International

കോവിഡ് മരണസംഖ്യ ഉയർന്നതിന്റെ ആശങ്കയിൽ ഗൾഫ് മേഖല

ഇന്നലെ മാത്രം 30 പേരാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത്

കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുത്തനെ ഉയർന്നതിന്റെ ആശങ്കയിൽ ഗൾഫ് മേഖല. ഇന്നലെ മാത്രം 30 പേരാണ് ഗള്‍ഫില്‍ കോവിഡ്ബാധിച്ച് മരിച്ചത്. അയ്യായിരത്തിലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. യു.എ.ഇയിൽ 13 പേർ മരിച്ചതോടെ കോവിഡ് മരണ സംഖ്യ 198. 7 പേർ മരിച്ച സൗദിയിൽ സംഖ്യ 246. 9 മരണം റിപ്പോർട്ട് ചെയ്ത കുവൈത്തിൽ എണ്ണം 68.

ഖത്തറിലും ഒരാൾ മരിച്ചിട്ടുണ്ട്. രണ്ടു മലയാളികളും ഇന്നലെ കോവിഡിന് കീഴടങ്ങി. കോഴിക്കോട് ഇരിങ്ങണ്ണൂർ മംഗലശേരി ഹൗസിൽ എടച്ചരി കുന്നത്ത് ഫൈസലാണ് ദുബൈയിൽ മരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് ചികിൽസയിലായിരുന്നു 46 കാരനായ ഫൈസൽ. സൗദിയിലാണ് മറ്റൊരു മലയാളി മരണം. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ ദമ്മാം അല്‍മനാ ജനറല്‍ ആശുപത്രിയിലാണ് മരിച്ചത്. വയസ് 52.

മരണസംഖ്യയും രോഗവ്യാപനവും ഉയരുന്നത് കുവൈത്ത് ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും നടുക്കമായി. സൗദിയിൽ പുതിയ രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് നീങ്ങുകയാണ്. കുവൈത്തിലും ഖത്തറിലും ആയിരത്തിനും മുകളിലാണ് പുതിയ കേസുകൾ. സമൂഹ വ്യാപനം സംബന്ധിച്ച ആശങ്കയും ചില രാജ്യങ്ങളിലെങ്കിലും ഭീതി പടർത്തുന്നുണ്ട്. അതേസമയം കോവിഡ് രോഗം പൂർണമായി സുഖപ്പെട്ടവരുടെ എണ്ണം കാൽലക്ഷമായി ഉയർന്നു.

കടുത്ത നിയന്ത്രണങ്ങൾക്കിടയിലും രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ കുവൈത്തിൽ ഈ മാസാവസാനം വരെ സമ്പൂർണ കർഫ്യൂ നിലവിൽ. കൂടുതൽ ഫീൽഡ് ആശുപത്രികളും ക്വാറന്റൈന്‍ കേന്ദ്രങ്ങളും സംവിധാനിക്കുന്ന തിടുക്കത്തിലാണ് രാജ്യങ്ങൾ.