India Social Media

അഞ്ച് ലക്ഷം സൈബര്‍ പോരാളികളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്; ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി

സജീവമായി സ്വാധീനം ചെലുത്തുന്ന ബി.ജെ.പിയുടെ സൈബര്‍ ആര്‍മികളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച്​ ലക്ഷം സൈബർ പോരാളികളെ സൃഷ്​ടിക്കാന്‍ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തെത്തിയത്​.

സമൂഹ മാധ്യമങ്ങളിലെ കരുത്ത് കൂട്ടാന്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്. സൈബര്‍ സ്പേസുകളില്‍ നടക്കുന്ന പ്രചരണങ്ങളിലും വാദപ്രതിവാദങ്ങളിലും കൂടുതല്‍ ആധിപത്യം കൊണ്ടുവരാന്‍ കഴിയുന്ന നിലക്ക് സൈബര്‍ പോരാളികളെ രംഗത്തിറക്കാന്‍ ആണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിനായി അഞ്ച് ലക്ഷം സൈബര്‍ പോരാളികളെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ ഏറ്റവുമധികം രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന വേദികളിലൊന്നാണ് സമൂഹമാധ്യമങ്ങള്‍. അവിടെ സജീവമായി സ്വാധീനം ചെലുത്തുന്ന ബി.ജെ.പിയുടെ സൈബര്‍ ആര്‍മികളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച്​ ലക്ഷം സൈബർ പോരാളികളെ സൃഷ്​ടിക്കാന്‍ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തെത്തിയത്​. ഇതിനായി ‘ജോയിൻ കോൺഗ്രസ്​ സോഷ്യൽ മീഡിയ’ എന്ന ഹാഷ്‍ടാഗും സൃഷ്ടിച്ചിട്ടുണ്ട്.

ബി.ജെ.പിയെ പ്രതിരോധിക്കാനും പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമായി സൈബര്‍ പോരാളികള്‍ക്കുള്ള റിക്രൂട്ട്മെന്‍റ് ക്യാമ്പയിന് തുടക്കമിട്ടത് രാഹുല്‍ഗാന്ധിയാണ്. ‘ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പോരാടുന്നതിന് തന്‍റെ പാര്‍ട്ടിയുടെ ‘ആര്‍മി ഓഫ് ട്രൂത്തി’ല്‍ ചേരാന്‍ രാജ്യത്തെ യുവതയെ ക്ഷണിക്കുന്നു’ രാഹുല്‍ ട്വീറ്റ് ചെയ്തു. ‘പെയ്​ഡ്​ ട്രോൾ ആർമി’രാജ്യത്ത്​ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും അതിനെ തടയിടേണ്ട സമയമാണിതെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

രാഹുല്‍ ഗാന്ധി പങ്കുവെച്ച വീഡിയോയില്‍ നിന്ന്

”എന്താണ്​ നടക്കുന്നതെന്ന് നിങ്ങൾക്ക്​ കാണാൻസാധിക്കും​. നിങ്ങളുടെ സ്​കൂളുകളിൽ, കോളേജുകളിൽ, സർവകലാശാലകളിൽ എന്താണ് നടക്കുന്നത്..?​ നിങ്ങൾക്ക്​ കാണാം. ഇന്ത്യയെന്ന ആശയത്തിന്​ നേരെയാണ് ആക്രമണം നടക്കുന്നത്. ഡൽഹിക്ക്​ പുറത്തേക്ക്​ നോക്കൂ, കർഷകർക്ക്​ എന്താണ്​ സംഭവിക്കുന്നതെന്ന്​ നിങ്ങൾക്ക്​ കാണാന്‍ സാധിക്കും. രാജ്യത്ത് നടക്കുന്ന ഈ യുദ്ധത്തി​ന്‍റെ ന​ട്ടെല്ല്​ ട്രോൾ ആർമികളാണ്​. പുരോഗമന മൂല്യങ്ങളും സമാധാനവും സഹാനുഭൂതിയും ഒത്തൊരുമയും സ്​നേഹവും സംരക്ഷിച്ചു നിർത്താൻ നമുക്കും സൈബര്‍ പോരാളികള്‍ ആവശ്യമാണ്. ഇത് സത്യത്തിന്‍റെ സേനയാണ്​​. ഇന്ത്യയെന്ന ആശയത്തിന്​ പ്രതിരോധം തീർക്കുകയാണ്​ ഈ സേനയുടെ ലക്ഷ്യം” രാഹുൽ കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസിന്‍റെ ഐ.ടി സെല്ലില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്നതിനായി ഹെല്‍പ്പ്‌ലൈന്‍ നമ്പറും സാമൂഹിക മാധ്യമ പേജുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാമര്‍ശിച്ചിട്ടുണ്ട്.