Association Pravasi Switzerland

സ്വിറ്റസർലണ്ടിൽ കലയുടെ വർണ്ണപ്പകിട്ടേകി “ഭാരതീയ കലോത്സവം 2023” ഫെബ്രുവരി നാലിന് റാഫ്‌സിൽ , ഈ വർഷത്തെ ആദ്യ മെഗാ സൂപ്പർ ഷോ “ഡ്രീംസ് 23” ക്കും വേദിയൊരുങ്ങുന്നു

സ്വിസ് മലയാളികൾക്ക് എന്നും പുതുമകൾ നൽകിയിട്ടുള്ള ഭാരതീയ കലാലയം സ്വിറ്റ്‌സർലൻഡ്, ഒരു ഇടവേളക്ക്ശേഷം നയനശ്രവണ മനോഹാരിതയിൽ ആറാടുന്ന “ഭാരതീയ കലോത്സവം 2023” വീണ്ടും പുതുവർഷത്തിൽ അണിയിച്ചൊരുക്കുന്നു.

2023 ഫെബ്രുവരി 4. ശനിയാഴ്ച സൂറിച്ചിനടുത്തുള്ള റാഫ്സ് സ്പോർട്സ് ഹാളയിൽ ആണ് ഈ മഹോത്സവം അരങ്ങേറുന്നത്. ശിശിരത്തിന്റെ വശ്യഭംഗിയുടെ നിറവിൽ, തണുപ്പിന്റെ കാഠിന്യം കലാസ്നേഹികളുടെ കലകളോടുള്ള ഊഷ്മളമായ അഭിനിവേശം ഒട്ടും ചോർന്നുപോകുന്നില്ല എന്ന് വിളിച്ചോതുന്നതാണ് കഴിഞ്ഞ ഇരുപത് വർഷത്തോളമായി നടത്തിപ്പോരുന്ന ഈ ഭാരതീയ കലോത്സവത്തിന്റെ പ്രത്യേകത. ഇന്ത്യൻ- കേരളകലകളെ യൂറോപ്പിന്റെ സാഹ്യചര്യത്തിൽ വളർന്നുവരുന്ന പുതുതലമുറക്ക് പകർന്ന് കൊടുക്കുന്നതോടൊപ്പം, അവരുടെ സർഗ്ഗാത്മക കഴിവുകളെ മികവുറ്റതാക്കുന്നതിനായി ഇതിനോടൊപ്പം കുട്ടികൾക്കും യുവതിയുവാക്കൾക്കും ഭാരതീയ കലാലയം മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഈ വർഷം ഭാരതീയ കലോത്സവത്തോടനുബന്ധിച്ച കുഞ്ഞുകുട്ടികളുടെ വിഭാഗത്തിൽ കഥാപാരായണം, ചിത്രരചന, എന്നീ ഇനങ്ങളിലും സബ് ജൂനിയേഴ്സ്, ജൂനിയേഴ്സ്, സീനിയേഴ്സ് വിഭാഗങ്ങളിൽ പ്രസംഗം, കരോക്കെയോടുകൂടിയുള്ള പാട്ട്, നാടോടിനൃത്തം, മോണോ ആക്ട്, ചിത്രരചന, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിലും മത്സരങ്ങൾ നടക്കുക.

കലോത്സവത്തിന്റെ ആദ്യ രജിസ്‌ട്രേഷൻ മാസ്റ്റർ ഡാനിയേൽ കാച്ചപള്ളിയിൽ നിന്നും ഭാരതീയ കലോത്സവത്തിന്റെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ രോഹൻ തോമസ് സ്വീകരിച്ചു. ഈ വർഷം മത്സര വിജയങ്ങൾക്ക് കിട്ടുന്ന സമ്മാനങ്ങൾക്ക് പുറമെ 250 ഫ്രാങ്കിന്റെ ബെസ്റ്റ്‌ പെർഫോമർ ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണെന്ന് ശ്രീ രോഹൻ അറിയിച്ചു. കലോത്സവത്തിന്റെ വിജയത്തിനായിയുള്ള എല്ലാവിധ അണിയറ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നതായും കലോത്സവമത്സരത്തിന് രജിസ്റ്റർ ചെയ്യുവാനുള്ള കുട്ടികളും മാതാപിതാക്കന്മാരും എത്രയും പെട്ടന്ന് തന്നെ രജിസ്റ്റർ ചെയ്യണമെന്ന് കലോത്സവക്കമ്മിറ്റിക്കുവേണ്ടി ശ്രീ റോബിൻ തുരുത്തിപ്പിള്ളിയും ശ്രീ ജോൺ അരീക്കലും അറിയിക്കുകയുണ്ടായി.

സ്വിസ് മലയാളികൾക്ക് ഭാരതീയ കലാലയം ഒരുക്കിയിട്ടുള്ള കലാവിരുന്നുകൾ അവിസ്മരണീയങ്ങളാണ്. കലാലയത്തിലെ കലാകാരന്മാരുടെ തനതുസൃഷ്ടിയായ “ഓർമ്മകൾക്കെന്ത് സുഗന്ധം” എന്ന രംഗപൂജ ശ്രീ ബെൻസൺ പഴയാറ്റിൽ എഴുതി, ശ്രീ ബാബു പുല്ലേലിയും കേരളത്തിൽ നിന്നുമുള്ള പ്രശസ്തരായ സംഗീത സംവിധായകരും ഈണം നൽകി, നൂറോളം കലാകാരി-കലാകാരന്മാർ സ്റ്റേജിൽ അവതരിപ്പിക്കുന്ന കലാമാമാങ്കം കൊറിയോഗ്രാഫി ചെയ്യുന്നത് സ്വിസ്സിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫർ ശ്രീമതി സുമി രഞ്ജിത്ത് ആണ്.

കലോത്സവത്തോടനുബന്ധിച്ച ആബാലവൃദ്ധം കലാസ്വാദകരെയും ആസ്വദിപ്പിക്കാൻ “ഡ്രീംസ് 2023” എന്ന് Mega show യും അരങ്ങേറുന്നു. യുവനടനും സംഗീത ലോകത്തെ ഹരമായി മാറിയ സിദ്ധാർഥമേനോൻ, ഐഡിയ സ്റ്റാർ സിംഗർ ഫെയിമും അവതാരികയും യുട്യൂബ് വ്ലോഗറുമായ അഞ്ജു ജോസഫ്, “കടുവ” എന്ന് ചിത്രത്തിലൂടെ മെഗാഹിറ്റായി മാറിയ പാലാപ്പള്ളി തിരുപ്പള്ളി എന്ന് ഗാനം ആലപിച്ച അതുൽ നറുകര, യുവത്വത്തെ ഇളക്കിമറിയിച്ച സച്ചിൻ യേശുദാസ്,പൊട്ടിച്ചിരിയുടെ മിന്നും തിളക്കവുമായി അതുല്യ കലാകാരൻ മഹേഷ് കുഞ്ഞുമോൻ ,എന്നിവരടങ്ങുന്ന 13 പേർ ഉൾപ്പെടുന്ന മദ്രാസ് മെയിൽ എന്ന് മ്യൂസിക് ബാൻഡ് ആണ്” Dreams 2023″ ൽ ഭാരതീയ കലാലയത്തിന്റെ കലോത്സവവേദിയിൽ എത്തുന്നത്. തീർത്തും സ്വിസ്സിലെ എല്ലാ വിഭാഗത്തിലുംപെട്ട കലാസ്വാദകർക്ക് ആസ്വദിക്കുവാൻ പറ്റുന്ന തരത്തിലുള്ള പാട്ടുകളും തമാശകളും ഡാൻസുമൊക്കെയായി dreams 2023 കലോത്സവവേദിയിൽ അരങ്ങേറുമെന്നും കലോത്സവത്തിന്റെ വിജയത്തിനായുള്ള എല്ലാവിധ പ്രവർത്തങ്ങളും പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും ഭാരതീയ കലാലയത്തിന്റെ ചെയർപേഴ്സൺ ശ്രീ സാബു പുല്ലേലി, സെക്രട്ടറി ശ്രീ ജോസഫ് പാറുകാണി, ട്രെഷറർ ശ്രീ ജീസൺ അടശേരി,പബ്ലിക് റിലേഷൻ ഓഫീസർ ശ്രീ പോളി മണവാളൻ എന്നിവർ അറിയിക്കുകയുണ്ടായി.

ഭാരതീയ കലോത്സവത്തിടുനുബന്ധിച്ച നടത്തപെടുന്ന “ഡ്രീംസ് 2023” ന്റെ ആദ്യ ticket വില്പന ഭാരതീയ കലാലയത്തിന്റെ സീനിയർ മെമ്പറും സ്വിസ് മലയാളികളുടെ പ്രിയങ്കരനായ മാവേലിയുമായ ശ്രീ തോമസ് മൂക്കനാംപറമ്പിലിന് നൽകി ഭാരതീയ കലാലയത്തിന്റെ ചെയർപേഴ്സൺ ശ്രീ സാബു പുല്ലേലി ഉത്ഘാടനം ചെയ്തു. ഡ്രീംസ് 2023 ന്റെ വിജയത്തിനായി എല്ലാത്തരത്തിലുമുള്ള പ്രവർത്തങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുകയാണെന്നും, ഇതിനായി എല്ലാ സ്വിസ് മലയാളികളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും ജർമ്മനിയിൽ നിന്നും ലുക്സുംബുർഗിൽ നിന്നും ഇറ്റലിയിനിന്നുമൊക്കയുള്ള കലാസ്നേഹികളെ ഈ മെഗാ ഷോ ആസ്വദിക്കുന്നതിനായി ക്ഷണിക്കുന്നതായും എല്ലാവരുടെയും സാന്നിധ്യം ഈ മെഗാ ഷോയുടെ യുടെ വിജയത്തിനായി ഉണ്ടാവണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നതായി ഇതിന്റെ ഇവന്റ് മാനേജർ ശ്രീ വിൻസന്റ് പറയംനിലം അറിയിച്ചു.