HEAD LINES World

ഗാസയിലെ ജനങ്ങൾക്ക് നേരിയ ആശ്വാസം; ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തി വിടും

തുടർച്ചയായി ബോംബുകളും മിസൈലുകളും വീഴുന്ന ഗാസയിലേക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കാൻ അനുമതി. ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തു വിടും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് 20 ട്രക്കുകളിലെ സഹായം മതിയാവില്ലെന്നുറപ്പാണ്. ( Egypt president agrees to open the Rafah crossing )

ബന്ദികളെ മോചിപ്പിക്കാതെ ഇസ്രയേൽ വഴി സഹായം കടത്തിവിടില്ലെന്ന് നെതന്യാഹു അറിയിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി ബൈഡൻ ഫോണിൽ സംസാരിച്ചതിനെ തുടർന്ന് റഫാ അതിർത്തി തുറന്നുകൊടുക്കാമെന്ന് ഈജിപ്ത് ഉറപ്പു നൽകി. റഫ അതിർത്തിയിൽ 200 ട്രക്കുകൾ 3000 ടൺ സഹായവുമായി കാത്തു കിടപ്പാണ്. 100 ട്രക്കുകൾക്കെങ്കിലും ഗാസയിലേക്ക് അനുമതി നൽകണമെന്ന് രക്ഷാ സമിതിയിൽ യുഎൻ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതി നിലച്ച ഗാസയിലേക്ക് ഇന്ധനം കടത്തിവിടുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. കയറ്റി വിടുന്നവ ഹമാസ് പിടിച്ചെടുത്താൽ റഫ കവാടം അടയ്ക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ആക്രമണമുണ്ടായ അൽ അഹ് ലി അറബ് ബാപ്റ്റിസ്റ്റ് ആശുപത്രിക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടപ്പാണ്. ഇന്ധനമില്ലാത്തതിനാൽ യന്ത്ര സഹായത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനാവാത്തത് പ്രതിസന്ധിയാണ്.

അതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിലെത്തി. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ തലവന്മാരേയും ഋഷി സുനക് കാണും. യുഎസ് കോൺഗ്രസിനെ ജോ ബൈഡൻ ഇന്ന് അഭിസംബോധന ചെയ്യും.