India National

പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 60 ശതമാനത്തില്‍

അൺലോക്ക് രണ്ടാം ഘട്ടം ഇന്നു മുതൽ നിലവിൽ വന്നു. കണ്ടെയ്‍ന്‍‍മെൻറ് സോണുകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരും. രാത്രികാല കർഫ്യുവിന്‍റെ സമയം രാത്രി 10 മണി മുതൽ രാവിലെ അഞ്ച് മണി വരെയാക്കി കുറച്ചിട്ടുണ്ട്.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. രോഗമുക്തി നിരക്ക് 60 ശതമാനത്തിനടുത്തെത്തി. ദേശവ്യാപകമായി ഇന്ന് മുതൽ അൺലോക്ക്- 2 പ്രാബല്യത്തിൽ വരും.

കഴിഞ്ഞ ഞായറാഴ്ച മുതലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 19,906 പേർക്കാണ് രോഗം ബാധിച്ചത്. തിങ്കളാഴ്ച 19,459 ആയി കുറഞ്ഞു. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 18,522 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,15,125 ആണ്. 3, 34,822 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 59.06 ശതമാനമായി ഉയർന്നു. ചികിത്സയിലുള്ളവരേക്കാൾ അധികം ആളുകൾ രോഗമുക്തരായി. വ്യത്യാസം 1,19,697 പേർ.

ഡൽഹി, ചുരുങ്ങിയ സമയം കൊണ്ട് ദേശീയ ശരാശരിയേക്കാൾ മുന്നിലെത്തി. 66.03 ശതമാനം പേർക്കാണ് ഡൽഹിയിൽ രോഗം മാറിയത്. രാജ്യത്ത് ആകെ രോഗബാധിതർ 5,66,840 ഉം മരണ സഖ്യ 16,893 ഉം ആയി. ഇന്ത്യയിൽ ഇതാദ്യമായി പ്രാദേശികമായി വികസിപ്പിച്ച കോവിഡ് വാക്സിൻ കോവാക്സിന് പരീക്ഷണാനുമതി കിട്ടി. ഹൈദരാബാദിലെ ഭാരത് ബയോടെക് ആണ് മരുന്ന് കണ്ടെത്തിയത്. ഐസിഎംആര്‍, നാഷ്ണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചായിരുന്നു, മരുന്ന് വികസിപ്പിച്ചത്.

മഹാരാഷ്ട്രയിൽ 245 മരണവും 4878 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. മുംബൈയിൽ 903 പേർക്ക് രോഗവും 36 മരണവും സ്ഥീരികരിച്ചു. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 262 പേർക്ക് രോഗം ബാധിക്കുകയും 36 പേർ മരണമടയുകയും ചെയ്തു. ഗുജറാത്തിൽ 620 പുതിയ കേസുകൾ മരണം 20. രാജ്യത്ത് 88 സിആര്‍പിഎഫ് ഭടന്മാർക്ക് കോവിഡ് ബാധിച്ചു.

അൺലോക്ക് രണ്ടാം ഘട്ടം ഇന്നു മുതൽ നിലവിൽ വന്നു. അന്താരാഷ്ട്ര വിമാന സർവീസുകൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയവ ജൂലായ് 31 വരെ പ്രവർത്തിക്കില്ല. കണ്ടെയ്‍ന്‍‍മെൻറ് സോണുകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരും. രാത്രികാല കർഫ്യുവിന്‍റെ സമയം രാത്രി 10 മണി മുതൽ രാവിലെ അഞ്ച് മണി വരെയാക്കി കുറച്ചിട്ടുണ്ട്.