Kerala

‘മനുഷ്യത്വത്തിന്റെ കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ പ്രസ്താവന തിരുത്തിയേനെ’; എം എം മണിക്കെതിരെ കെ കെ രമ

പരാമര്‍ശങ്ങള്‍ തിരുത്താന്‍ തയാറല്ലെന്ന എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ കെ രമ എംഎല്‍എ. മനുഷ്യത്വത്തിന്റെ നേരിയ കണികയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ തന്നെ ഇനിയും കുത്തിനോവിക്കാന്‍ എം എം മണി മുതിരില്ലായിരുന്നുവെന്ന് കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു സ്ത്രീയ്ക്കും കേട്ടിരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്ത്രീയ്ക്ക് സംഭവിച്ചത് വിധിയാണെന്ന് വിശ്വസിക്കുന്നത് മാര്‍ക്സ്റ്റിസ്റ്റ് വീക്ഷണമാണോ എന്നും കെ കെ രമ ചോദിച്ചു.

‘സിപിഐഎം നേതാക്കളുടെ പ്രസ്താവനകള്‍ തെളിക്കുന്നത് ആര്‍എംപിയെ അവര്‍ ഇപ്പോഴും ഭയപ്പെടുന്നുണ്ടെന്നാണ്. വായില്‍ വന്നത് പറഞ്ഞതാണെന്ന് എം എം മണി പറയുന്നു. എന്നാല്‍ അദ്ദേഹം അത് തിരുത്താനും തയാറല്ല. തെറ്റുപറ്റിയെങ്കില്‍ അത് സമ്മതിക്കുന്നതാണ് ജനാധിപത്യത്തിന്റേയും മനുഷ്യത്വത്തിന്റേയും രീതി. പിന്നേയും അപരിഷ്‌കൃതമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്ന ധാര്‍ഷ്ഠ്യവും ധിക്കാരവും സിപിഐഎമ്മിന്റെ അധപതനമാണ് കാണിക്കുന്നത്’. കെ കെ രമ പറഞ്ഞു.

രമക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്നാണ് എം എം മണി പ്രതികരിച്ചിരുന്നത്. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണ്. നിയമസഭയില്‍ അവര്‍ മുഖ്യമന്ത്രിയെ കടന്ന് ആക്രമിച്ചു സംസാരിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടത്തില്‍ നിന്ന് വിധവയല്ലേ എന്ന് ചോദിച്ചു. ആ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു പരാമര്‍ശം. രമയ്ക്ക് സഭയില്‍ പ്രത്യേക പദവി ഒന്നുമില്ല. അപ്പോള്‍ വായില്‍ വന്നത് പറഞ്ഞതാണ്. രമയോട് പ്രത്യേക വിദ്വേഷമില്ല. ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നില്ല. പരാമര്‍ശത്തില്‍ സ്ത്രീ വിരുദ്ധത ഒന്നും ഇല്ലെന്ന് എംഎം മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.