Football Sports Uncategorized

റൊണാള്‍ഡീന്യോയെ പുറത്തിറക്കാന്‍ മെസി കോടികള്‍ മുടക്കിയോ?

വ്യാജപാസ്‌പോര്‍ട്ടുമായി പരാഗ്വെയില്‍ അറസ്റ്റിലായ റൊണാള്‍ഡീന്യോ ഇപ്പോള്‍ ജയിലിലാണ്…

ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോയെ മാര്‍ച്ച് ആറിനാണ് വ്യാജ പാസ്‌പോര്‍ട്ടുമായി പരാഗ്വെയില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ റൊണാള്‍ഡീന്യോയേയും സഹോദരനേയും ജയിലിലേക്ക് മാറ്റിയിരുന്നു. ആറ് മാസം തടവുശിക്ഷവരെ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് റൊണാള്‍ഡീന്യോക്കും സഹോദരനും മേല്‍ ചുമത്തിയിരിക്കുന്നത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ എന്തായാലും റൊണാള്‍ഡീന്യോക്ക് ജയിലില്‍ കിടക്കേണ്ടി വരും. പരാഗ്വെ നിയമം അനുസരിച്ച് ആറ് മാസം വരെ അന്വേഷണം പൂര്‍ത്തിയാകാന്‍ എടുക്കാം. ചാരിറ്റി പരിപാടിക്കും പുസ്തകത്തിന്റെ പ്രചാരണത്തിനുമായാണ് റൊണാള്‍ഡീന്യോ പരാഗ്വെയിലെത്തിയത്. ചടങ്ങുകളുടെ സംഘാടകര്‍ സമ്മാനിച്ചതാണ് പാസ്‌പോര്‍ട്ടെന്നാണ് റൊണാള്‍ഡീന്യോയുടെ വിശദീകരണം.

വ്യാജ പാസ്‌പോര്‍ട്ടാണ് കൈവശം വെച്ചതെന്ന അറിയില്ലായിരുന്നെന്നും പറ്റിക്കപ്പെടുകയായിരുന്നുവെന്നുമാണ് കോടതിയില്‍ റൊണാള്‍ഡീന്യോയും സഹോദരനും വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞത്. സ്വന്തം കൈവശമുള്ളത് വ്യാജ പാസ്‌പോര്‍ട്ടായിരുന്നുവെന്ന് പോലും മനസിലാക്കാന്‍ കഴിയാതിരുന്ന റൊണാള്‍ഡീന്യോ വിഡ്ഡിയാണെന്നായിരുന്നു റൊണാള്‍ഡീന്യോയുടെ അഭിഭാഷക സംഘത്തിലെ ഒരാളായ അഡോള്‍ഫോ മാരിന്‍ പ്രതികരിച്ചത്.

റൊണാള്‍ഡീന്യോയെ കുറ്റവിമുക്തനാക്കുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ വസ്തുജാമ്യത്തില്‍ അദ്ദേഹത്തെ വീട്ടു തടങ്കലിലേക്ക് മാറ്റാനാണ് അഭിഭാഷകര്‍ ശ്രമിക്കുന്നത്. ഇതിനിടെ റൊണാള്‍ഡീന്യോയെ പാര്‍പിച്ച ജയിലില്‍ നടന്ന ഫുട്‌സാല്‍ മത്സരത്തിലും അദ്ദേഹം കളിക്കാനിറങ്ങിയിരുന്നു. ജയിലിലെ ഫുട്‌ബോള്‍ മത്സരത്തില്‍ അഞ്ച് ഗോളടിക്കുകയും ആറ് ഗോള്‍ അടിപ്പിക്കുകയും ചെയ്ത റൊണാള്‍ഡീന്യോ സ്വന്തം ടീമിനെ 11-2ന് വിജയിപ്പിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

റൊണാള്‍ഡീന്യോയെ പുറത്തിറക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് അര്‍ജന്റീന സൂപ്പര്‍താരവും ബാഴ്‌സലോണയിലെ റൊണാള്‍ഡീന്യോയുടെ സഹതാരവുമായിരുന്ന മെസി രംഗത്തിറങ്ങുന്നുവെന്ന വാര്‍ത്തകള്‍വരുന്നത്. റൊണാള്‍ഡീന്യോയെ പുറത്തിറക്കാനായി അഭിഭാഷക സംഘത്തെ നിയോഗിക്കാന്‍ 30 കോടിയോളം രൂപ(3.25 ദശലക്ഷം പൗണ്ട്) ചിലവാക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് മെസിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും തന്നെ രംഗത്തെത്തിയിരിക്കുകയാണ്.