Technology

ഇനി എല്ലാം പരമരഹസ്യം; വാട്‌സ്ആപ്പില്‍ പുതിയ സീക്രട്ട് കോഡ് ഫീച്ചര്‍

വാട്‌സ്ആപ്പില്‍ നിരവധി ഫീച്ചറുകളാണ് കമ്പനി ഈ വര്‍ഷം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്ന അപ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് എത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു സീക്രട്ട് കോഡ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കാനൊരുങ്ങുന്നത്. നേരത്തെ തന്നെ വാട്‌സ്ആപ്പില്‍ ലഭ്യമാകുന്ന പ്രൈവസി ഫീച്ചറിനെ കൂടുതല്‍ ശക്തമാക്കുന്ന ഒന്നാണ് സീക്രട്ട് കോഡ്.(WhatsApp working on a new feature called Secret Code for locked chats)

ഏത് രഹസ്യവും ഭദ്രമായി സുരക്ഷിതമാക്കാന്‍ സഹായിക്കും എന്നതാണ് പുതിയ വാട്‌സ്ആപ്പ് സീക്രട്ട് കോഡ് ഫീച്ചറിന്റെ പ്രത്യേകത. ലോക്ക് ചെയ്ത ചാറ്റുകള്‍ക്കായാണ് ഈ സീക്രട്ട് കോഡ് ഫീച്ചര്‍ വാട്‌സ്ആപ്പ് തയാറാക്കിക്കൊണ്ടിരിക്കുന്നത്. അധികം വൈകാതെ ഈ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകളുടെ സുരക്ഷയും അത്തരം ചാറ്റുകളിലേക്കുള്ള പ്രവേശന സുരക്ഷയും വര്‍ദ്ധിപ്പിക്കാനാണ് പുതിയ സീക്രട്ട് കോഡ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്.

ലോക്ക് ചെയ്ത ചാറ്റുകള്‍ക്കായി ഒരു രഹസ്യ കോഡ് സൃഷ്ടിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ആണിത്. രഹസ്യ ചാറ്റുകള്‍ ആക്സസ് ചെയ്യുന്നതിനുള്ള ഒരു പാസ്വേഡായി ഈ രഹസ്യ കോഡ് പ്രവര്‍ത്തിക്കും. ചാറ്റുകളില്‍ ഒരു രഹസ്യ കോഡ് കോണ്‍ഫിഗര്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ലിങ്ക് ചെയ്തിരിക്കുന്ന മറ്റ് ഡിവൈസുകളിലെ ചാറ്റുകള്‍ പോലും ലോക്ക് ചെയ്യാന്‍ കഴിയുകയും ചാറ്റുകളുടെ മൊത്തത്തിലുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.