Europe Our Talent Pravasi Switzerland

വർണം വാരിവിതറുന്ന വർണ്ണക്കാഴ്ചകൾ വിമലിന്റെ ക്യാമറാക്കണ്ണുകളിലൂടെ .

വർണം വാരിവിതറുന്ന പൂക്കളും പൂമ്പാറ്റകളും  ,നിറപ്പകിട്ടിൽ അഴകുവിടർത്തുന്ന  കുഞ്ഞിളം  കിളികളും ജന്തുജാലങ്ങളും ,ഉദയാസ്തമനങ്ങളുടെ വർണ്ണവിന്യാസങ്ങളിൽ ഭാവം മാറുന്ന ആകാശം  , വർണ്ണാനാതീതമായ വർണ്ണ ശബളിമയാർന്നതാണ് നമ്മുടെ പ്രപഞ്ചം .ഈ കാഴ്ചകളെല്ലാം ത്രിമാനരൂപത്തിൽ നമുക്ക് അനുഭവേദ്യമാക്കുവാൻ സൃഷ്ടാവ് നൽകിയിരിക്കുന്ന രണ്ടു കണ്ണുകളായിരിക്കും ഒരുപക്ഷെ  പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും  ശ്രേഷ്ഠം എന്ന് കരുതാതെ വയ്യ .

അതിവേഗം മുന്നോട്ടു കുതിക്കുന്ന  കാലചക്രത്തിന്റെ പിടിയിൽ നിന്നും, പ്രകൃതി കോറിയിട്ട മുഹൂർത്തങ്ങളെ  നശിച്ചുപോകാതെ സംരക്ഷിച്ചു നിർത്താനുള്ള വിദ്യയാണ് ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യൻ കരഗതമാക്കിയത് .സത്യത്തിന്റെ നേർക്കാഴ്ചയാണ്  ഫോട്ടോഗ്രാഫി .ഭാവനയുടെ  കഥ വിരിയിക്കുന്ന എഴുത്തുകാരെപ്പോലെയല്ല ഒരു ഫോട്ടോഗ്രാഫർ . അയാൾ ഒപ്പിയെടുക്കുന്നത്  മൗലികവും സത്യസന്ധവും  യാഥാർത്ഥവുമായ വസ്തുതകളാണ് .  

സ്മാർട് ഫോണുകളുടെ  കടന്നുവരവോടെ കാമറ മനുഷ്യന്റെ സന്തതസഹചാരിയായി മാറിയിട്ടുണ്ടെങ്കിലും ഭാവനയും സർഗാത്മകതയും നല്ല ക്യാമറയും സംഗമിക്കുമ്പോൾ മാത്രമേ    ജീവൻ തുടിക്കുന്ന  ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുകയുള്ളു .മറ്റു ജനകീയ കലകളിലെന്നപോലെതന്നെ ഫോട്ടോഗ്രാഫിയിലും കഴിവുതെളിയിച്ചിട്ടുള്ള നിരവധി പേര് നമുക്കിടയിലുണ്ട് .

സ്വിസ്സിലെ  മലയാളികള്‍ വൈവിദ്യമാര്‍ന്ന കലകളില്‍ കഴിവുള്ളവരാണ്. ഫോട്ടോഗ്രാഫി എന്ന കലയില്‍ കഴിവുള്ള നിരവധി മലയാളികള്‍ നമുക്കിടയില്‍ ഉണ്ട് അതിൽ   അനുഗ്രഹീത  യുവഫോട്ടോഗ്രാഫറായ  വിമൽ ചിറ്റക്കാട്ട് തന്റെ  നിക്കോൺ  D3100  ക്യാമെറക്കണ്ണിലൂടെ പകർത്തിയ മിഴിവുറ്റ ചിത്രങ്ങൾ അതിന്റെ  വത്യസ്തതകൊണ്ടും കലാമേന്മകൊണ്ടും   വേറിട്ടുനിൽക്കുന്നവയാണ് .

പൂക്കളും പുഴകളും പൂമരങ്ങളും ഉൾപ്പെടെ തന്റെ ചുറ്റുമുള്ള പൃകൃതിയാണ്  വിമലിന്റെ ചിത്രങ്ങൾക്ക് വിഷയീഭവിച്ചിരിക്കുന്നത് .കൊയ്ത്തു പാട്ടിന്റെ ഈണമുള്ള പൊൻകതിർ പാടങ്ങളും   പച്ചപ്പരവതാനിക്ക്  അതിരുതിരിക്കുന്ന  പാടവരമ്പുകളും കതിർവാലൻ  കുരുവികളും  കൂടാതെ പട്ടണത്തിന്റെ തിരക്കുകളുമെല്ലാം വിമലിന്റെ  കാമറ അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു .  
അതിമനോഹരങ്ങളായ ആയിരത്തിയഞ്ഞൂറോളം  ചിത്രങ്ങൾ  MV (my view ) എന്നപേരിൽ വിമൽ   തന്റെ  ഇൻസ്റ്റാഗ്രാമിൽ  അപ്‌ലോഡ്   ചെയ്തിരിക്കുന്നത്  താഴെ കൊടുത്തിരിക്കുന്ന വെബ്ലി ങ്ക്  വഴി കാണാവുന്നതാണ് .
https://www.instagram.com/_myyview/?hl=de