India Kerala Uncategorized

ലോക്സഭയില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും അവസരം; സി.പി.എം ആലോചിക്കുന്നു

ലോക്സഭയില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് വിജയ സാധ്യത പരിഗണിച്ച് വീണ്ടും അവസരം നല്‍കുന്നതിനെ കുറിച്ച് സി.പി.എം ആലോചിക്കുന്നു. ആറ്റിങ്ങല്‍,പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ട് വരുന്നതിനേക്കാള്‍ നല്ലത് നിലവിലുള്ളവര്‍ തുടരുന്നതാണെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. പാര്‍ട്ടിയുടെ ഉറച്ച കോട്ടകളില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് മാറ്റമുണ്ടായേക്കും. എന്നാല്‍ പ്രകാശ് കാരാട്ട് അടക്കമുള്ള കേന്ദ്രനേതാക്കളെ കേരളത്തില്‍ മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ നേതൃത്വം തള്ളിക്കളയുന്നു.

സംസ്ഥാനം ഭരിക്കുമ്പോള്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ അതിന്റെ പഴി സര്‍ക്കാരിന് കേള്‍ക്കേണ്ടി വരുമെന്ന വസ്തുത ഒരു വശത്ത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ ജനവികാരമില്ലെന്ന തെളിയിക്കേണ്ട ബാധ്യത മറുവശത്ത്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു പരീക്ഷണത്തിന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തയ്യാറായേക്കില്ല. അതുകൊണ്ട് തന്നെ രണ്ട് തവണ ലോക്സഭയില്‍ എത്തിയവരെ വീണ്ടും മത്സരിപ്പിക്കണ്ടെന്ന ധാരണ ശക്തമായ നടപ്പാക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. പാലക്കാട് ബി.ജെ.പി ശക്തിപ്പെടുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ അനൂകൂല സാഹചര്യമുള്ള എം.ബി രാജേഷിന് മൂന്നാമത് ഒരവസരം കൂടി നല്‍കിയേക്കും. ആറ്റിങ്ങല്‍ എ.സമ്പത്തിന്റെ കാര്യത്തിലും സമാനമായ അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. പി.കെ ശ്രീമതി തന്നെ കണ്ണൂരില്‍ നിന്ന് സ്ഥാനാര്‍ത്ഥി ആയേക്കും. വടകരയിലും ടീച്ചറിന്റെ പേര് പരിഗണിക്കുന്നുണ്ട്എന്നാല്‍ ആലത്തൂരില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയ പി.കെ ബിജുവിന് വീണ്ടും അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ആലത്തൂരില്‍ കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്റെ പേരാണ് പരിഗണിക്കുന്നത്. പാര്‍ട്ടി വിജയിക്കുമെന്ന് കണക്ക് കൂട്ടുന്ന കാസര്‍കോട് പി.കരുണാകരന് വീണ്ടും അവസരം നല്‍കാനുള്ള സാധ്യതയില്ല. വി.പി.പി മുസ്തഫ,കെ.പി സതീശ് ചന്ദ്രന്‍ എന്നിവരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. അതേസമയം പി.ബിയില്‍ നിന്ന് പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും മത്സരിക്കുമെന്ന വാര്‍ത്തകള്‍ സി.പി.എം സംസ്ഥാന നേതൃത്വം തള്ളിക്കളയുന്നുണ്ട്.