India National Religious

ക്വാറന്‍റൈനില്‍ കഴിയുന്ന അഞ്ഞൂറോളം മുസ്‍ലിംകള്‍ക്ക് അത്താഴവും ഇഫ്താറും ഒരുക്കി ക്ഷേത്ര കമ്മിറ്റി

മാനവികതയുടെയും ഐക്യത്തിന്‍റെയും സന്ദേശം പകര്‍ന്ന് ജമ്മു കശ്മീര്‍ കത്രയിലെ വൈഷ്ണദേവി ക്ഷേത്രം. റമദാനില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന അഞ്ഞൂറോളം മുസ്‍ലിംകള്‍ക്ക് ഇഫ്താറും അത്താഴ വിരുന്നുമാണ് ഈ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് 19 വ്യാപനത്തോടെ കത്രയിലെ ആശിര്‍വാദ് ഭവന്‍ ക്വാറന്‍റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമയത്താണ് മുസ്‍‍ലിംകള്‍ക്ക് സഹായവുമായി ക്ഷേത്ര അധികാരികള്‍ രംഗത്തുവന്നത്. 500 പേര്‍ക്കുള്ള താമസസൌകര്യവും ക്ഷേത്രം ഒരുക്കിയിട്ടുണ്ട്.

ആശിര്‍വാദ് ഭവനില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന മിക്കവരും റമദാന്‍ മാസം നോമ്പ് അനുഷ്ഠിക്കുന്ന തൊഴിലാളികളാണ്. അത് കൊണ്ടാണ് ഇവര്‍ക്ക് അത്താഴവും ഇഫ്താറും ഒരുക്കാന്‍ തീരുമാനിച്ചതെന്ന് ക്ഷേത്ര ബോര്‍ഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രമേശ് കുമാര്‍ അറിയിച്ചു.

ഇവിടെ ക്വാറന്‍റൈനില്‍ കഴിയുന്ന മിക്ക തൊഴിലാളികളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. എണ്‍പത് ലക്ഷത്തിനടുത്ത് തുകയാണ് ഭക്ഷണത്തിന് വേണ്ടി മാത്രം ക്ഷേത്രം കഴിഞ്ഞ മാര്‍ച്ച് 20 മുതല്‍ ചിലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നര ലക്ഷത്തിനടുത്താണ് ക്ഷേത്രത്തിന് ആകെ വരുന്ന ചിലവ്.