Latest news

‘മഹല്ല് കമ്മിറ്റി അധ്യക്ഷന്‍ രാധാഗോപി മേനോന്‍’; 74വര്‍ഷം പഴക്കമുള്ള മുട്ടിലിന്റെ മതേതര കഥ

ഒരേ സമയം മുട്ടില്‍ മുസ്ലിം പള്ളി മഹല്ല് കമ്മിറ്റിയുടെയും മഹാവിഷ്ണു ക്ഷേത്രത്തിന്റെയും ഭരണസാന്നിധ്യത്തിലുണ്ടായിരുന്ന വ്യക്തിയാണ് രാധാഗോപി മേനോന്‍. ഓര്‍മയായിട്ട് പതിറ്റാണ്ടുകളായെങ്കിലും രാധാഗോപി മേനോന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ഇപ്പോഴും ഒരു നാടിന്റെ മുഴുവന്‍ ഹൃദയത്തിലുണ്ട്. 1949ലെ മുട്ടില്‍ മുസ്ലിം പള്ളി മഹല്ല് കമ്മിറ്റിയുടെ മിനിറ്റ്സ് ബുക്കില്‍ ഒരു ഹൈന്ദവനാമം കാണാം. അതാണ് രാധാഗോപിമേനോന്റേത്. വയനാട് മുട്ടിലിന്റെ മതേതര ചരിത്രത്തിന്റെ സുവര്‍ണ അധ്യായം.

മതവും ജാതിയും വര്‍ണവുമെല്ലാം രാഷ്ട്രീയം പോലെ തന്നെ പരിഗണിക്കപ്പെടുന്ന ഇക്കാലത്ത് ഒരു മുസ്ലിം പള്ളിയുടെ മഹല്ല് കമ്മിറ്റി അധ്യക്ഷനായ ഒരു ഹിന്ദുമത വിശ്വാസിയെ സങ്കല്‍പ്പിക്കാന്‍ പോലും പലര്‍ക്കുമാവില്ല. തികഞ്ഞ ദൈവവിശ്വാസിയായ രാധാഗോപി മേനോന്‍ ഒരു നാടിന് മുഴുവന്‍ സ്വീകാര്യനായിരുന്നു. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടതാണ് മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക്.

74 വര്‍ഷം മുന്‍പ് മഹല്ല് കമ്മിറ്റിക്കാര്‍ എഴുതിച്ചേര്‍ത്ത മിനിറ്റ്സ് ബുക്ക് ഇന്നും ഒരു കേടുപാടുമില്ലാതെ സൂക്ഷിച്ചിരിക്കുന്നത് രാധാഗോപി മേനോനെ അടയാളപ്പെടുത്തല്‍ കൂടിയാണ്. അധ്യാപകനും എഴുത്തുകാരനുമായ ബാവ കെ പാലുകുന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രാധാഗോപി മേനോന്‍ ചരിത്രമാക്കിയ മുട്ടിലിന്റെ കഥയുള്ളത്.മലപ്പുറം ജില്ലയില്‍ ജനിച്ച രാധാഗോപി മേനോന്‍ ജോലി ആവശ്യത്തിനായി വയനാട്ടില്‍ എത്തിയതാണ്. ദേശീയ പ്രസ്ഥാനങ്ങളില്‍ അക്കാലത്ത് വളരെ സജീവമായിരുന്നു അദ്ദേഹം. കോഴിപ്പുറത്ത് മാധവമേനോന്റെ ഭാര്യ എ വി കുട്ടിമാളു അമ്മയുടെ സഹോദരനാണ്.

നാട്ടിലെ സാധാരണ ജനങ്ങളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയുമെല്ലാം അവകാശസംരക്ഷത്തിനും ഗാന്ധിയന്‍ ആശയ പ്രചാരണത്തിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന രാധാഗോപി മേനോന്‍ മഹല്ല് കമ്മിറ്റി അധ്യക്ഷനായിരുന്ന വിവരം പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറം പുറം ലോകമറിഞ്ഞത് അദ്ദേഹത്തിന്റെ മകന്‍ ആര്‍ ദിവാകരന്‍ മരിച്ച വാര്‍ത്ത പത്രത്തിന്റെ ചമരകോളത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ്.