International

ആശ്വാസ തീരത്ത് ചൈന; കോവിഡ് മരണങ്ങളില്ലാതെ ഒരു മാസം

നവംബര്‍ 17നായിരുന്നു ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈന സാധാരണ നിലയിലേക്ക് എത്തിയതിനു ശേഷം കോവിഡ് മരണമില്ലാതെ ഒരു മാസം തികയുകയാണ്. നവംബര്‍ 17നായിരുന്നു ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആഫ്രിക്കയെ സംബന്ധിച്ച് ലോകാരോഗ്യസംഘടന ആശങ്ക അറിയിച്ചിട്ടുണ്ട്.

ആഫ്രിക്കയില്‍ ഒരു വര്‍ഷത്തിനകം ഒരു ബില്യണ്‍ പേരെ കോവിഡ് ബാധിക്കുമെന്ന് ഡബ്ള്യൂ.എച്ച്.ഒ മുന്നറിയിപ്പ് നല്‍കുന്നു. ഓസ്ട്രേലിയയില്‍ പ്രതിദിനം 18ല്‍ താഴെ മാത്രമേ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളു. ഓസ്ട്രേലിയയില്‍ കഫേകളും ചെറിയ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ 400ല്‍ ഒരാള്‍ കോവിഡ് ബാധിതരെന്നാണ് പുതിയ സര്‍വേ. റഷ്യയ്ക്കു പിന്നാലെ കോവിഡ് രോഗബാധയുടെ ഹോട്സ്‍പോട്ടായി മാറിയ ബ്രസീലില്‍ രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു.അതേസമയം കോവിഡ് പ്രതിരോധത്തിനായി ലോക ബാങ്ക് ഇന്ത്യക്ക് ഏകദേശം 7500 കോടി രൂപ ധനസഹായം അനുവദിച്ചു.

രാജ്യത്തു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടേയും അതിഥി തൊഴിലാളികളുടേയും ക്ഷേമത്തിനായാണ് പണം അനുവദിച്ചത്. ആദ്യഘട്ടത്തിൽ 25 രാജ്യങ്ങൾക്കും പിന്നീട് 40 രാജ്യങ്ങൾക്കുമാണ് സഹായം. ഇതിന്റെ ഭാഗമായാണ് ഇന്ത്യയ്ക്ക് സഹായ ധനം അനുവദിച്ചത്. ലോകസമ്പദ് വ്യവസ്ഥയിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 6.4 ശതമാനം മുതല്‍ 9.7 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് എഡിബിയുടെ വിലയിരുത്തല്‍.