Pravasi Switzerland Travel

മഞ്ഞ് മൂടിയ ആൽപ്സിലൂടെ ഷിൽത്തോൺ കൊടുമുടിയിലേയ്ക്ക്കൊരു യാത്ര – PART 2..വിവരണം ടോം കുളങ്ങര .

മ്യൂറെൻഗ്രാമം വരെയുള്ളയാത്രയ്ക്ക് വൺഡേ പാസ് മാത്രം മതി. അതിനു മുകളിലെ മലകളിലോട്ട് യാത്ര ചെയ്യണമെങ്കിൽ വേറെ ടിക്കറ്റ് എടുക്കണം. സ്വിസ്സ് പാസ് ട്രാവൽ കാർഡ് ഉണ്ടെങ്കിൽ ടിക്കറ്റിന് ഇളവുണ്ട്. ജന്മദിനത്തിലാണ് യാത്രയെങ്കിൽ ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഷിൽത്തോണിലേയ്ക്കാണ് ഞങ്ങളുടെ യാത്ര.

ഫെബ്രുവരി പകുതി മുതൽ മാർച്ച് പകുതി വരെ സ്വിറ്റ്സർലാൻഡിന്റെ പല ഭാഗങ്ങളിലും മഞ്ഞുകാല വിനോദങ്ങൾക്കായുള്ള അവധിക്കാലമാണ്. മലമുകളിലേയ്ക്കുള്ള യാത്രയ്ക്ക് നല്ല തിരക്കുണ്ട്. സ്വയമേ സ്വയരക്ഷ എന്നതാണ് ഇപ്പോഴത്തെ സ്വിറ്റ്സർലാൻഡിന്റെ നയം. അതുകൊണ്ട് തന്നെ മാസ്കോ മറ്റു മാനദണ്ഡങ്ങളോ നിർബന്ധമില്ല. കേബിൾ കാർ പതുക്കെ പൊങ്ങി. സൂചികുത്താൻ ഇടമില്ല കേബിൾ കാറിൽ. ശൈത്യകാല വിനോദങ്ങൾക്കായ് ബിർഗിലേയ്ക്കും ഷിൽത്തോണിലേയ്ക്കും പോകുന്നവരാണ് ഭൂരിഭാഗം പേരും.

മ്യൂറെൻ ഗ്രാമത്തിൽ നിന്നും ആയിരം മീറ്റർ ഉയരത്തിലും, ഷിൽത്തോൺ കൊടുമുടിയുടെ കിഴക്കുമാറി മുന്നൂറ് മീറ്റർ താഴെയുമായി ഒരു പാറക്കെട്ടിലാണ് ബിർഗ് സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. എത്ര തവണ കണ്ടാലും കൊതി തീരാത്ത ഭൂപ്രദേശമാണ് ബെർണർ ആൽപ്സും, അതിന്റെ താഴ്‌വരകളും. ഋതുഭേദങ്ങൾക്ക് അനുസരിച്ച് രൂപവും ഭാവവും മാറ്റി സഞ്ചാരികളെ ആകർഷിക്കുന്ന ശാന്തസുന്ദരമായ മറ്റൊരു പ്രദേശം ഈ ഭൂലോകത്തുണ്ടോ എന്നത് സംശയമാണ്. കടുത്ത സമ്മറിലും സഞ്ചാരികളെ കൂടുതൽ ഉന്മേഷവാൻമാരാക്കുന്ന സുഖ ശീതളകാലാവസ്ഥ. ചുറ്റുപാടുമുള്ള മലകളിലെ മനോഹര കാഴ്ചകളിലൂടെ നടക്കുമ്പോൾ ലഭിക്കുന്ന ശുദ്ധമായ വായു. പ്രകൃതിയ്ക്ക് തെല്ലും പരിക്കേൽപ്പിക്കാതെയാണ് പ്രകൃതിസ്നേഹികളായ ഇവരുടെ നിർമ്മാണപ്രവർത്തനങ്ങളെല്ലാം.

ഷിൽത്തോണിലേക്കുള്ള വഴിയിൽ ഇടയിലുള്ള ബിർഗ് സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങി. 2677 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബിർഗ് സ്റ്റേഷനിന്നുള്ള പനോരമ കാഴ്ചകൾ ആസ്വദിക്കുന്നത് തീർച്ചയായും മൂല്യവത്താണ്. ശൈത്യകാലത്ത് സ്കീയിംഗ് ഏരിയയുടെ കേന്ദ്രബിന്ദുവാണ് ബിർഗ്. ലോകത്തിന്റെ നനാഭാഗത്തു നിന്നും ധാരാളംപേർ മഞ്ഞുകാല വിനോദങ്ങൾക്കായ് ഇവിടെയെത്തുന്നു. പലരും ഇവിടെ നിന്ന് സ്കീയിംഗ് ആരംഭിക്കുകയും, റെസ്റ്റോറന്റിലെ വിശാലമായ ടെറസിൽ സൂര്യപ്രകാശത്തിന്റെ അവസാന കിരണങ്ങളും ഏറ്റുവാങ്ങി ബിയറും നുണഞ്ഞ് അവസാനിപ്പിക്കുകയും ചെയ്യുന്നു. വലിയ സൺ ടെറസുള്ള ബിസ്ട്രോ റെസ്ന്റോറന്റിൽ ഇരുന്നാൽ ഐഗർ, മോൺഷ്, യുങ്ങ്ഫ്രാവ് എന്നീ മലകളെ ഒറ്റ ഫ്രെയിമിൽ അടുത്ത് കാണാം.

ബിർഗ് റെസ്ന്റോറന്റിന്റെ ടെറസ്സിൽ നിന്ന് താഴേക്ക് പടികൾ ഇറങ്ങിയാൽ മലയ്ക്ക് ലംബമായി തീർത്ത പാതയിലൂടെ പരുക്കൻ പർവ്വത ഭൂപ്രദേശത്തിന്റെ കാഴ്ചകൾ കണ്ട് നടക്കാം. ത്രിൽവാക്ക് തരുന്ന ആവേശം അക്ഷരാർത്ഥത്തിൽ ഒരു പ്രത്യേക അനുഭൂതിയാണ്. ആകാശനടപ്പിലൂടെയാകട്ടെ (Skyline Walk) സഞ്ചാരികളെ കാഴ്ചയുടെ പുത്തൻ തലങ്ങളിലേയ്ക്ക് ആനയിക്കുന്നു. ഈ നടപ്പിൽ അതിശയിപ്പിക്കുന്ന ആനന്ദകരമായ പനോരമിക് കാഴ്ചകളുടെ നല്ല ചിത്രങ്ങളും, കൊതി തീരേ സെൽഫികളും എടുക്കാം. ഇത്തരത്തിലൊരു അനുഭവം ബിർഗ് സ്റ്റേഷനിൽ ഉള്ളതിനേക്കാൾ അധികമായി മറ്റൊരിടത്തും കിട്ടുമെന്ന് തോന്നുന്നില്ല.

ഇരുന്നൂറ് മീറ്റർ നീളമുള്ള ത്രിൽ വാക്കിന്റെ നടപ്പാത വിന്ററിൽ പകുതിയോളം അടിച്ചിടും. പരുക്കൻ പാറക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള നടത്തത്തിനും കൂടുതൽ കാഴ്ചകൾ കാണാനും നല്ലത് വേനൽക്കാലമാണ്. സമയം ഉച്ചയോട് അടുത്തു. ഷിൽത്തോൺ കൊടുമുടിയിലേയാക്കാണ് ഇനിയുള്ള യാത്ര. അവിടത്തെ കാഴ്ചവിശേഷങ്ങൾക്കായി അല്പം കാത്തിരിക്കുക.

——————————————————————————————————————–

ആൽപ്സിലെ പേരുകേട്ട കൊടുമുടിയായ ഷിൽത്തോൺ കൊടുമുടിയിലേയ്ക്ക്കൊരു യാത്ര ..വിവരണം ടോം കുളങ്ങര . PART-1

വിമാനങ്ങളോ ഗൂഗിൾമാപ്പോ മറ്റ് ആധുനിക സംവിധാനങ്ങളോ ഇല്ലാതിരുന്ന ഒരു കാലത്ത് രാജ്യങ്ങളുടെ അതിർവരമ്പുകൾ താണ്ടി സഞ്ചരിച്ച അത്ഭുത സഞ്ചാരിയാണ് ഇബ്ൻ ബത്തൂത്ത. അദ്ദേഹത്തിന്റെ വാക്കുകൾ കടം കൊണ്ടാൽ, യാത്രകൾ ആദ്യം നിങ്ങളിൽ മൗനം നിറയ്ക്കും, പിന്നീടത് നിങ്ങളെ കഥകൾകൊണ്ട് മൂടും. മഞ്ഞ് മൂടിയ ആൽപ്സിലൂടെയുള്ള ഞങ്ങളുടെ യാത്രയും കഥകൾകൊണ്ട് മൂടിയതാണ്.

ആൽപ്സിലെ പേരുകേട്ട ഒരു കൊടുമുടിയാണ് ഷിൽത്തോൺ. ആ കൊടുമുടിയിലേയ്ക്കാണ് യാത്ര. മാമരം കോച്ചും കൊച്ചുവെളുപ്പാൻ കാലത്തേ ഞങ്ങൾ യാത്ര ആരംഭിച്ചു. ട്രാമിലും ട്രെയിനിലും, കേബിൾ കാറിലുമായായി മൂന്നുമണിക്കൂർ യാത്രയുണ്ട്. പ്രവർത്തിദിനമായതിനാൽ റെയിൽവേസ്റ്റേഷനിൽ സാമാന്യം നല്ല തിരക്കുണ്ട്. ഞങ്ങൾക്ക് പോകേണ്ട ട്രെയിൻ ഫ്ലാറ്റ്ഫോമിൽ പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. ഇന്റർലാക്കാൻ ഓസ്റ്റിൽ ഇറങ്ങി മറ്റൊരു ട്രെയിൻ എടുത്ത് മലയടിവാരത്തുള്ള ലൗട്ടർബ്രൂണൻ താഴ്‌വരയിൽ എത്തണം. ഇന്റർലാക്കനിൽ നിന്നും ലൗട്ടർബ്രൂണൻ വരെയുള്ള ട്രെയിൻയാത്രയിലെ വഴിയോരക്കാഴ്ചകൾ അതിമനോഹരമാണ്. ലൗട്ടർ എന്ന ജർമ്മൻ പദത്തിന് മലയാളത്തിൽ അർത്ഥം ഉച്ചത്തിൽ എന്നും, ബ്രൂണൻ എന്നാൽ ജലധാര എന്നുമാണ്. ഇടിമിന്നൽ പോലെ മിന്നി ജ്വലിച്ച് ഒഴുകുന്ന 72 വെള്ളച്ചാട്ടങ്ങൾ ഉള്ള ഈ താഴ്‌വര അറിയപ്പെടുന്നത് വെള്ളച്ചാട്ടങ്ങളുടെ താഴ്‌വര എന്നാണ്. ഈ വെള്ളച്ചാട്ടങ്ങൾ ഉണ്ടാക്കുന്ന ശബ്ദഗാംഭീര്യം കൊണ്ടാണ് ഈ താഴ്‌വരയ്ക്ക് ലൗട്ടർബ്രൂണൻ എന്ന പേര് കിട്ടാൻ കാരണം. ഇവിടെ നിന്നാണ് ഞങ്ങൾ ഷിൽത്തോൺ കൊടുമുടിയിലേയ്ക്കുള്ള കയറ്റം ആരംഭിക്കുന്നത്.

ലൗട്ടർബ്രൂണനിൽ നിന്നും 1486 മീറ്റർ ഉയരത്തിലാണ് ഗുർട്ട്ഷാൽപ്. അങ്ങോട്ടേയ്ക്കുള്ള കേബിൾ കാറിലാണ് അദ്യം കയറേണ്ടത്. ലൗട്ടർബ്രൂണനിൽ നിന്നുള്ള കേബിൾ കാറും മ്യൂറനിൽ നിന്നുള്ള റെയിൽവേയും തമ്മിൽ ഗുർട്ട്ഷാൽപിൽ സംയോജിക്കുന്നു. ഗുർട്ട്ഷാൽപിൽ നിന്ന് പത്ത് കിലോമീറ്റർ വേഗതയിൽ ഓടുന്ന ഒരു കൊച്ചു ട്രെയിനിലാണ് മ്യൂറെൻ പർവ്വതഗ്രാമത്തിലേയ്ക്കുള്ള യാത്ര. ഇടയിൽ 1578 മീറ്റർ ഉയത്തിൽ വിന്റർഎഗ്ഗ് എന്നൊരു സ്റ്റേഷനുണ്ട്. സ്കീക്ക് മാത്രമായി വന്ന ധാരാളം പേർ ട്രെയിനിൽ കയറിയിട്ടുണ്ട്. അവരെല്ലാം വിന്റർഎഗ്ഗ് സ്റ്റേഷനിൽ ഇറങ്ങി. ഈ പ്രദേശങ്ങളെല്ലാം സ്ക്രീ ഏരിയകളാണ്. അവിടത്തെ കാഴ്ചകൾ കാണാനായി ഞങ്ങളും കൂടെയിറങ്ങി. ചുറ്റും തലനരച്ച മലകൾ. മഞ്ഞിൽ മൂടിയ താഴ്‌വര. എങ്ങും പാൽക്കടൽ പോലെ.

മഞ്ഞിലെ കളികൾ അറിയില്ലെങ്കിലും മറ്റുള്ളവർ കളിക്കുന്നത് കണ്ടുനിൽക്കാൻ നല്ല രസം. ഈ അന്തരീക്ഷത്തിന് പറ്റിയ നല്ലൊരു റെസ്റ്റോറന്റും ഇവിടെയുണ്ട്. ഇനിയും മല മുകളിലേയ്ക്ക് പോകാനുള്ളതുകൊണ്ട് വിന്റർഎഗ്ഗിൽ നിന്നും ഞങ്ങൾ അടുത്ത സ്റ്റേഷനായ മ്യൂറെനിലേക്ക് തിരിച്ചു. ഗുർട്ട്ഷാൽപിനും മ്യൂറെനും ഇടയിലുള്ള യാത്ര 12 മിനിറ്റേ ഉള്ളെങ്കിലും അതൊരു റൊമന്റിക് യാത്ര തന്നെയാണ്. സഞ്ചാരികൾക്ക് ഐഗർ, മോൻഷ്, യുങ്ങ്ഫ്രാവ് മലകളിലെ തുഷാര കാഴ്ചകൾ സമ്മാനിച്ച് മനം കവരുന്ന ഒരു സ്വപ്നയാത്ര. സ്വിറ്റ്സർലാൻഡിലെ വൺഡേ ടിക്കറ്റാണ് നിങ്ങൾ എടുത്തിരിക്കുന്നതെങ്കിൽ മ്യൂറെൻ വരെ മറ്റൊരു ടിക്കറ്റിന്റെ ആവശ്യമില്ല.

ഷിൽത്തോൺ കൊടുമുടിയുടെ അടിവാരത്തുള്ള ഒരു സ്വിസ് പർവ്വതഗ്രാമമാണ് മ്യൂറെൻ. 1650 മീറ്റർ ഉയരത്തിൽ മലമടക്കുകളുടെ മടിയിൽ ഒളിഞ്ഞിരിക്കുന്ന ഈ ഗ്രാമം, പെട്രോൾ ഡീസൽ കാർ രഹിതമാണ്. സർവ്വസമ്പൂർണ്ണ കാഴ്ചാ വിസ്മയവുമായി ഏകദേശം 52 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന അഴകുള്ള ഈ ഗ്രാമം വിന്ററിലും, സമ്മറിലും സഞ്ചാരികളെ ആകർഷിക്കുന്നു. ഈ ഗ്രാമത്തിലെ അന്തേവാസികളുടെ എണ്ണം 500-ൽ താഴെയാണെങ്കിലും, ഹോട്ടലുകളും, ഹോംസ്റ്റേകളുമൊക്കെയായി 2000 ത്തിലധികം ടൂറിസ്റ്റുകളെ താമസിപ്പിക്കുവാനുള്ള സൗകര്യം മലമടക്കിലെ ഈ ഗ്രാമത്തിലുണ്ട്.

നല്ല സൂര്യപ്രാകശമുള്ളപ്പോൾ മലകയറുകയാണെങ്കിൽ മലമുകളിൽ നിന്ന് വിദൂര കാഴ്ചകൾ നന്നായി കാണാം. സൂര്യൻ നന്നായി കത്തി ജ്വലിക്കുന്നുണ്ടെങ്കിലും ഉച്ചയോട് അടുത്തിട്ടും സൂര്യരശ്മികൾക്ക് ഇപ്പോഴും തണുപ്പ് തന്നെ. അതുകൊണ്ട് സൗജന്യമായി സൂര്യൻ തരുന്ന വിറ്റാമിൻ ഡി, ശൈത്യകാലം തീരും വരെ ഞങ്ങളൊക്കെ മരുന്നുകടയിൽ നിന്ന് കാശ് കൊടുത്ത് വാങ്ങിയാണ് സേവിക്കുന്നത്. മഞ്ഞ് കാണാനൊക്കെ നല്ല രസമാണ്. പക്ഷേ സ്ഥിരം അനുഭവിച്ചാൽ അറിയാം അതിന്റെ ബുദ്ധിമുട്ടുകൾ. മകരമാസത്തിലെ ചെറു കുളിരിൽ കരിയില കൂട്ടി തീ കായുന്നവർക്ക് അറിയില്ലല്ലോ ഇവിടത്തെ തണുപ്പിന്റെ കാഠിന്യവും ഇടുന്ന ഡ്രസ്സുകളുടെ എണ്ണവും ഷൂസിന്റെ കട്ടിയും. ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിനിൽ കാവലിരിക്കുന്ന നമ്മുടെ സൈനികരെ സമ്മതിക്കണം.

മ്യൂറെനിൽനിന്നും 2677 മീറ്റർ ഉയരത്തിലുള്ള ബിർഗിലേയ്ക്കാണ് ഞങ്ങൾ ഇനി പോകുന്നത്. അവിടെ നിന്ന് ഷിൽത്തോൺ കൊടുമുടിയിലെ 007 ജയിംസ് ബോണ്ട് സിനിമ ഷൂട്ട് ചെയ്ത പിസ് ഗ്ലോറിയ റെസ്റ്റോറന്റിലേയ്ക്കും. മല നിറുകയിൽ മഞ്ഞിന്റെ ധവളാഭയിൽ കണ്ണഞ്ചിപ്പിക്കുന്ന പർവ്വതങ്ങളും കൊടുമുടികളും താഴ്‌വരകളും ഇഴുകിച്ചേർന്ന് കണ്ണും കരളും കോൾമയിർകൊള്ളിക്കുന്ന കൗതുക കാഴ്ചയുടെ കൂടുതൽ വിശേഷങ്ങൾ അടുത്ത ലക്കത്തിൽ.