World

യുക്രൈന്‍ ജനതയ്ക്കായി സഹായഹസ്തം; ഗുജറാത്തി ഗായകര്‍ പാട്ടുപാടി ശേഖരിച്ചത് 2.5 കോടി രൂപ

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈന്‍ ജനതയ്ക്ക് പിന്തുണ നല്‍കിയും അഭയാര്‍ത്ഥികളാകുന്നവര്‍ക്ക് സഹായം നല്‍കിയും നിരവധി പേരാണ് ലോകത്തെമ്പാടുനിന്നും മുന്നോട്ടുവരുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്. നിരവധി ലോകരാജ്യങ്ങളും ഈ ജനതയ്ക്ക് സഹായങ്ങള്‍ നല്‍കിവരുന്നു. ഒപ്പം വിവിധ സംഘടനകളുടെ സാമ്പത്തിക സഹായവും.

ഇപ്പോള്‍ യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി പാട്ടുപാടി ധനസമാഹരണം നടത്തുകയാണ് രണ്ട് ഗുജറാത്തി ഗായകര്‍. ഗായകരായ ഗീതാബെന്‍ റബാരിയും സണ്ണി ജാദവും നാടോടികളായി, പരമ്പരാഗത വേഷത്തില്‍ പാട്ടുപാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗുജറാത്ത് സ്വദേശികളാണെങ്കിലും അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഇവര്‍ പാടുന്ന വിഡിയോകളാണ് വൈറലായിരിക്കുന്നത്. പാട്ടുപാടുന്നതിനിടെ ഇവര്‍ക്ക് മുന്‍പില്‍ ധാരാണം പണം ആളുകള്‍ ഇട്ടുകൊടുക്കുന്നതും കാണാം. 2.5 കോടി രൂപയാണ് ഇവര്‍ പാട്ടുപാടി ശേഖരിച്ചത്.

മന്‍പസത്ത് എന്ന സംഘടന നയിക്കുന്ന മ്യൂസിക്കല്‍ ടൂറിന്റെ ഭാഗമായാണ് ഇവര്‍ യുഎസിലെത്തിയത്. യുഎസിലെ ഡാലസിലെ ദൃശ്യങ്ങള്‍ വൈറലായതോടെ അറ്റലാന്റ, ജോര്‍ജിയ എന്നിവിടങ്ങളില്‍ ഇരുവരും പരിപാടികള്‍ നടത്തിയതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. ചിതറിക്കിടക്കുന്ന നോട്ടുകള്‍ക്കിടയില്‍ താനും ജാദവും ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ റാബാരി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

ലോകമെമ്പാടും യുക്രൈന്‍ ജനതയെ സഹായിക്കാന്‍ നിരവധി പേരാണ് ഇത്തരത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അടുത്തിടെ, എഡ് ഷീറന്‍, കാമില കാബെല്ലോ തുടങ്ങിയ പോപ്പ് സൂപ്പര്‍സ്റ്റാറുകള്‍ ഇത്തരത്തില്‍ ധനസഹായം സ്വരൂപിക്കാന്‍ ബ്രിട്ടണില്‍ പരിപാടി നടത്തിയിരുന്നു. ഏതാണ്ട 12.2 ദശലക്ഷം പൗണ്ടാണ് അവര്‍ സമാഹരിച്ചത്.