International

കുവൈത്തില്‍ താമസ കാലാവധി കഴിഞ്ഞവർക്ക് മൂന്നു മാസത്തേക്ക് വിസാ നീട്ടി നൽകി

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് വിസ കാലാവധി നീട്ടി നൽകിയത്.

കുവൈത്തിൽ താമസകാലാവധി കഴിഞ്ഞവർക്ക് മൂന്നു മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നൽകി. മെയ് 31നു വിസ കാലാവധി കഴിയുന്നവർക്കാണ് ആഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റൻഷൻ അനുവദിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് വിസ കാലാവധി നീട്ടി നൽകിയത്.

ആഭ്യന്തരമന്ത്രി അനസ അസ്സ്വാലിഹ്‌ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കോവിഡ് നിയന്ത്രണങ്ങളും സർക്കാർ ഓഫീസുകൾക്ക് അവധിയായതും പരിഗണിച്ചാണ് നടപടി. നിലവിൽ കുവൈത്തിലുള്ള വിസ കാലാവധി കഴിഞ്ഞ എല്ലാവർക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവികമായി കാലാവധി നീട്ടിക്കിട്ടും. ഇളവ് സന്ദർശക വിസയിൽ എത്തിയവർക്കും ബാധകമാണ്. നേരത്തെ മാർച്ച് ഒന്നുമുതൽ മൂന്ന് മാസം സ്വാഭാവികമായ എക്സ്റ്റെൻഷൻ അനുവദിച്ചിരുന്നു. പുതിയ ഉത്തരവിലൂടെ ഇത് മൂന്നുമാസം കൂടി നീട്ടി നൽകിയിരിക്കുകയാണ്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനസർവീസ് നിർത്തലാക്കിയത്‌ മൂലം സന്ദർശക വിസയിലെത്തിയ നിരവധി പേരുടെ തിരിച്ചു പോക്ക് മുടങ്ങിയിരുന്നു. വിസ കാലാവധി കഴിഞ്ഞതിനു ശേഷമുള്ള ഓരോ ദിവസത്തിനും പിഴ ഒടുക്കേണ്ടി വരുമെന്ന ആശങ്കയിലായിരു ഇവർ. ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ തീരുമാനം മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ആശ്വാസം പകരുന്നതാണ്