World

ബുർക്കിന ഫാസോ ഇരട്ട ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ വ്യാഴാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളിൽ 44 പേർ കൊല്ലപ്പെട്ടതായി അധികൃതർ. നൈജർ അതിർത്തിക്കടുത്തുള്ള സഹേൽ മേഖലയിലെ കുറകൗ, തോണ്ടോബി ഗ്രാമങ്ങളിലാണ് ഇരട്ട ആക്രമണം നടന്നത്. ഗ്രാമത്തിൽ കടന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് ജിഹാദി അക്രമങ്ങൾ പതിവാണെന്നും സായുധരായ ഭീകര സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും അധികൃതർ. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നിന്ദ്യവും പ്രാകൃതവുമായ ആക്രമണമാണ് നടന്നതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സഹേൽ മേഖലയിലെ ലെഫ്റ്റനന്റ് ഗവർണർ റോഡോൾഫ് സോർഗോ പറഞ്ഞു.

ആക്രമണത്തിൽ മറ്റ് ഗ്രാമീണർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്, എന്നാൽ അവരുടെ കൃത്യമായ എണ്ണം അറിവായിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചതിന് രണ്ട് ജിഹാദികളെ ഗ്രാമവാസികൾ കൊലപ്പെടുത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ആക്രമണമെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ജൂണിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ട സെയ്റ്റെംഗ ഗ്രാമത്തിന് സമീപമാണ് വ്യാഴാഴ്ച രാത്രി കൊലപാതകങ്ങൾ നടന്നത്.