World

വിജയം വരെ പൊരുതും; പ്രതീക്ഷ കൈവിടാതെ സെലന്‍സ്‌കി

യുക്രൈനില്‍ പത്താം ദിവസവും റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ പ്രതീക്ഷ കൈവിടാതെ യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി. വിജയം നേടുന്നത് വരെ പൊരുതുമെന്ന് സെലന്‍സ്‌കി പ്രതികരിച്ചു. വാരാന്ത്യങ്ങള്‍ യുക്രൈനിലില്ല. കലണ്ടറിലും ഘടികാരത്തിലും ഉള്ളതിനല്ല പ്രാധാന്യമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. രാജ്യത്തോടുള്ള പുതിയ അഭിസംബോധനയിലാണ് യുക്രൈന്‍ പ്രസിഡന്റിന്റെ പ്രതികരണം.

യുദ്ധഭീതി ഉടനെ ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈനില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് ഉടന്‍ മടങ്ങിയെത്താനുള്ള സാഹചര്യമുണ്ടാകും. പലായനം ചെയ്തവരെ സ്വാഗതം ചെയ്ത പോളണ്ടിന്റെ നടപടിക്കും സെലന്‍സ്‌കി നന്ദിയറിയിച്ചു.

അതിനിടെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മരിയുപോളിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചു. റഷ്യ ഷെല്ലാക്രമണം തുടരുന്നതിനാലാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചതെന്ന് യുക്രൈന്‍ അറിയിച്ചു. മരിയുപോളില്‍ ഇപ്പോഴും റഷ്യ കനത്ത ഷെല്ലാക്രമണം തുടരുകയാണെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.

യുക്രൈന്‍ നഗരമായ സുമിയില്‍ നിന്ന് സ്വന്തം നിലയില്‍ യാത്ര തിരിക്കരുതെന്ന് ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അപകട സാഹചര്യം ഒഴിവാക്കണമെന്നും എംബസി നിര്‍ദേശിച്ചു.