Kerala Latest news

പഴവർഗങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കും; ലക്ഷ്യം ലഹരിമുക്ത സംസ്ഥാനം; എം ബി രാജേഷ്

ലക്ഷ്യം ലഹരിമുക്ത സംസ്ഥാനം, മന്തിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്ത് ലഹരിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിമുക്തി പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. വിമുക്തി മാതൃകാ പഞ്ചായത്തുകൾ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.

എക്‌സൈസിനൊപ്പം എസ് പി സി കേഡറ്റുകളെ ഉൾപ്പെടുത്തി ലഹരിമരുന്ന് വ്യാപനം പഠിക്കാൻ സംവിധാനം. കള്ള് ഷാപ്പുകൾക്ക് ഒരേ ഡിസൈൻ കൊണ്ടുവരും. ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകാനാണ് തീരുമാനം. കള്ള് ഷാപ്പുകളിൽ തനത് ഭക്ഷണം കൂടി ലഭ്യമാക്കും. കേരള ടോഡി എന്ന ബ്രാൻഡിൽ കള്ള് ഉൽപാദിപ്പിക്കും. കേരളത്തിൽ വിദേശ മദ്യവും ബിയറും പരമാവധി ഉത്പാദിപ്പിക്കാനാണ് നീക്കം. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും.

പഴവർഗങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കും. വിദേശികൾ കൂടുതൽ വരുന്ന റെസ്റ്റോറന്റുകളിൽ ബിയറും വൈനും നൽകാൻ പ്രത്യേക ലൈസൻസ് നൽകുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ പാർക്കുകളിൽ മദ്യം ലഭ്യമാക്കുമെന്നും ഐ.ടി പാർക്കുകളിൽ മദ്യം നൽകുന്നതിനുള്ള ചട്ടം ഭേദഗതി ചെയ്തുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ 2.4 ശതമാനമാണ് മദ്യവിൽപന കൂടി. 340 കോടി അധിക വരുമാനം ഈ വർഷം മദ്യവിൽപ്പനയിലൂടെ കിട്ടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബാർ ലൈസൻസ് ഫീസ് വർധിപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 30ലക്ഷം രൂപയിൽ നിന്ന് 35 ലക്ഷം രൂപയായാണ് ഫീസ് വർധിപ്പിച്ചത്. ഒന്നാം തീയതി ഡ്രൈഡേ തുടരും.