International

കുവൈത്തിൽ 804 പേർക്ക് കൂടി കോവിഡ്

പുതിയ രോഗികളിൽ  261 ഇന്ത്യക്കാർ. ഇന്ന് ഒരു  മലയാളി ഉൾപ്പെടെ മൂന്നു മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 804 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 17568 ആയി. പുതിയ രോഗികളിൽ 261 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5667 ആയി. 24 മണിക്കൂറിനിടെ ഒരു  മലയാളി ഉൾപ്പെടെ 3 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. കണ്ണൂർ, മേലെ ചൊവ്വ പുത്തൻ പുരയിൽ അനൂപ് (51) ആണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 124 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 339 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 126 പേർക്കും അഹമ്മദിയിൽ നിന്നുള്ള 207 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 46 പേർക്കും ജഹറയിൽ നിന്നുള്ള 86 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:

  • ഫർവാനിയ: 108
  • ഖെയ്താൻ: 71
  • ഹവല്ലി: 47
  • ജലീബ് അൽ ശുയൂഖ്: 66

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3618 പേരെ  കോവിഡ്  ടെസ്റ്റിന് വിധേയമാക്കി. ഇതുവരെ 256314 സ്വാബ് ടെസ്റ്റുകൾ നടത്തി.

പുതുതായി 204 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ4885 ആയി. നിലവിൽ 12559 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 167 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.