ്യക്കാരനേയും വിളിച്ച് വരുത്തി കസ്റ്റഡിയിൽ എടുത്ത് മയക്കുമരുന്ന് വിഭാഗത്തിന് കൈമാറുകയായിരുന്നു. തുടർന്ന് കുടുംബത്തിന്റെ അഭ്യർത്ഥനയ്ക്ക് പിന്നാലെ വിദേശകാര്യ മന്ത്രാലയം എംബസിയെ വിവരം ധരിപ്പിക്കുകയും കോൺസുലേറ്റ് അസീർ വെൽഫയർ അംഗം അഷ്‌റഫ് കുറ്റിച്ചലിന്റെ അന്വേഷണത്തിൽ യുവാക്കളെ ആന്റി ഡ്രഗ്‌സിന് കൈമാറിയതായി വിവരം ലഭിച്ചു.

മറ്റൊരു കേസിൽ നിയന്ത്രിതമായ മരുന്ന് കൈവശം വച്ചതിന് അബഹയിലെ മകന്റെ അടുത്ത് വിസിറ്റ് വിസയിൽ എത്തി കുടുംബസമേതം ഉംറ തീർത്ഥാടകനത്തിനിടെ തിരുർ സ്വദേശിയായ അറുപത്തി അഞ്ചുകാരനെ പിടികൂടിയിരുന്നു. ഇയാൾ ഇപ്പോൾ അൽബഹയിൽ കസ്റ്റഡിയിലാണ്. ഭാര്യയുടെ അസുഖത്തിനായ് കൈയിൽ കരുതിയ ഗുളികയാണ് നിയന്ത്രിത വിഭാത്തിൽ പെട്ടതിന്റെ പേരിൽ പിടിക്കപ്പെട്ടത്. ഇവ സ്ട്രിപ്പ് പൊട്ടിച്ച് പേപ്പറിൽ പൊതിഞ്ഞതിനാൽ മരുന്നിന്റെ മതിയായ രേഖകളും പായ്കറ്റുകളും ഇല്ലാത്തതും വിനയായി. ഇവ റിയാദിലെ ലാബിലേക്ക് പരിശോദനക്ക് അയച്ചിരിക്കയാണ് അതിന്റെ റിസൾട്ട് കിട്ടുന്നത് വരെ ഇദേഹം കസ്റ്റഡിയിൽ കഴിയേണ്ടിവരും.

ഇതേ കേസിൽ അബഹയിൽ ജോലി ചെയ്യുന്ന മറ്റൊരു മലായാളിയും ഏതാനും ദിവസം മുൻപ് ഉംറ യാത്രക്കിടെ അൽബഹയിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയുന്നുണ്ട്. നാട്ടിൽ നിന്നും സൗദിയിലേയ്ക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും കൊണ്ടുവരുന്ന മരുന്നുകൾ സൗദിയിൽ നിയന്ത്രണ വിധേയമാണോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. രാജ്യത്ത് മയക്കുമരുന്നിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി നടക്കുന്ന പരിശോധനയിൽ നിരവധി കുറ്റകൃത്യങ്ങളാണ് പിടിക്കപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉംറ യാത്രക്കാരേയും മറ്റും പരിശോധിക്കുന്നത് കർശനമാക്കിയത്.