India Kerala

ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കയച്ച ലോകായുക്താ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു; സംസ്ഥാന സര്‍ക്കാരിന് നേട്ടം

ലോകായുക്താ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോകായുക്ത ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് അയച്ചതിലാണ് ഇപ്പോള്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കി അയച്ച ലോകായുക്തയുമായി ബന്ധപ്പെട്ട നിലപാട് അംഗീകരിക്കപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാകുകയാണ്. സെക്ഷന്‍ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്.

ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ഈ ഹര്‍ജി പരിഗണിക്കുന്നതിന്റെ തലേന്ന് ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിയ്ക്ക് അയയ്ക്കുകയുമായിരുന്നു. ലോകായുക്ത ഉള്‍പ്പെടെ ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടിരുന്നത്.ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കയച്ച ബില്ലുകളില്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ബില്ലാണ് ലോകായുക്ത ഭേദഗതി ബില്‍.

ലോകായുക്തയുടെ വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി.ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 2022 ഓഗസ്റ്റിലാണ് ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കിയത്.