Association Europe India Kerala National Pravasi Switzerland UK Uncategorized

പിണങ്ങാനല്ല പിണറായി ഇടങ്ങേറില്ലാതെ ഇണക്കത്തോടെ പറയുന്നവരാണ് സ്വിസ്സ് മലയാളികൾ .

പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിന് സ്വിസ്സ് മലയാളികളുടെ  തുറന്ന കത്ത് ..
നാലുനാൾ സ്വിറ്റ്സർലണ്ടിൽ തങ്ങിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  ഒരു മണിക്കൂർ എങ്കിലും ഇവിടെത്തെ തൊഴിലാളികളായ മലയാളികളെ കാണാൻ കൂട്ടാക്കാതിരുന്നത്  എന്തുകൊണ്ട്?അല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ അതിനു സൗകര്യം ഒരുക്കാതിരുന്നത് എന്തുകൊണ്ട് ? എന്തിനുവേണ്ടിയാണ്  അങ്ങയുടെ ഈ വിദേശയാത്രകൾ? സാധാരണക്കാരന്റെ നികുതിപ്പണത്തിൽ കുടുംബവും കൂട്ടവുമായി ഉലകം ചുറ്റി മോദിജിക്ക് പഠിക്കുകയാണോ? നികുതിദായകരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയിട്ട് വികസനം പഠിക്കാൻ ഈ വിദേശ കറക്കം ഭൂഷണമോ? ആരോഗ്യത്തിനായി അമേരിക്കയിലേക്കും, വികസനം കാണാൻ യൂറോപ്പിലേക്കും വരേണ്ടി വരുന്ന ഒരു അവസ്ഥ എത്ര ദയനീയം.

നവകേരള സൃഷ്ടിക്കായ് ബക്കറ്റും കൊടുത്ത് മന്ത്രി പുംഗവൻമാരേ മലയാളികളുള്ള എല്ലാ വിദേശരാജ്യങ്ങളിലേയ്ക്കും അയക്കാൻ മുതിർന്ന താങ്കൾക്ക് ഞങ്ങൾ പ്രവാസികൾ വെറും കറവപ്പശുക്കൾ മാത്രമാണോ? നവകേരള നിർമ്മിതിക്കായി പണം തന്ന ഞങ്ങൾക്ക് അങ്ങയോട് ചോദിക്കുവാനും പറയുവാനുമുള്ള അവകാശമില്ലേ? അതോ ഇവിടെ പാർട്ടിക്കാർ കുറവായതുകൊണ്ട് ഹിതകരമല്ലാത്ത ചോദ്യശരങ്ങളെ ചെറുക്കാനാവില്ലെന്ന ഭയമോ?

അങ്ങയുടെ സന്ദർശനത്തിലും ,ജനീവയിലെ പ്രകടനത്തിലും ഒക്കെ ഞങ്ങൾ സ്വിസ്സ് മലയാളികൾ രാഷ്ട്രീയത്തിനധീതമായി അഭിമാനം കൊള്ളുന്നു …ജനീവയിൽ വെച്ച് പ്രളയകാലത്തു കേരള മക്കൾ ഒറ്റക്കെട്ടായിരുന്നു എന്ന് അങ്ങ് പറഞ്ഞുവല്ലോ അതുപോലെ തന്നെ അങ്ങ് സ്വിസ്സ് മലയാളികളുടെ മനസ്സ് കാണുവാൻ ശ്രെമിച്ചിരുന്നെങ്കിൽ രാഷ്ട്രീയത്തിന് ഒരു പ്രസക്തിയുമുണ്ടാകുമായിരുന്നില്ല .അങ്ങയുടെ ജനീവ പ്രസംഗത്തെ പറ്റി ദുരന്ത നേതാവ് പറഞ്ഞപോലെയുള്ള പുകഴ്ത്തലുകൾ സ്വിസ്സ് മലയാളികളിൽ നിന്നും കിട്ടില്ലാ എന്ന് അറിയാവുന്നതുകൊണ്ടാണോ ഞങ്ങളെ ഒന്ന് കാണുന്നതിൽ നിന്നും പുറകോട്ടു പോയത് ….

ഇരുപത്തിയഞ്ചു വർഷണങ്ങൾക്കു മുൻപ് അങ്ങയുടെ നേതാവായിരുന്ന ശ്രീ നായനാർ സഖാവ് ഇവിടെ വന്നപ്പോൾ പാവങ്ങളായ ഞങ്ങളോടൊപ്പം കൂടിയതും ,സംവദിച്ചതും ,ഞങ്ങളിൽ ഒരാളായി മാറിയതും ,ഞങ്ങൾ കൊടുത്ത കഞ്ഞിയും പയറും ആവോളം കഴിച്ചതും ഞങ്ങളിലെ പഴമക്കാർ ഇന്നും ഓർക്കുന്നു സഖാവേ ,അപ്പോൾ ഞങ്ങളിൽ നിന്നും ഒളിച്ചോട്ടം നടത്തിയ സഖാവിനെ ഓർത്തു ഞങ്ങൾ ദുഖിക്കാതിരിക്കുമോ …

പ്രളയ ശേഷം അങ്ങയുടെ ദുരിതാശ്വാസഫണ്ടിലേക്കു ഇവിടുത്തെ എംബസി അനങ്ങാപ്പാറ നയം സ്വീകരിച്ചിട്ടും മറ്റു രാജ്യങ്ങളിലും മുന്നേ ഏറ്റവും ആദ്യ സഹായം  അത് ജനങ്ങളിൽ നിന്നും കിട്ടുന്നതിന് മുന്നേ അങ്ങയെ നേരിട്ട് ഏൽപിക്കുകയും കൂടാതെ   ഫണ്ടിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യുകയും ചെയ്ത സംഘടനകളുടെ നാടാണിതെന്നെങ്കിലും അങ്ങേക്ക് ഓർക്കമായിരുന്നില്ലേ .നവ കേരളം നിർമ്മാണത്തിനുള്ള പദ്ധതികൾ ജനീവയിൽ ചർച്ച ചെയ്യതപോലെ തന്നെ  സ്വിസ് മലയാളി സമൂഹത്തിനോടും അങ്ങയുടെ ആശയങ്ങൾ പങ്കിടുകയും വിശ്വാസം നേടുകയുമായിരുന്നില്ലേ ചെയേണ്ടിയിരുന്നത് .. അതോ  പെൻഷൻ പറ്റിയാൽ ഒരു ഉന്നതസ്ഥാനമോ, MLA or MP സീറ്റോ ഉറപ്പിക്കാൻ വേണ്ടിയുള്ള ദുരന്തേട്ടന്റെ  ഊത്തായിരുന്നോ അങ്ങേക്കിഷ്ട്ടപ്പെട്ടത്  ?  

പ്രളയദുരിതത്തിലായവരെ  സഹായിക്കുവാൻ വേണ്ടി സ്വിസ്സ് മലയാളികൾ  രാഷ്ട്രീയഭേദമന്യെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും, അതല്ലാതെ നേരിട്ടും  കഴിയുന്ന സഹായം ചെയ്തിരുന്നു. ഇതര സങ്കടനകളും നേത്യത്വം വഹിച്ച് അവരാൽ കഴിയാവുന്ന സഹായങ്ങളും ചെയ്തിരുന്നു. അത് മനസ്സിലാക്കി ചുരുങ്ങിയപക്ഷം  സ്വിസ്സ് മലയാളികളോട് ഒരു  നല്ല വാക്കെങ്കിലും പറയാനുള്ള സന്മനസ്സ് അങ്ങേക്കൊ , വിദ്യാസമ്പന്നരായി അറിയപ്പെടുന്ന അങ്ങയോടൊപ്പം വന്നവർക്കോ ,ഇവിടെയുള്ള അങ്ങയുടെ ഉപജാപകവൃന്ദത്തിനോ  അങ്ങയോടു പറയാമായിരുന്നില്ലേ ..കഥകളിയ്ക്കും, സാരിപ്രദർശനത്തിനുമായി ലക്ഷങ്ങൾ ചിലവഴിക്കുന്ന എംബസ്സികൾ പോലും യാതൊരു സഹായവും ഇത്തരം അവസരങ്ങളിൽ ചെയ്യാതിരുന്നപ്പോൾ സന്മനസ്സുള്ള സാധാരണക്കാരാണ് സഹായമായതെന്ന് എങ്കിലും എന്താണ് സഖാവെ ഓർക്കാതിരുന്നത് …ഒരു നല്ലവാക്കു സ്വിസ് മലയാളികളോട് പറയാനുള്ള മനസ്സ് കാണിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് അങ്ങയോടുള്ള സ്നേഹം വാനോളം ഉയരില്ലായിരുന്നോ സഖാവെ .

തൊഴിലാളി പാർട്ടി തലവനായ അങ്ങ് ഇവിടുത്തെ  നയകുശലൻമാരെ കണ്ടപ്പോൾ സായിപ്പിനെ കാണുമ്പോൾ കവാത്ത് മറന്നപോലെയായോ? അതോ അവരുടെ കൈയിലെ ചലനത്തിനൊത്ത് ആടുന്ന കളിപ്പാവയായോ? അങ്ങയുടെ മാസ് ഡയലോഗായ കടക്കൂ പുറത്ത് എന്ന് അവരോടൊന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ഒരോ സ്വിസ്സ് മലയാളിയും വെറുതെ ആശിച്ചുപോയി. ഇരട്ട ചങ്കുള്ള അങ്ങ് ഞങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങി വരാൻ വാൾ ഉറയിൽ നിന്നും ഊരി പിടിക്കണമെങ്കിൽ  ഞങ്ങൾ അതും ചെയ്യുമായിരുന്നില്ലേ .
മലയാളിമുഖ്യന്‌ പ്രഭാഷണപരമ്പര ഒരുക്കിയ എംബസ്സിയും സ്വിസ്സ് മലയാളിയെ മറന്നു .മലയാളി അഭിമാനമായി പറഞ്ഞ മലയാളി അംബാസിഡർ ഉണ്ടായിട്ടും ഇതായിരുന്നു വിധി …എംബസി നടത്തി വരുന്ന എല്ലാ പരിപാടികൾക്കും ഇവിടുത്തെ ചെറുതും വലുതുമായ എല്ലാ സംഘടനകൾക്കും ക്ഷണം നൽകി ആളെക്കൂട്ടാൻ എംബസിക്കു വളരെ താൽപര്യമാണ് ,ബുദ്ധിപൂർവം സ്വിസ് മലയാളികളുടെ ഫുൾ ഡാറ്റാ സ്വന്തമാക്കി ഇപ്പോൾ മോദിയുടെ ഓഫീസിൽ നിന്നും നേരിട്ട് ഇമെയിൽ കിട്ടാൻ സംവിധാനം വരെ എംബസി ചെയ്‌തുവെച്ചു …എന്നിട്ടും മലയാളിയുടെ മുഖ്യന് എംബസിയിൽ സ്വീകരണവും പ്രഭാഷണ പരമ്പരയും ഉരുക്കിയപ്പോൾ ഇവിടുത്തെ സംഘടനയിലെ ഒരു വ്യക്തിയെ എങ്കിലും ക്ഷണിതാവായി വിളിക്കാതിരുന്നതിലെ ന്യായീകരണം എന്തൊക്കെ ആയാലും അംഗീകരിക്കാൻ സ്വിസ് മലയാളികൾക്ക് സാധിക്കില്ല.

മലയാള ഭാഷയുടെ മണി മുത്തുകളെ  നിധി കാക്കുന്ന ഭൂതത്തേപ്പോലെ കാത്തു സൂക്ഷിച്ചിക്കുന്ന  ബാസൽ മിഷൻ എങ്കിലും കുറഞ്ഞപക്ഷം ഇവിടെ വന്ന സ്ഥിതിക്ക് ഒന്ന് സന്ദർശിക്കാമായിരുന്നില്ലേ ? . ഇന്നേ വരെ ഒരു മന്ത്രിയോ, മുഖ്യമന്ത്രിയോ എന്തിന് മലയാളിയായ അംബാസിഡറോ അവിടെ സന്ദർശനം നടത്തിയിട്ടില്ലാ എന്നുള്ളതും വിരോധാഭാസം തന്നെ . അപ്പോൾ ധർമ്മടം ബ്രണ്ണൻ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ CM അവിടം സന്ദർശിച്ചാൽ അത് ഒരു ചരിത്ര സംഭവമായി മാറുകില്ലായിരുന്നോ . അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ അതും  അവർ നൂറ്റാണ്ടുകളോളം കാത്തുസൂക്ഷിക്കുമായിരുന്നില്ലേ . മലബാറുകാരൻ മുഖ്യൻ ഇത്തവണ ബാസൽ മിഷൻ സന്ദർശിച്ചിരുന്നെങ്കിൽ എന്ന്  ഭാഷാസ്നേഹികളായ ഞങ്ങൾ   ആശിച്ചു പോയതിൽ തെറ്റുണ്ടോ ?.

ഇരട്ട ചങ്കുള്ള അങ്ങ് ഞങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങി വരാൻ വാൾ ഉറയിൽ നിന്നും ഊരി പിടിക്കണമായിരുന്നെങ്കിൽ   ഞങ്ങൾ അതും ചെയ്യാമായിരുന്നല്ലോ . മഴുവെറിഞ്ഞ് ഉണ്ടായ നാട് മഴയെടുത്ത് പോയപ്പോൾ തിരിച്ചു പിടിക്കാൻ അടിയന്തിര സഹായമെത്തിക്കുന്നതിലും മലയാളി ഒന്നാണ് എന്ന ബോധമുണർത്തുന്നതിലും ഉദാര സംഭാവനകൾ പെരുമഴപോലെ വിദേശത്ത് നിന്ന് അങ്ങയുടെ നിധിയിലേക്ക് പ്രവഹിച്ചതും ഇത്ര വേഗം മറന്നുവോ? അതൊക്കെ എന്തുചെയ്തു? വല്ലതും വീതം വച്ചോ? വിവരാവകാശ കമ്മീഷനു അതിനെക്കുറിച്ച് വല്യ വിവരമില്ലെന്നാണ് അറിഞ്ഞത്. പടച്ചോനേ നിനക്ക് വല്ല പിടിയുണ്ടോ നിന്റെ സ്വന്തം ദുനിയാവിലെ ഇത്തരം കാര്യങ്ങളെക്കുറിച്ച്?

ഈനാംപേച്ചിയ്ക്ക് മരപ്പട്ടി കൂട്ട് എന്നപോലെ ഇവിടെ രണ്ട് VIP കളാണ് അങ്ങയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന അരമനരഹസ്യം ഞങ്ങളുടെ അങ്ങാടിയിൽ ഇപ്പോൾ ഹിറ്റ് പാട്ടാണ്. മോദി ഭക്ത പൊന്നു സ്ഥാനപതി തമ്പുരാനേ അങ്ങേയ്ക്ക് സാരിയും, തുള്ളലും, കൊട്ടും, മേളവും നടത്തുമ്പോൾ മാത്രം മതിയോ മലയാളിയെ? പിണറായി സഖവേ ഒരു ദുരന്തത്തിന്റെ കൂടെക്കൂടി അങ്ങ് മറ്റൊരു ദുരന്തമാകാതിരുന്നാൽ മതി. അങ്ങയുടെ ആരോഗ്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ടേ കാരണം അതിനും ഞങ്ങളുടെ ഖജനാവിൽ നിന്നുതന്നെ വേണ്ടേ എടുക്കാൻ?

ചുരുങ്ങിയ പക്ഷം ഒരു അരമണിക്കൂർ എങ്കിലും ഞങ്ങളുമായി പൊതു സമ്പർക്കം നടത്തി ഒരു നന്ദിയെങ്കിലും പറഞ്ഞ് പിരിയുന്നതായിരുന്നില്ലേ മുഖ്യാ മുഖ്യം. അറിവുള്ളവന് നെറിവില്ല. അതുകൊണ്ട് ഡിപ്ലോമാറ്റിനെ വിട്ട് ഇനിയെന്നെങ്കിലും വരുന്നുണ്ടെങ്കിൽ അറിവും നെറിവുമുള്ള സ്വിസ്സ് മലയാളിയെ കാണൻ മറക്കരുതേ സഖാവേ.

സ്നേഹത്തോടെ..
സ്വിസ്സിലെ അങ്ങയെ സ്നേഹിക്കുന്ന   പ്രബുദ്ധരായ മലയാളികൾ