International

ശരിക്കുള്ള അയോധ്യ നേപ്പാളില്‍, ശ്രീരാമന്‍ നേപ്പാളി: വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി

സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

യഥാര്‍ഥ അയോധ്യ ഇന്ത്യയിലല്ലെന്നും നേപ്പാളിലാണെന്നുമുള്ള വിവാദ പ്രസ്​താവനയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയാണെന്നും അദ്ദേഹം പറഞ്ഞെന്ന് വാർത്താ​ ഏജൻസിയായ എഎൻഐ റി​പ്പോർട്ട്​ ചെയ്​തു.

പ്രധാനമന്ത്രിയുടെ വസതിയില്‍ സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശര്‍മ ഓലി. സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ആരോപിച്ചു. ശാസ്ത്ര രംഗത്ത് നേപ്പാള്‍ നല്‍കിയ സംഭാവനകളെ വിലകുറച്ചാണ് കാണുന്നത്. ബിര്‍ഗുഞ്ച് ജില്ലയുടെ പശ്ചിമ ഭാഗത്താണ് അയോധ്യ. കാഠ്മണ്ഡുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. വസ്തുതകളിലും സംസ്കാരത്തിലും കടന്നുകയറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയുടെ അതിര്‍ത്തി മേഖലകള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്ത്​ നേപ്പാൾ പുതിയ ഭൂപടം തയാറാക്കിയത്​ വിവാദമായിരുന്നു. കാലാപാനി, ലിംപിയാധുര, ലിപൂലേക് എന്നീ പ്രദേശങ്ങളെയാണ് നേപ്പാള്‍ ഭൂപടത്തിൽ ഉള്‍പ്പെടുത്തിയത്. നേപ്പാളില്‍ കോവിഡ് പടരാന്‍ കാരണം ഇന്ത്യയാണെന്നും ഇന്ത്യയിലെ വൈറസാണ്​ ചൈനയുടേതിനേക്കാൾ ഭീകരമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി. മാത്രമല്ല ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണം നേപ്പാളിൽ നിരോധിച്ചു. നേപ്പാളിന്റെ താൽപര്യങ്ങൾ ഹനിക്കുന്ന വാർത്തകൾ സംപ്രേഷണം ചെയ്യുന്നെന്ന്​ ആരോപിച്ചായിരുന്നു നിരോധനം. ഇന്ത്യക്കെതിരായ വിവാദ പരാമര്‍ശങ്ങളുടെ തുടര്‍ച്ചയാണ് അയോധ്യ സംബന്ധിച്ച അവകാശവാദം.