Kerala

കെ റെയില്‍ വിശദീകരണം; പ്രതിഷേധിക്കാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍

കെ റെയില്‍ വിശദീകരണത്തിന് കോഴിക്കോട് എത്തിയ മുഖ്യന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കാന്‍ എത്തിയ യൂത്ത് ലീ​ഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂര്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി എത്തിയ പരിപാടിയിലെ തിരക്ക് കാരണം റോഡ് ബ്ലോക്കായത് ചോദ്യം ചെയ്ത് ബഹളമുണ്ടാക്കിയയാളെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം കെ. റെയിൽ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോസ്ഥനെ അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് എതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചെങ്ങന്നൂർ മുളക്കുഴയിൽ ഇന്നലെ ആയിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി സിൽവർ ലൈൻ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവിടെ സർവ്വേ നടക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.