India Social Media

“നിങ്ങളൊരു ട്രില്യൺ ഡോളർ കമ്പനിയാകാം. പക്ഷെ… ” വാട്സ്ആപ്പിനോട് സുപ്രീംകോടതി

വാട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളിൽ സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ തങ്ങൾക്ക് ഇടപെടേണ്ടി വരുമെന്ന് വാട്സ്ആപ്പിനോടും ഫേസ്ബുക്കിനോടും സുപ്രീംകോടതി. വാട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളിൽ വാട്സ്ആപ്പിനും ഫേസ്ബുക്കിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടീസയച്ചു.

വാട്സ്ആപ്പിന്റെ സേവനനിബന്ധനകൾ കഴിഞ്ഞ മാസം പുതുക്കിയിരുന്നു. ഇത് പ്രകാരം ഉപയോക്താക്കൾ തങ്ങളുടെ ബിസിനസ് സംഭാഷണങ്ങളുടെ വിവരം ഫേസ്ബുക്കുമായി പങ്കുവെക്കുമെന്ന നിർദേശം അംഗീകരിച്ചാൽ മാത്രമേ ആപ്പ് തുടർന്ന് ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ.

“നിങ്ങളൊരു ട്രില്യൺ ഡോളർ കമ്പനിയാകാം. പക്ഷെ, ജനങ്ങളുടെ അവരുടെ സ്വകര്യതക്ക് വില കൽപ്പിക്കുന്നു. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്.”- സുപ്രീംകോടതി പറഞ്ഞു.

“ജനങ്ങൾക്ക് തങ്ങളുടെ സ്വകാര്യതാ നഷ്ടത്തെക്കുറിച്ച് ആശങ്കയുണ്ട്.”- ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു. “തങ്ങൾ ആർക്കെങ്കിലും സന്ദേശം അയച്ചാൽ എല്ലാം ഫേസ്‍ബുക്കിന് കൈമാറുമെന്ന് ജനങ്ങൾ ഭയക്കുന്നു”

എന്നാൽ ഇത്തരം ഭയങ്ങൾ യാഥാർഥ്യങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നു ഫേസ്ബുക്കിനും വാട്സ്ആപ്പിനും വേണ്ടി ഹാജരായ കപിൽ സിബൽ, അരവിന്ദ് ദാടർ എന്നിവർ കോടതിയിൽ പറഞ്ഞു. വാട്സ്ആപ്പി പുതിയ സേവന നിബന്ധനകളിൽ സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.

യൂറോപ്പിനും ഇന്ത്യക്കും വെവ്വേറെ നിബന്ധനകളാണുള്ളതെന്നു പരാതിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ശ്യാം ദിവാൻ പറഞ്ഞു. എന്നാൽ യൂറോപ്പിന് പുറത്തുള്ള ലോകത്തിലെ എല്ലായിടത്തും ഒരേ നയമാണെന്നു കപിൽ സിബൽ പറഞ്ഞു. കേസിൽ നാലാഴ്ചക്ക് ശേഷം കൂടുതൽ വാദം കേൾക്കും