India

ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്; വിവാദ ഉത്തരവിനെതിരെ എസ്ബിഐക്ക് നോട്ടിസ് അയച്ച് വനിതാ കമ്മിഷന്‍

ഗര്‍ഭിണികളെ സര്‍വീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മിഷന്‍ നോട്ടിസ് അയച്ചു. മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളാണെങ്കില്‍ താത്ക്കാലിക അയോഗ്യതയെന്നാണ് എസ്ബിഐയുടെ നിലപാട്. വരുന്ന ചൊവ്വാഴ്ചയോടെ വിഷയത്തില്‍ എസ്ബിഐ വിശദീകരണം നല്‍കണമെന്നാണ് വനിതാ കമ്മിഷന്റെ നിര്‍ദേശം. ബാങ്കിന്റെ വിവാദ നടപടി മാധ്യമങ്ങളില്‍ വന്നതോടെയാണ് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്.

മൂന്നുമാസത്തില്‍ കൂടുതല്‍ ഗര്‍ഭിണിയായവര്‍ക്ക് ജോലിയും സ്ഥാനക്കയറ്റവും നിഷേധിക്കുന്നതാണ് എസ്ബിഐയുടെ വിവാദ ഉത്തരവ്. ഇത്തരക്കാര്‍ നിയമന, സ്ഥാനക്കയറ്റിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ പ്രസവശേഷം നാലുമാസം കഴിഞ്ഞ് നിയമിച്ചാല്‍ മതിയെന്നും ഗര്‍ഭിണിയല്ലെന്ന് ഉറപ്പാക്കാന്‍ വൈദ്യപരിശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം 2009ല്‍ ഗര്‍ഭധാരണം ജോലിക്ക് നിയമിക്കുന്നതിന് അയോഗ്യതയല്ലെന്ന് എസ്ബിഐ തന്നെ ലോക്കല്‍ ഓഫിസുകള്‍ക്ക് നിര്‍ദേശം സര്‍ക്കുലര്‍ അയച്ചിരുന്നു. ആറുമാസം ഗര്‍ഭിണിയായാലും ജോലിയില്‍ പ്രവേശിക്കാമെന്നായിരുന്നു സര്‍ക്കുലര്‍. ഇതിന് വിരുദ്ധമായാണ് പുതിയ ഉത്തരവ്.