International World

കൊറോണ വൈറസിനെതിരായ ആദ്യ വാക്സിന്‍ പരീക്ഷണം നടത്തിയതായി അമേരിക്ക

കോവിഡ് 19 ബാധിച്ച് ലോകത്ത് മരണം 7157 ആയി. പടിഞ്ഞാറന്‍ യൂറോപ്പ് സ്തംഭനത്തിലേക്ക്. യൂറോപ്പിലേക്കുള്ള വഴികളടച്ച് ആഫ്രിക്ക. അമേരിക്കയില്‍ 10ലേറെ പേര്‍ കൂട്ടംകൂടുന്നതിന് വിലക്ക്.

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായിരം കടന്നു. ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. അമേരിക്കയില്‍ 10 കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നതിന് നിരോധിച്ചു. പടിഞ്ഞാറന്‍ യൂറോപ്പ് സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. കൊറോണ വൈറസിനെതിരായ ആദ്യ വാക്സിന്‍ പരീക്ഷണം നടത്തിയതായി അമേരിക്ക അവകാശപ്പെട്ടു.

ലോകത്ത് ഇതുവരെ 1,82,383 പേര്‍ക്കാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ മരണസംഖ്യ നാള്‍ക്കുനാള്‍ കൂടുകയാണ്. ഇന്നലെ മാത്രം ഇറ്റലിയില്‍ രോഗം ബാധിച്ച് 349 പേര്‍ മരിച്ചു. ഇതോടെ ഇറ്റലിയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2158 ആയി. 3233 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

വൈറസ് ബാധ തടയാന്‍ ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജര്‍മനിയില്‍ പലവ്യഞ്ജന സ്ഥാപനങ്ങളൊഴികെ മറ്റു സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യമായി സ്പെയിൻ. 9942 പേര്‍ക്കാണ് സ്പെയിനില്‍ രോഗം ബാധിച്ചത്. 292 പേര്‍ മരിച്ചു. 15 ദിവസം സ്പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്പെയിനിനു പുറമേ ഫിന്‍ലാന്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇറാനില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 853 ആയി. കോവിഡ് ഭീഷണിയെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തികള്‍ പൂര്‍ണമായും അടക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇന്ന് യോഗം ചേരും.