Association Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് “ഇന്ത്യ കോവിഡ് റിലീഫ് ഫണ്ട്” കാമ്പയിൻ വിജയകരമാംവിധം പൂർത്തീകരിച്ചു ..

ഇന്ത്യയിൽ ക്രമാതീതമായി വർധിച്ചു വന്ന കോവിഡിന്റെ രണ്ടാം തരംഗം കേരളത്തെയും അതിഭയാനകമായ വിധത്തിൽ ബാധിച്ചതിനാൽ ജീവിതം വഴിമുട്ടിയ നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് കോവിഡ് ഇൻഡ്യാ റിലീഫ് ഫണ്ട് എന്ന ചാരിറ്റി പ്രോജക്ട് ഒരു മാസം മുൻപ് ആരംഭിച്ചത് .. ഈ പ്രോജെക്ടിലേക്കു വളരെ ഉദാരമായ സഹായസഹകരണമാണ് സ്വിറ്റ്സർലണ്ടിലെ സുമനസ്സുകളിൽ നിന്നും ലഭിച്ചതെന്നും ,പ്രോജക്ട് വിജയകരമായി പൂർത്തീകരിച്ചുവെന്നും പ്രൊവിൻസ് പ്രസിഡന്റ് ശ്രീ സുനിൽ ജോസഫ് അറിയിച്ചു .

സംഘടനയുടെ തന്നെ അംഗങ്ങൾ വഴിയും നാട്ടിലെ സാമൂഹ്യ പ്രവർത്തകരിൽ നിന്നുമൊക്കെയായി അൻപതിലധികം സഹായാഭ്യർത്ഥനകളാണ് ലഭിച്ചത്. അംഗങ്ങളിൽ നിന്നും കൂടാതെ സ്വിസ്സ് സമൂഹത്തിലെ സുമനസ്സുകളിൽ നിന്നും ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞ CHF 9500 എത്രയും പെട്ടെന്നു തന്നെ അർഹരായവർക്ക് വിതരണം ചെയ്യുന്നതിനായി, WMC കോവിഡ് റിലീഫ് ഫണ്ട് കമ്മറ്റി അംഗങ്ങളുടെ ഒരു യോഗം 21.06.21 ൽ കൂടുകയും മൊത്തം ലഭിച്ച അപേക്ഷ കരിൽ നിന്നും 32 പേർക്ക് അർഹതക്ക് ആനുപാതികമായ ധനസഹായം വീതിച്ചു നൽകാനും 24 സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോണുകൾ വിതരണം ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു.

അർഹരായവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് സഹായധനം നേരിട്ട് അയച്ചുകൊടുക്കുന്നതിന് ട്രഷറർ ജിജി ആൻ്റണിയെ യോഗം ചുമതലപ്പെടുത്തി.കേരളത്തിന്റെ ഏതു പ്രതിസന്ധിഘട്ടങ്ങളിലും ജന്മ നാടിനെ അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള പാരമ്പര്യമാണ് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസിനുള്ളത് . മഹാപ്രളയങ്ങൾ, നിപ്പ വൈറസ് തുടങ്ങിയ എല്ലാ ദുരന്തങ്ങൾക്കും കേരളത്തിലേക്ക് സഹായമെത്തിക്കുവാൻ വേൾഡ് മലയാളീ കൗൺസിലിന് സാധിച്ചു .മറ്റെല്ലാ ദുരന്തങ്ങളും കേരളത്തിലെ ഭാഗീകമായി പ്രദേശങ്ങളിൽ മാത്രമാണ് സംഭവിച്ചതെങ്കിൽ കോവിഡ് മഹാമാരി കേരളമൊട്ടാകെയും പടർന്നു പിടിച്ചിരുന്നു .

വളരെ കൃത്യനിഷ്ഠയോടുകൂടി,മാനദണ്ഡങ്ങൾക്കനുസരിച് അപേക്ഷകരെ തെരെഞ്ഞെടുത്ത WMC കോവിഡ് റിലീഫ് ഫണ്ട് കമ്മറ്റി അംഗങ്ങൾക്ക് പ്രൊവിൻസ് സെക്രെട്ടറി ശ്രീമതി മിനി ബോസ് നന്ദി അറിയിച്ചു ..ജന്മനാട്ടിലെ സഹോദരങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യം വേണ്ടി വന്ന ഈ സാഹചര്യത്തിലും സംഘടനയോടൊപ്പം ഈ പ്രോജെക്ടിനുവേണ്ടി ഉണർന്നു പ്രവർത്തിക്കുകയും ,സഹകരിക്കുകയും ചെയ്ത സമൂഹത്തിലെ എല്ലാ സുമനസുകൾക്കും പ്രൊവിൻസിനു വേണ്ടി കോർ കമ്മിറ്റി നന്ദി അറിയിക്കുകയും ചെയ്‌തു.

..