International

നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി കുവൈത്ത്

രാജ്യത്തിന് പുറത്തുള്ളവർക്ക് ഇഖാമ പുതുക്കാൻ നൽകിയ ഇളവ് പ്രയോജനപ്പെടുത്താത്തവർക്കാണ് താമസാനുമതി നഷ്ടമായത്

കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി താമസകാര്യ വകുപ്പ്. രാജ്യത്തിന് പുറത്തുള്ളവർക്ക് ഇഖാമ പുതുക്കാൻ നൽകിയ ഇളവ് പ്രയോജനപ്പെടുത്താത്തവർക്കാണ് താമസാനുമതി നഷ്ടമായത്.

നാല്‍പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി കുവൈത്ത്

താമസകാര്യ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹമദ് റഷീദ് അൽ തവാല പ്രാദേശിക പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി മൂലം വിമാന സർവീസ് നിലച്ച പശ്ചാത്തലത്തിൽ നിലവിൽ രാജ്യത്ത് ഇല്ലാത്ത വിദേശികളുടെ വിസ പുതുക്കാൻ സ്പോൺസർ കമ്പനി പ്രതിനിധി എന്നിവർക്ക് അനുമതി നൽകിയിരുന്നു.

മാനുഷിക പരിഗണന മുൻനിർത്തിയാണ് വിസ കാലാവധി കഴിഞ്ഞ രാജ്യത്തിനകത്തുള്ളവർക്ക് ആഗസ്റ്റ് 31 വരെ സ്വമേധയാ ദീർഘിപ്പിച്ച് നൽകുകയും പുറത്തുള്ളവരുടെ ഇഖാമ സ്പോൺസർക്കും മൻദൂബിനും പുതുക്കാൻ അനുമതി നൽകുകയും ചെയ്തത്. വിദേശത്തുള്ള നിരവധി പേർ ഇത്തരത്തിൽ ഇഖാമ പുതുക്കിയിരുന്നു.

എന്നാൽ അവസരം പ്രയോജനപ്പെടുത്താത്തവരാണ് വെട്ടിലായത്. ഇവർക്ക് ഇനി പുതിയ വിസയിൽ മാത്രമേ വരാൻ കഴിയൂ. അവധിക്കു പോയ നാല്‍പതിനായിരത്തോളം വിദേശികൾക്കാണ് ഇഖാമ നഷ്ടമായത്. ഈ വര്‍ഷം അവസാനത്തോടെ ഇഖാമ വിസ ഫീസ് ഘടനയിൽ വർദ്ധനവ് നടപ്പാക്കുമെന്നും ചോദ്യത്തിനുത്തരമായി ബ്രിഗേഡിയർ ഹമദ് റഷീദ് അൽ തവാല പറഞ്ഞു.