India Kerala

സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിന് വന്നു?; വനംവകുപ്പിന്റെ വാഹനം തകര്‍ത്ത് നാട്ടുകാര്‍; ടി സിദ്ദിഖ് എംഎല്‍എയ്‌ക്കെതിരെയും രോഷം

വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടില്‍ വന്‍ ജനരോഷം. പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തകര്‍ത്തു. ആളുകള്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് വന്നതെന്ന് ചോദിച്ചായിരുന്നു നാട്ടുകാരുടെ പ്രതികരണം.

ജീപ്പിന്റെ കാറ്റഴിച്ച് വിട്ട നാട്ടുകാര്‍ ജീപ്പിന് മുകളില്‍ റീത്തും വച്ചു. വാഹനത്തിന്റെ ഷീറ്റ് അടക്കം നശിപ്പിച്ചപ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ അകത്ത് തന്നെ ഇരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വെള്ളയും വെള്ളയും ഇട്ട് വരുന്നതെന്നായിരുന്നു വിമര്‍ശനം. ജില്ലയെ അവഗണിക്കുന്ന വനംമന്ത്രിയെ ലക്കിടിയില്‍ തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു.

വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. റവന്യു, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം ചേരുക.