Pravasi Social Media Switzerland

‘ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുക’ സ്വിസ്സിലെ ഇന്ത്യൻ എംബസിയും ജോലി ഒഴിവുകളും …അനുഭവക്കുറിപ്പ്

സ്വിസ്സിലെ ഇന്ത്യൻ എംബസ്സിയിൽ ജോലിക്കപേക്ഷിച്ച അഭ്യസ്ഥവിദ്യരായ ചില ഉദ്യോഗാർത്ഥി മലയാളികളുടെ അനുഭവക്കുറിപ്പ് .
ഏതാനും നാളുകൾക്കു  മുൻപ് ചില ജോലികൾക്കായി സ്വിറ്റസർലണ്ടിലെ ഇന്ത്യൻ എംബസിയുടെ സൈറ്റിൽ ജോലി ഒഴിവിനുള്ള പരസ്യം കൊടുത്തിരുന്നു. ആയതിൻ പ്രകാരം സ്വിറ്റ്സർലൻഡിലുള്ള അനേകം ഇന്ത്യക്കാർ ജോലിക്കായി അപേക്ഷിച്ചു. ഈ കൂട്ടത്തിൽ അനേകം മലയാളികളും ഞാനും  ഉണ്ടായിരുന്നു. താരതമ്യേന വളരെ കുറവ് ശമ്പളം ആണെങ്കിലും എംബസി ആണല്ലോ എന്നോർത്ത് പലരും  ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ പോലും വേണ്ടന്ന് വെച്ച് എംബസിയിലെ ജോലിക്കായി അപേക്ഷിച്ചു. ഏകദേശം ആറ് ജോലികൾ ഒഴിവുണ്ടായിരുന്നു  . ഇതിൽ ആറ് ജോലിക്ക് അപേക്ഷിച്ചവരെയും ആറ് ജോലിക്കും വിളിച്ചു. ക്ലറിക്കൽ ജോലിയേക്കാൾ ഏകദേശം ആയിരം  ഫ്രാങ്ക് കൂടുതലുള്ള  ഡ്രൈവർ പോസ്റ്റിലേക്ക് പോലും അഭ്യസ്തവിദ്യരായ അനേകമാളുകൾ അപേക്ഷ അയച്ചു.

ഏറ്റവും ആദ്യം തന്നെ എംബസി ഡ്രൈവർ പോസ്റ്റിലേക്ക് ഇന്റർവ്യൂവിനു ക്ഷണിച്ചു ചെന്നപ്പോൾ ഒരുപാട് ഉദ്യോഗാർത്ഥികൾ എംബസിയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരോടും പറഞ്ഞിരുന്ന സമയത്തിലും ഒന്നര മണിക്കൂറിന് ശേഷമാണ് ഇൻറർവ്യൂ നടത്തിയത്. ഏറ്റവും രസകരമായ കാര്യം  ഡ്രൈവർ  പോസ്റ്റിന് ആറ് പേരാണ് ഇൻറർവ്യൂ നടത്തിയത്. അതിൽ മൂന്ന് ആളുകൾ IFS കാർ. മറ്റൊരാൾ ജർമ്മൻ ഭാഷയിലുള്ള പരിജ്ഞാനം  പരിശോധിക്കാൻ. ഇവയ്ക്ക് പുറമെ രണ്ടു  പേർ പാറാവ് നിൽക്കുന്നു. ഏതായാലും ഡ്രൈവറെ  തിരഞ്ഞെടുക്കാൻ ഇന്റർവ്യൂ ബോർഡിൽ അംബാസിഡർ ഇല്ലായിരുന്നു എന്നുള്ളത് ആശ്വാസമായി  .

ഇനി ഇന്റർവ്യൂവിൽ പ്രധാനപ്പെട്ട ചോദ്യങ്ങൾ എന്തായിരുന്നു എന്ന് നോക്കാം – ഭാര്യയുടെ ശമ്പളം എത്ര , ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനം ഏത് , ചെറിയകുഞ്ഞുങ്ങളെ കിൻഡർ ക്രീപ്പയിൽ വിടാൻ ദിവസം എന്ത് ചിലവ് വരുന്നു,  ലോകകപ്പിലെ നാലാമത്തെ സ്ഥാനം നേടിയ ടീം ഏത് .. ഇത്തരം വിലകുറഞ്ഞ ചോദ്യങ്ങൾക്ക് പുറമേ, ഡ്രൈവർ ഇരുപത്തിനാലു മണിക്കൂറും എംബസിയിൽ ഉണ്ടാകണമെന്ന് നിയമവും. കൂടാതെ നാൽപതു  വയസ്സ് വരെ  പ്രായപരിധിയാണ് സൈറ്റിൽ ൽ പ്രസിദ്ധീകരിച്ചിരുന്നത്. ഒടുവിൽ ഏതോ ഒരു  അമ്പതു  കഴിഞ്ഞ സിക്കുകാരനെ ജോലിക്ക് എടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അയാൾ പണി വേണ്ടെന്നുവച്ചു പോയി. പിന്നീട്  വേറെ രണ്ടു  പേരെ നിയമിച്ചുനോക്കി. അവരും ഇട്ടേച്ച് പോയി. ഇപ്പോൾ ആളുണ്ടോന്നറിയില്ല. 

ഇതേ ഉദ്യോഗാർത്ഥികളായി വന്നവരെ മറ്റ് ജോലികൾക്കുള്ള ഇൻറർവ്യൂകൾക്കായി   വീണ്ടും വീണ്ടും വിളിച്ച്  പറഞ്ഞയച്ചു. 200 കിലോമീറ്റർ അകലെനിന്ന് വരെ മൂന്നും, നാലും തവണ വന്ന് പോയ പലരുമുണ്ട്. എന്നാൽ ജോലി മറ്റുള്ളവർക്ക് കൊടുത്തോ ഇല്ലയോ എന്ന് പോലും ആരെയും അറിയിച്ചതുമില്ല. അങ്ങനെയുള്ള മര്യാദപോലും ഇന്റർവ്യൂ ബോർഡിൽ ഇരുന്ന  വലിയ ഉദ്യോഗസ്ഥർ കാട്ടിയതുമില്ല. ഏകദേശം പത്തു  ദിവസങ്ങളെങ്കിലും ഈ പേരും പറഞ്ഞ് ഉദ്യോഗസ്ഥർക്ക്  രാവിലെ മുതൽ  വൈകുന്നേരം വരെ സമയം ചെലവഴിക്കാൻ കഴിഞ്ഞു.

എന്നാൽ അഭ്യസ്തവിദ്യരായ, ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് അനേക വർഷങ്ങൾ നാട്ടിലും, വിദേശത്തും പരിശീലനം കഴിഞ്ഞ്  ജോലിചെയ്യുന്ന ഉദ്യോഗാർത്ഥികൾ സ്വന്തം ജോലി പോലും വേണ്ടെന്ന് വെച്ച് ദിവസങ്ങളോളം എംബസി കയറിയിറങ്ങി അവരുടെ വിലപ്പെട്ട സമയം നഷ്ടമാക്കി. ഈ സമയം കൊണ്ട് ‘ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുക’  എന്ന് പറഞ്ഞതുപോലെ  അവരുടെ വ്യക്തിപരമായ കാര്യങ്ങളും,  സാമ്പത്തികസ്ഥിതിയും ചോദിച്ചറിയുകയും ഉപയോഗശൂന്യമായ മറ്റ് പല കാര്യങ്ങൾക്കായി   ഇമെയിൽ എഴുതി ശല്യപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു എംബസി ഇപ്പോളും . പല ജോലിക്കും എടുത്തവരിൽ ഒട്ട് മിക്കവരും  വേണ്ടെന്നുവച്ചു പോയി. മറ്റുള്ളവർ വേറെ വഴിയില്ലാതെ തുടരുന്നു.

നാട്ടിൽ നിന്നും വിദേശത്ത് വന്ന് ജീവിക്കുന്ന പ്രവാസികൾക്ക് എംബസ്സികൾ ഉപകാരം ചെയ്തില്ലെങ്കിലും, ഉപദ്രവം എങ്കിലും ചെയ്യാതിരുന്നു കൂടെ …