Gulf Pravasi

കോവിഡ് ടെസ്റ്റ് നിര്‍ബന്ധമെന്ന് സര്‍ക്കാര്‍; ആശങ്കയിലായി പ്രവാസികള്‍

ഗൾഫിൽ കോവിഡ് ടെസ്റ്റ് സംവിധാനങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കാതെയാണ് സർക്കാർ നീക്കം

കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സർക്കാർ നിർദേശം പ്രവാസലോകത്തെയും ആശങ്കയിലാക്കുന്നു. ഗൾഫിൽ കോവിഡ് ടെസ്റ്റ് സംവിധാനങ്ങളുടെ അപര്യാപ്തതയും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കാതെയാണ് സർക്കാർ നീക്കം. സംസ്ഥാനത്ത് മികച്ച ക്വറന്‍റൈൻ സംവിധാനം ഒരുക്കുക മാത്രമാണ് പരിഹാരമെന്നും പ്രവാസി കൂട്ടായ്മകൾ നിർദേശിക്കുന്നു. മിക്ക ഗൾഫ് രാജ്യങ്ങളിലും രോഗലക്ഷണമുള്ളവർക്കല്ലാതെ കോവിഡ് ടെസ്റ്റ് നടക്കുന്നില്ല എന്നിരിക്കെ, പ്രവാസികളുടെ മടക്കയാത്ര മുടക്കുന്ന നടപടിയായി സർക്കാർ നിർദേശം മാറിയേക്കും.

അതിവേഗത്തില്‍ ഫലം ലഭിക്കുമെന്ന് പറയുന്ന റാപ്പിഡ് ടെസ്റ്റും ആന്റിബോ‍ഡി ടെസ്റ്റും മിക്ക ഗൾഫ് രാജ്യങ്ങളിലും നടക്കുന്നില്ല. എന്നിരിക്കെ, മടക്കയാത്രക്ക് തടസം സൃഷ്ടിക്കാൻ മാത്രമേ ഇത്തരം നിർദേശങ്ങൾ ഉതകൂ എന്നാണ് പ്രവാസി കൂട്ടായ്മകളുടെ നിലപാട്. എല്ലാ യാത്രക്കാർക്കും കോവിഡ് ടെസ്റ്റ് നടത്തി റിസൽട്ട് ഉറപ്പാക്കുക എന്നത് പ്രായോഗികമായി ഗൾഫിൽ എളുപ്പമല്ല. യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാവെട്ട, പിസിആര്‍ ടെസ്റ്റ് ഫലങ്ങള്‍ വരാന്‍ ദിവസങ്ങൾ തന്നെ വേണ്ടി വരും. സ്വകാര്യ സ്ഥാപനങ്ങളെ ടെസ്റ്റിനായി സമീപിച്ചാൽ യു.എ.ഇയിലും ഒമാനിലും മറ്റും വലിയ തുക നൽകേണ്ട സാഹചര്യമാണുള്ളത്. പരിശോധന സൗജന്യമാണെങ്കിലും അതിന് അനുമതി ലഭിക്കുന്ന സാഹചര്യമല്ല കുവൈത്തിൽ. ബഹ്റൈനിലും ടെസ്റ്റ് സൗജന്യമാണ്. എന്നാൽ സർക്കാർ സംവിധാനങ്ങളിലുടെ നിശ്ചിത സമയത്ത് പരിശോധന നടത്തി കിട്ടുക എളുപ്പമല്ല.

ടെസ്റ്റിനേക്കാൾ പ്രത്യേകമായി തയാർ ചെയ്ത ആപ്ലിക്കേഷൻ നിർബന്ധമാക്കിയാണ് രോഗലക്ഷണമുള്ളവരെ കണ്ടെത്തുക എന്നതാണ് ഖത്തറിലെ സംവിധാനം. സൗദിയിൽ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ ഒരാള്‍ക്ക് മുപ്പതിനായിരം രൂപക്ക് മുകളിലാണ് ചെലവ്. ക്വാറൻറയിൻ സംവിധാനം ഫലപ്രദമായി നടപ്പാക്കുകയല്ലാതെ, പ്രവാസികളുടെ മടക്കയാത്രക്ക് വിഘാതമാകുന്ന നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകരുതെന്നാണ് പ്രവാസലോകം ഒന്നാകെ ആവശ്യപ്പെടുന്നത്.