India Kerala

അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് ബി.ജെ.പിയില്‍ ഗ്രൂപ്പ് വടംവലി ശക്തം

സംസ്ഥാന അധ്യക്ഷസ്ഥാനം പദവി ലക്ഷ്യമിട്ട് ബി.ജെ.പിയില്‍ ഗ്രൂപ്പ് വടം വലി ശക്തമായി. കെ.സുരേന്ദ്രന് വേണ്ടി വി.മുരളീധരനാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നീക്കങ്ങള്‍ നടത്തുന്നത്. ആര്‍.എസ്.എസ് പിന്തുണയോടെ എം.ടി രമേശിന് വേണ്ടിയും നീക്കങ്ങള്‍ നടക്കുന്നുണ്ട്. പാർട്ടി പറഞ്ഞാൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരൻ മീഡിയവണിനോട് പറഞ്ഞു.

പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുരേന്ദ്രന്റെ പേരുയർത്തി ഡൽഹി കേന്ദ്രീകരിച്ച് വി.മുരളീധരനാണ് പ്രവർത്തിക്കുന്നത്. കേന്ദ്രമന്ത്രിയുടെ സ്വാധീനം കുരേന്ദ്രന് ഗുണം ചെയ്യുമെന്നാണ് മുരളീധര വിഭാഗത്തിന്റെ പ്രതീക്ഷ. എന്നാൽ ആർ.എസ്.എസ് പിന്തുണയോടെയാണ് എം.ടി രമേശിനു വേണ്ടിയുള്ള വടംലവലി. ശോഭ സുരേന്ദ്രന്റെ പേരും ദേശീയ നേതൃത്വം പരിഗണനയിലുണ്ട്. എന്നാൽ പാർട്ടി ആവശ്യപ്പെട്ടപ്പോഴെല്ലാം താൻ വിധേയനായിട്ടുണ്ടെന്നും ഇനിയും അതിന് സന്നദ്ധനാണെന്നും കുമ്മനം മീഡിയവണിനോട് പറഞ്ഞു.

പുതിയ അധ്യക്ഷനെച്ചൊല്ലി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് പോര് മൂർച്ഛിച്ചാൽ സമവായമെന്ന നിലയില്‍ കുമ്മനത്തെ പരിഗണിച്ച് ഗ്രൂപ്പിന് തടയിടാനും സാധ്യത കൂടുതലാണ്.

അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യതയുള്ള ഒരുപാട് പേര്‍ സംസ്ഥാനത്തെ ബി.ജെ.പി നിരയിലുണ്ടെന്ന് ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഉചിതമായ തീരുമാനം ദേശീയ നേതൃത്വമെടുക്കുമെന്ന് ശോഭ പാലക്കാട് പറഞ്ഞു.