World

ഫലസ്തീന്‍ തടവുകാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി ഇസ്രായേല്‍

ഫലസ്തീന്‍ തടവുകാരുടെ ജീവിതം അത്യന്തം ദുരിതത്തിലാക്കി ഇസ്രായേല്‍. കുടിവെള്ളത്തിനും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതു സുരക്ഷാ മന്ത്രി ഗിലാഡ് എര്‍ഡന്‍ പ്രഖ്യാപിച്ച പുതിയ നിയമത്തിലാണ് ഈ മാറ്റങ്ങള്‍. നീക്കത്തിനെതിരെ ഫലസ്തീന്‍ രംഗത്തെത്തി.

തടവുകാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കാനായി ഏഴ് മാസം മുമ്പ് രൂപീകരിച്ച കമ്മിറ്റി നിശ്ചയിച്ച നിയമമാണ് ഗിലാര്‍ഡ് എര്‍ഡന്‍ പ്രഖ്യാപിച്ചത്. ഭീകരത ആരോപിച്ച് ഇസ്രായേല്‍ തടവിലിട്ടവരുടെ ജീവിതം നരകതുല്യമാക്കുന്നതാണ് പുതിയ നിയമം. ഫലസ്തീന്‍ അതോറിറ്റിക്കുള്ള ഫണ്ട് നിര്‍ത്തലാക്കുക, വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടു വരിക, ടെലിവിഷന്‍ കാണുന്നത് കുറക്കുക, ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഇസ്രായേല്‍ പാര്‍‌ലമെന്റ് അംഗങ്ങള്‍ക്ക് ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കുന്നതിനും വിലക്കുണ്ട്. ഹമാസുമായി ബന്ധപ്പെട്ട കേസുകളില്‍ തടവില്‍ കഴിയുന്നവര്‍ക്ക് ബന്ധുക്കളെ കാണുന്നതിന് നേരത്തെ തന്നെ നിയന്ത്രണം ഉണ്ടെന്ന് അദ്ദേഹം ന്യായികരിച്ചു. ഫത്താഹുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ക്കുള്ള നിയന്ത്രണമാണ് ഹമാസിന് കൂടെ ബാധകമാക്കിയിരുന്നത്.

നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നാല്‍ ഏത് വിധേനേയും അത് ചെറുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇസ്രയേല് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ഏതാനും ആഴ്ചകള്‍ക്ക് അകം നിയമം പ്രാബല്യത്തില്‍ വരും.

ഫലസ്തീനികള്‍ക്ക് നേരെ എന്തും ചെയ്യാന്‍ അധികാരമുണ്ടെന്ന പോലെയാണ് ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഫലസ്തീനിയന്‍ നാഷണല്‍ ഇനീഷ്യേറ്റീവ് പാര്‍ട്ടി നേതാവ് മുസ്തഫ ബര്ഗൌതി പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ഇസ്രയേലിന്റെ പ്രവര്‍ത്തനം. ഇത് മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5500 ഫലസ്തീന്‍ തടവുകാരാണ് ഇസ്രായേലില്‍ ഉള്ളത്. 230 കുട്ടികളും 54 സ്ത്രീകളും ഉള്‍പ്പെടെയാണിത്.