Technology Uncategorized

1.25 ലക്ഷത്തിന്റെ ഐഫോൺ XS മാക്സ് പൊട്ടിത്തെറിച്ചു

ആപ്പിളിന്റെ പുതിയ മോഡലുകളിലൊന്നായ ഐഫോൺ XS മാക്സ് പൊട്ടിത്തെറിച്ചു. യു.എസിലെ ഓഹിയോയിലെ കൊളംബസിലാണ് സംഭവം. ജോഷ് ഹില്ലാഡ് എന്നയാളുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ആഴ്ചകൾക്ക് മുൻപ് വാങ്ങിയതായിരുന്നു ഫോണ്‍. പാന്റ്സിന്റെ പോക്കറ്റിലിരുന്ന ഐഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു.

ഫോൺ ചൂടായതോടെ തീപിടിച്ചതാണെന്ന് കരുതി പുറത്തേക്ക് എറിഞ്ഞതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം വിവരം ആപ്പിൾ അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടി എടുത്തില്ലെന്നും ജോഷ് ഹില്ലാഡ് പരാതിപ്പെട്ടു. ഫോൺ തീപിടിച്ച ഉടനെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. നിരവധി തവണ ആപ്പിൾ സ്റ്റോറുമായി ബന്ധപ്പെട്ടെങ്കിലും നഷ്ടപരിഹാരം നൽകാൻ പോലും കമ്പനി തയാറായില്ലെന്നും ഉപയോക്താവ് പറയുന്നു.

കത്തിയ ഐഫോൺ XS മാക്സിന്റെ ചിത്രങ്ങൾ സോഷ്യല്‍മീഡിയ കളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഡിസ്പ്ലെയുടെ പകുതി ഭാഗവും കത്തിയ നിലയിലാണ്. ഇന്ത്യയിൽ ഏകദേശം ഒന്നേക്കാൽ ലക്ഷം രൂപ വില വരുന്നതാണ് ഐഫോൺ XS മാക്സ്. 2018ലാണ് ഐഫോണ്‍ ഇൌ മോഡല്‍ പുറത്തിറക്കിയത്. ഐഫോണിന്റെ തന്നെ വില കൂടിയ മോഡലാണ് XS മാക്സ്. ഐഫോൺ XS, ഐഫോൺ XS മാക്‌സ്, ഐഫോൺ XR എന്നീ മോഡലുകളാണ് 2018ല്‍ വിപണിയിൽ ഇറക്കിയത്.