World

ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ പണം നല്‍കിയ കേസില്‍ ട്രംപിനെ കുടുക്കിയ അമേരിക്കന്‍ രതിചിത്ര നടി

വിവാഹേതര ബന്ധം രഹസ്യമാക്കി വയ്ക്കുന്നതിന് രതിചിത്ര നടി സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയ കേസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിചാരണ അടുത്തമാസം 25ന് ആരംഭിക്കും. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് ക്രിമിനല്‍ വിചാരണ നേരിടുന്നത്. ആരാണ് ട്രംപിനെ കുടുക്കിയ സ്റ്റോമി ഡാനിയേല്‍സ്?

പത്രപ്രവര്‍ത്തകയാകാനായിരുന്നു ലൂസിയാനയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച സ്റ്റെഫാനി ഗ്രിഗറിയുടെ മോഹം. പക്ഷേ പതിനേഴാം വയസ്സില്‍ യാദൃച്ഛികമായി സുഹൃത്തിനൊപ്പം സ്ട്രിപ്പ് ക്ലബിലെത്തിയ സ്റ്റെഫാനി ആദ്യമായി നഗ്നനൃത്തം അവതരിപ്പിച്ചു. പിന്നീട് അതൊരു തൊഴിലാക്കി. പ്രശസ്തയായതോടെ സ്റ്റോമി ഡാനിയേല്‍സ് എന്നു പേരുമാറ്റി. രതിചിത്ര സിനിമകളില്‍ തിളങ്ങി. 2010 ഏപ്രില്‍ ആറിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച് ലൂസിയാനയില്‍ പ്രചാരണം ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ മത്സരരംഗത്ത് നിന്നും പിന്മാറി.

2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് സ്റ്റോമി ഡാനിയേല്‍സുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നു. ഈ ബന്ധം നിഷേധിക്കുന്നതിനായി ട്രംപിന്റെ അഭിഭാഷകന്‍ മൈക്കിള്‍ കോഹന്‍ സ്റ്റോമിക്ക് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. ക്രിമിനല്‍ വിചാരണ ഒഴിവാക്കണമെന്ന ട്രംപിന്റെ അപേക്ഷ തള്ളിയ ജസ്റ്റിസ് യുവാന്‍ മെര്‍ച്ചന്‍ കഴിഞ്ഞ ദിവസം ട്രംപിന്റെ വിചാരണ തീയതി തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 25നാണ് ട്രംപിന്റെ ക്രിമിനല്‍ വിചാരണ ആരംഭിക്കുന്നത്.